ipl

TOPICS COVERED

ഐപിഎൽ മെഗാ ലേലത്തിനെതിരെ ഫ്രാഞ്ചൈസി യോഗത്തിൽ പ്രതിഷേധം. 10 ഐപിഎൽ ടീം ഉടമകൾ ബിസിസിഐ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഉടമകൾ തമ്മിൽ പരസ്പരം തർക്കമുണ്ടാകുന്ന അവസ്ഥയുണ്ടായതായാണ് റിപ്പോർട്ട്.  ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്ന് ചില ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ടു. കൊൽക്കത്ത, ഹൈദാരാബാദ് ഫ്രാഞ്ചൈസികളാണ് മെഗാ ലേലത്തിനെതിരെ സംസാരിച്ചത്. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചൈസി ഉടമയായ ഷാരൂഖ് ഖാനാണ് മെഗാ ലേലത്തിനെതിരെ രൂക്ഷമായി സംസാരിച്ചത്. ഒരുവേള പഞ്ചാബ് കിങ്സിൻറെ സഹ ഉടമയായ നെസ് വാഡിയയും ഷാരൂഖും തമ്മിൽ തർക്കമുണ്ടായി. എന്നാൽ യോഗ ശേഷം വാഡിയ ഇക്കാര്യം നിഷേധിച്ചു. അതേസമയം ഷാറൂഖിന് പിന്തുണയുമായി സൺറൈസേഴ്സ് ഹൈദാരാബാദ് ഉടമ കാവ്യ മാരൻ രംഗത്തെത്തി. മെഗാ ലേലത്തേക്കാൾ  എല്ലാ വർഷവും മിനിലേലം നടത്തുന്നതിനായാണ് ഹൈദരാബാദ് ഫ്രാഞ്ചൈസി വാദിച്ചത്. ഐപിഎൽ 2024 സീസണിലെ ഫൈനലിസ്റ്റുകളായ ഇരു ടീമുകൾക്കും മികച്ച താരങ്ങളെ നിലനിർത്തേണ്ടുണ്ട്. 

'ഒരു ടീം ഉണ്ടാക്കാൻ വളരെ സമയമെടുക്കും, പുതിയ കളിക്കാർ പക്വത പ്രാപിക്കാൻ സമയവും നിക്ഷേപവും ആവശ്യമുണ്ട്. അഭിഷേക് ശർമ്മ  പ്രകടനത്തിൽ സ്ഥിരത പുലർത്താൻ മൂന്ന് വർഷമെടുത്തു. മറ്റ് ടീമുകളിലും അത്തരം നിരവധി ഉദാഹരണങ്ങളുണ്ട്' കാവ്യ മരാൻ പറഞ്ഞു. അധിക ബാറ്ററെയും ബൗളറെയും അനുവദിക്കുന്ന ഇംപാക്ട് പ്ലെയർ റൂളിന് എതിരെയും വാദങ്ങളുയർന്നു. 

ലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ എത്താത്ത താരങ്ങളെ വിലക്കണമെന്നും കാവ്യമാരൻ ആവശ്യപ്പെട്ടു.  ലേലത്തിൽ പങ്കെടുത്ത് വിറ്റു പോയ ശേഷം കളിക്കാൻ വരാത്ത താരങ്ങൾ പലരുമുണ്ട്. പരിക്കൊഴിച്ച് ഇത്തരം താരങ്ങളെ വിലക്കണം എന്നാണ് ഹൈ​ദരാബാദ് ഫ്രാഞ്ചൈസി ഉടമ പറഞ്ഞത്. ഒപ്പം ടീമുകൾക്ക് നിലനിർത്താവുന്ന വിദേശതാരങ്ങളുടെ എണ്ണത്തിനുള്ള പരിധി നീക്കണമെന്നും കാവ്യ ആവശ്യപ്പെട്ടു. നിലവിൽ രണ്ടു വിദേശ താരങ്ങളെ നിലനിർത്താൻ ബിസിസിഐ അനുവദിക്കുന്നത്. 

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ ഓഫീസിൽ നടന്ന യോ​ഗത്തിൽ 10 ഫ്രാഞ്ചൈസി ഉടമകളാണ് യോ​ഗത്തിനെത്തിയത്. ഷാരൂഖ് ഖാൻ, കാവ്യ മാരൻ എന്നിവരെ കൂടാതെ ഡൽഹി ക്യാപിറ്റൽസ് ഉടമ കിരൺ കുമാർ ​ഗാന്ധി, ലഖ്നൗ സൂപ്പർ ജെയന്റസ് ഉടമ സഞ്ജീവ് ​ഗോയങ്കെ, ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാ​ഗത്ത് നിന്ന് രൂപ ​ഗുരുനാഥ്, രാജസ്ഥാന്റെ മനോജ് ബാഡ്ലെ എന്നിവരും യോ​ഗത്തിനെത്തി. മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനി ഓൺലൈനായി യോ​ഗത്തിൽ പങ്കെടുത്തു. 

ENGLISH SUMMARY:

IPL team owners debate over mega auction at franchise meeting