സന്തോഷം കൊണ്ട് കണ്ണുകാണാന്‍ പറ്റാത്ത അവസ്ഥ എന്നൊക്കെ പറഞ്ഞു കേട്ടിട്ടല്ലേയൂള്ളൂ. എന്താണ് ആ സ്ഥിതിയെന്ന് റിയാന്‍ പരാഗിനോട് ചോദിച്ചാല്‍ മതി. സിംബാബ്വെ പര്യടനത്തിനായി ടീം ഇന്ത്യയ്ക്കൊപ്പം വിമാനം കയറാന്‍ ഇറങ്ങിയ താരം പാസ്പോര്‍ട്ടും ഫോണും മറന്നു. എവിടെയാണ് വച്ചതെന്ന് മറന്നു പോയെന്ന് പരാഗ് തന്നെയാണ് വെളിപ്പെടുത്തിയത്. എക്സൈറ്റ്മെന്‍റ് കൂടിപ്പോയത് കൊണ്ടുള്ള കുഴപ്പമാണെന്നും കൃത്യ സമയത്ത് തപ്പി കണ്ടുപിടിച്ചത് കൊണ്ട് യാത്ര മുടങ്ങിയില്ലെന്നും താരം വെളിപ്പെടുത്തി. അല്ലെങ്കില്‍ ഹരാരെയിലേക്കുള്ള യാത്ര ആകെ അലമ്പായേനെയെന്നും താരം പറയുന്നു. ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കുക , ടീമിനൊപ്പം ഇങ്ങനെ യാത്ര ചെയ്യാനാവുക എന്നതെല്ലാം കുഞ്ഞുനാള്‍ മുതലേയുള്ള സ്വപ്നമായിരുന്നുവെന്ന് പരാഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിക്കുന്നതിന്‍റെ ആഹ്ലാദത്തിലാണ് പരാഗ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ കളിക്കാരന്‍ കൂടിയാണ് ഇരുപത്തിരണ്ടുകാരനായ പരാഗ്. ഐ.എപി.എല്ലിലെ തകര്‍പ്പന്‍ പ്രകടനമാണ് പരാഗിന് ടീമിലേക്കുള്ള വഴി തുറന്നത്. രാജസ്ഥാന്‍ റോയല്‍സ് താരമായ പരാഗ് 15 കളികളില്‍ നിന്നായി 573 റണ്‍സാണ് കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ഇന്ത്യന്‍ ടീം മുംബൈയില്‍ നിന്നും യാത്ര തിരിച്ചത്. ട്വന്‍റി 20 ടീമില്‍ റിസര്‍വിലായിരുന്ന ഗില്ലാവട്ടെ ഒരാഴ്ചത്തെ ന്യൂയോര്‍ക്ക് വാസത്തിന് ശേഷം നേരെ നാട്ടിലെത്തിയിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ ശുഭ്മന്‍ ഗില്ലാണ് നായകന്‍. സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറുമാണ്. പരാഗിന് പുറമെ അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, തുഷാര്‍ ദേശ്പാണ്ഡെ, എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ജൂലൈ ആറുമുതലാണ് പരമ്പര ആരംഭിക്കുക. 5 മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.