ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ സഹകളിക്കാര്‍ക്ക് വെള്ളം നല്‍കാന്‍ മാത്രമേ ഗ്രൗണ്ടിലിറങ്ങാനാകു എന്ന് ഇന്ത്യയുടെ സൂപ്പര്‍പേസര്‍ മുഹമ്മദ് ഷമി. ലോകകപ്പ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലായിരുന്നു നര്‍മം കലര്‍ത്തിയുള്ള ഷമിയുടെ തുറന്നുപറച്ചില്‍. താനൊരിക്കലും ക്യാപ്റ്റന്‍റെയോ കോച്ചിന്‍റെയോ ഫസ്റ്റ് ചോയിസായിട്ടില്ലെന്നും പക്ഷേ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെ തന്നെ ഒഴിവാക്കാനാവാത്ത സ്ഥിതിയുണ്ടായെന്നതാണ് സത്യമെന്നും ഷമി പറഞ്ഞു.
തന്‍റെ ലോകകപ്പ് പ്രകടനങ്ങളില്‍ സ്ഥിരമായൊരു പാറ്റേണ്‍ കാണാമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍ ടീമില്‍ പ്രാമുഖ്യം ലഭിച്ചില്ലെങ്കിലും സവിശേഷ സാഹചര്യങ്ങളില്‍ ടീമെത്തിപ്പെടുമ്പോള്‍ നിര്‍ണായക പ്രകടനം നടത്താനായിട്ടുണ്ടെന്നും ഈ പ്രകടനങ്ങള്‍ ആരാധകരുടെ സ്നേഹവായ്പുകളേറ്റ് വാങ്ങാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും ഷമി പറഞ്ഞു. 'ആദ്യപരിഗണനയില്‍ ഇല്ലാത്തതുമായി ഞാനെന്നോ പൊരുത്തപ്പെട്ടിരുന്നു. 2015,19,2023 എല്ലാ ലോകകപ്പിലും ഒരേ തുടക്കമായിരുന്നു. പക്ഷേ ക്യാപ്റ്റനും കോച്ചും വിശ്വസിച്ച് എന്ന് പന്തേല്‍പ്പിച്ചിട്ടുണ്ടോ അന്നെല്ലാം ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്'..ഷമിയുടെ വാക്കുകള്‍ ദ്രാവിഡിലും രോഹിതിലും ചിരി പടര്‍ത്തി.
'എന്‍റെ നേട്ടങ്ങള്‍ കഠിനാധ്വാനത്തിന്‍റെ ഫലമാണെന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ ഞാനെന്നും ഒരവസരം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. അവസരം നല്‍കിയാല്‍ മാത്രമേ എനിക്ക് കഴിവ് തെളിയിക്കാന്‍ പറ്റുകയുള്ളൂ'. അല്ലെങ്കില്‍ ബെഞ്ചിലിരുന്നിട്ട്, ഇടയ്ക്കിടയ്ക്ക് വെള്ളം കൊടുക്കാന്‍ ഗ്രൗണ്ടിലിറങ്ങാം. അവസരം കിട്ടുമ്പോള്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയാണ് തന്‍റെ രീതിയെന്നും ഷമി കൂട്ടിച്ചേര്‍ത്തു.