ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി20യില്‍ ബാറ്റിങ്ങില്‍ തിളങ്ങാന്‍ റിയാന്‍ പരാഗിനായിരുന്നില്ല. 6 പന്തില്‍ നിന്ന് ഏഴ് റണ്‍സുമായി നില്‍ക്കെ മതീഷയുടെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങി റിയാന്‍ മടങ്ങി. എന്നാല്‍ ബോളിങ്ങിലേക്ക് വന്നപ്പോള്‍ 5 ഡെലിവറിക്കിടെ 3 വിക്കറ്റ് എടുത്താണ് റിയാന്‍ തിളങ്ങിയത്. തന്റെ ബോളിങ് മികവിന് പിന്നില്‍ പരിശീലകന്‍ ഗൗതം ഗംഭീറാണെന്നായിരുന്നു ആദ്യ ട്വന്റി20ക്ക് പിന്നാലെ റിയാന്റെ വാക്കുകള്‍.
24 പന്തില്‍ നിന്ന് ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 56 റണ്‍സ് വേണ്ട സമയം. മുഹമ്മദ് സിറാജിനും അര്‍ഷ്ദീപ് സിങ്ങിനും രണ്ട് ഓവര്‍ വീതം ബാക്കിയുണ്ടായ സമയത്തും റിയാന്‍ പരാഗിന്റെ കൈകളിലേക്കാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ പന്ത് നല്‍കിയത്. ആറ് വിക്കറ്റുകള്‍ ആ സമയം ശ്രീലങ്കയുടെ കൈകളിലുണ്ടായിരുന്നു. 1.2 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങിയാണ് റിയാന്‍ മൂന്ന് വിക്കറ്റ് പിഴുതത്. 17ാം ഓവറിലെ നാലാമത്തെ പന്തില്‍ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റ്. ഇന്നിങ്സിന്റെ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് വീഴ്ത്തി റിയാന്‍ ലങ്കന്‍ ഇന്നിങ്സിന് തിരശീലയിട്ടു.
ബോള്‍ ചെയ്യുന്നത് എനിക്കിഷ്ടമാണ്. എങ്ങനെ ബോള്‍ ചെയ്യണം, എവിടേക്ക് ബോള്‍ ചെയ്യണം എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നെറ്റ്സിലെ പരിശീലനത്തിന് ഇടയില്‍ നടന്നിരുന്നു. ഇതുപോലുള്ള സാഹചര്യങ്ങളില്‍ എങ്ങനെ ബോള്‍ ചെയ്യണം എന്നത് സംബന്ധിച്ച് ഗൗതം ഗംഭീറുമായി സംസാരിച്ചിരുന്നു. സ്പിന്‍ ലഭിക്കുന്ന സമയം, 16, 17 ഓവറുകളില്‍ പന്തെറിയാന്‍ അവസരം ലഭിച്ചാല്‍ എങ്ങനെ ബോള്‍ ചെയ്യണം എന്ന് ഗംഭീര്‍ പറഞ്ഞിരുന്നു, റിയാന്‍ പരാഗ് പറയുന്നു.