അംപയറുടെ തെറ്റായ തീരുമാനത്തിൽ രോക്ഷാകുലനായി വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്‍വെയ്റ്റ്. മാക്സ്60 കരീബിയൻ ലീഗിലാണ് ബ്രാത്ത്‍വെയ്റ്റ് ഹെൽമറ്റ് അടിച്ച് ബൗണ്ടറി കടത്തിയത്. ന്യൂയോർക്ക് സ്ട്രൈക്കേഴ്സും ഗ്രാൻഡ് കേമാൻ ജാഗ്വാർസ് തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തിനിടെ ജോഷ്വ ലിറ്റിൽ എറിഞ്ഞ പന്ത് ബ്രാത്‍വെയ്റ്റിന്‍റെ തോളിൽ തട്ടി വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി. പന്ത് ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ അംപയർ ഔട്ട് വിളിച്ചതോടെയാണ് ബ്രാത്‍വെയ്റ്റ് പ്രകോപിതനായത്. ഈ സമയം 5 പന്തിൽ 7 റൺസായിരുന്നു താരം നേടിയത്. ദേഷ്യത്തോടെ കളം വിട്ട ബ്രാത്‍വെയ്റ്റ്, ഹെൽമറ്റ് ബൗണ്ടറിക്കപ്പുറത്തേക്ക് അടിച്ചുപറത്തുകയും ബാറ്റ് ഡഗ്ഗൗട്ടിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
അതേസമയം മത്സരത്തിൽ ഗ്രാൻഡ് കേമാൻ ജാഗ്വാർസിനെ എട്ട് റൺസിന് തോൽപ്പിച്ച് ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് ഫൈനലിലെത്തി. ഓഗസ്റ്റ് 25 ന് നടന്ന ഫൈനലിൽ കരീബിയൻ ടൈഗേഴ്സിനോട് ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് തോറ്റിരുന്നു. 10 ഓവറിൽ 126 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് 8.1 ഓവറിൽ 69 റൺസിന് ഓൾഔട്ടാവുകയായിരുന്നു.