സാംകറനെ അടിച്ചു പറത്തി ഓസീസിന് വിജയം സമ്മാനിച്ച് ട്രാവിസ് ഹെഡ്. സതാംപ്ടണില്‍ നടന്ന ആദ്യ ട്വന്‍റി20യിലാണ് ഒറ്റ ഓവറില്‍ 4,4,6,6,6,4 എന്നിങ്ങനെ 30 റണ്‍സ് ട്രാവിസ് അടിച്ചു കൂട്ടിയത്. ട്രാവിസിന്‍റെ വെടിക്കെട്ട് തുടക്കം സഹതാരങ്ങള്‍ ഏറ്റെടുത്തതോടെ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20യിലെ ആദ്യ ജയം ഓസീസിന്. 179 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 151 റണ്‍സില്‍ ഒതുങ്ങി. ഓസീസിന് 28 റണ്‍സ് ജയം.
ഓസീസ് ഓപ്പണര്‍മാര്‍ നിലയുറപ്പിക്കുന്നുവെന്ന് തോന്നിയതോടെ ആര്‍ച്ചര്‍ക്ക് പകരം അഞ്ചാം ഓവറില്‍ സാം കറന്‍ എത്തി. മറുവശത്ത് ട്രാവിസ് ഹെഡ്.. ആദ്യ രണ്ട് പന്തുകള്‍ അനായാസം ബൗണ്ടറി ലൈന്‍ കടന്നു. പിന്നാലെ ഹാട്രിക് സിക്സര്‍. ഒടുവിലതാ വീണ്ടും ബൗണ്ടറി പറത്തി ഓവര്‍ പൂര്‍ത്തിയാക്കലും. നാല് സിക്സും എട്ട് ഫോറുമുള്‍പ്പടെ 59 റണ്‍സാണ് (23 പന്ത്) ട്രാവിസ് നേടിയത്. ഉറച്ച പിന്തുണയുമായി അപ്പുറത്ത് മാത്യു ഷോട്ടുമെത്തിയതോടെ ഓസീസിന് മികച്ച തുടക്കം. ആറ് ഓവറില്‍ ഓപ്പണര്‍മാര്‍ 86 റണ‍്സ് അടിച്ചുകൂട്ടി. 179 റണ്‍സെന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് മുന്നില്‍ ഓസീസ് വച്ചത്.
മറുപടി ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 52 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ലിയാം ലിവിങ്സ്റ്റണും സാം കറനും പിടിച്ചു നില്‍ക്കാന്‍ നോക്കിയെങ്കിലും ആദം സാംപ (2/20)യും ഹേസല്‍വുഡും (2/32) നിര്‍ത്തിപ്പൊരിച്ചു. 151 റണ്‍സെടുക്കാനെ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളൂ. നാളെ കാര്‍ഡിഫിലാണ് രണ്ടാം ട്വന്‍റി20.