രാജ്യാന്തര ക്രിക്കറ്റില്‍ ഇനി എത്ര നാള്‍ കൂടി രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും കളിക്കാനാവും എന്ന ചോദ്യത്തോട് പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിക്കുന്ന കോലിക്ക് അഞ്ച് വര്‍ഷം കൂടി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാനാവുമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ രോഹിത് ശര്‍മയ്ക്ക് രണ്ട് വര്‍ഷം കൂടി കളിക്കാനാവും എന്നാണ് ഹര്‍ഭജന്‍ സിങ്ങിന്റെ വാക്കുകള്‍.
രോഹിത്തിന് രണ്ട് വര്‍ഷം കൂടി കളിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. വിരാട് കോലിയുടെ ഫിറ്റ്നസ് നിങ്ങള്‍ക്കറിയാമല്ലോ. അഞ്ച് വര്‍ഷം കൂടി കോലിക്ക് മത്സരിക്കാനിറങ്ങാന്‍ സാധിക്കും. ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള താരം കോലിയാണ്. ഫിറ്റ്നസിന്റെ കാര്യത്തില്‍ 19 വയസുകാരനുമായി മത്സരിച്ചാലും കോലി ജയിക്കും, ഹര്‍ഭജന്‍ പറയുന്നു.
കോലിക്കും രോഹിത്തിനും ഇനിയും ഒരുപാട് ക്രിക്കറ്റ് കളിക്കാനാവും. എപ്പോള്‍ കളി അവസാനിപ്പിക്കണം എന്നത് അവരുടെ തീരുമാനമാണ്. അവര്‍ക്ക് പെര്‍ഫോം ചെയ്യാന്‍ സാധിക്കുകയും ടീം ജയിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് കളി തുടരാം. അത്രയും ലളിതമാണ് കാര്യം, ഹര്‍ഭജന്‍ പറയുന്നു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ ഈ രണ്ട് പേരും കുറച്ച് കൂടുതല്‍ നാള്‍ കളിക്കേണ്ടതുണ്ട്. പരിചയസമ്പത്ത് എന്നത് ഏത് ഫോര്‍മാറ്റിലും നിര്‍ണായക ഘടകമാണ്. പുതുതലമുറയിലെ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ ഈ പരിചയസമ്പത്തുള്ള കളിക്കാര്‍ ടീമിലുണ്ടാവണം. മികച്ച പ്രകടനം പുറത്തെടുക്കുന്നില്ല എന്ന് കണ്ടാല്‍ സെലക്ടര്‍മാര്‍ക്ക് ടീമില്‍ നിന്ന് ഒഴിവാക്കാം. അതിന് സീനിയറാണോ ജൂനിയറാണോ എന്നതൊന്നും നോക്കേണ്ടതില്ലെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.