രണ്ടുമാസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്ക് അവസാനമിട്ടാണ് ഇന്ത്യന്‍ ടീം പരിശീലകനായി ഗൗതം ഗംഭീറിെന നിയമിച്ചത്. രോഹിത്തിനും കോലിക്കും ജഡേജക്കും പിന്‍ഗാമികളെ കണ്ടെത്തുന്നതുള്‍പ്പടെ ഗംഭീറിന് മുന്നിലുള്ള വെല്ലുവിളികള്‍ ഏറെയാണ്.
2011 ലോകകപ്പ് ഫൈനലില്‍ ചെളിപുരണ്ട ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് വാങ്കഡെയില്‍ ബാറ്റുയര്‍ത്തി നില്‍ക്കുന്ന ഗംഭീര്‍. 2007 ട്വന്റി 20 ഫൈനലില്‍ പാക്കിസ്ഥാനെതിരെ നേടിയ 75 റണ്‍സ്. കിവീസിനെതിരായ നേപ്പിയര്‍ ടെസ്റ്റില്‍ ഫോളോ ഓണ്‍ വഴങ്ങിയ ഇന്ത്യയ്ക്കായി 11 മണിക്കൂര്‍ ക്രീസില്‍ നിന്ന് സമ്മാനിച്ച ജയത്തോളം പോന്ന സമനില... ഫോര്‍മാറ്റേതായാലും ടീം ഇന്ത്യ കിതച്ചപ്പോഴൊക്കെ ഊര്‍ജമായത് ഗംഭീറിന്റെ ബാറ്റ്. മൂന്നുഫോര്‍മാറ്റിലും പരിശീലകനായി ഗംഭീറെത്തുമ്പോള്‍ വെല്ലുവിളികള്‍ ചില്ലറയല്ല. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി തുടങ്ങി ഒരു പതിറ്റാണ്ടോളം ഇന്ത്യയ്ക്ക് അടിത്തറയൊരുക്കിയവര്‍ക്കെല്ലാം പകരക്കാരെ വാര്‍ത്തെടുക്കണം.
സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞ ടീമിനെ ഒരുമിച്ച് കൊണ്ടുപോയ ദ്രാവിഡിന്റെയും ശാസ്ത്രിയുടെയും മാതൃകയാണോ ഇതിനിടെ വന്നുപോയ അനില്‍ കുംബ്ലെയുടെ കാര്‍ക്കശ്യമാണോ ഗംഭീര്‍ പിന്തുടരുന്നതെന്നും അറിയണം. വിരാട് കോലിയുമായി ഏറ്റുമുട്ടിയ ചരിത്രമുള്ള ഗംഭീര്‍ കോലിയുടെ പരിശീലകനായെത്തുമ്പോള്‍ പഴയകാലങ്ങള്‍ ഇരുവരും മറക്കേണ്ടിവരും. ഇന്ത്യക്കാര്‍ക്കിടയിലെ ഓസ്ട്രേലിയന്‍ മെന്റാലിറ്റിയുള്ള ഗംഭീര്‍ വെല്ലുവിളികളെല്ലാം അനായാസം മറികടക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.