photo: X@samsam
യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിനിടെ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബോളർ കാർമി ലെ റൂക്സിന് പരുക്ക്. മത്സരത്തിനിടെ തലയില്‍ പന്ത് കൊള്ളുകയും ചോരയൊലിച്ച താരം മൈതാനം വിടുകയുമായിരുന്നു.
സാന്‍ഫ്രാൻസിസ്കോ യുണികോൺസും സിയാറ്റിൽ ഒർകാസും തമ്മിലുള്ള മത്സരത്തില്‍ പന്തെറിയുന്നതിനിടെയാണ് കാർമി ലെ റൂക്സിനു തലയ്ക്കു പരുക്കേറ്റത്. മത്സരത്തിന്‍റെ മൂന്നാം ഓവറിലായിരുന്നു സംഭവം. സിയാറ്റിൽ ബാറ്റർ റയാൻ റിക്ക്ൾട്ടൻ അടിച്ച പന്ത് ബോളറുടെ തലയിൽ ശക്തിയായി വന്ന് പതിക്കുകയായിരുന്നു. തലയുടെ ഇടത് വശത്തായി പന്ത് പതിച്ചശേഷം ചോരയൊലിക്കുകയായിരുന്നു.
വേദന കൊണ്ട് പുളഞ്ഞ് ക്രീസില്‍ വീണ താരത്തെ മെഡിക്കൽ സ്റ്റാഫെത്തി മൈതാനത്ത് നിന്ന് കൊണ്ടുപോകുകയായിരുന്നു. വിശദമായ പരിശോധനയില്‍ താരത്തിന് ഗുരുതരമായ മറ്റ് പ്രശ്നങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. മത്സരത്തിൽ കാർമി ലെ റൂക്സിന്‍റെ ടീമായ സാൻഫ്രാൻസിസ്കോ യുണികോൺസ് 23 റൺസിന് വിജയിച്ചു.