ട്വന്റി20 ലോക കിരീടത്തിലേക്ക് ടീമിനെ നയിച്ചതിന് പിന്നാലെ ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ട്വന്റി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ വിരാട് കോലിയും ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20 കിരീടം നേടി തൊട്ടുപിന്നാലെയാണ് കോലി ട്വന്റി20 ക്രിക്കറ്റില്‍ നിന്നുള്ള തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത് എങ്കില്‍ രോഹിത് മത്സരത്തിന് ശേഷമുള്ള പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴാണ് ട്വന്റി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം അറിയിച്ചത്. ഇന്ത്യക്കായി ഏകദിനത്തിലും ടെസ്റ്റിലും കളി തുടരും എന്ന് രോഹിത് വ്യക്തമാക്കിയിട്ടുണ്ട്.
ഇതെന്റെ അവസാന മത്സരമാണ്. ഇതിലും മികച്ചൊരു സമയമില്ല ഗുഡ്ബൈ പറയാന്‍. ഞാന്‍ ഈ കിരീടത്തിനായി അതിയായി ആഗ്രഹിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ചത് ഇതാണ്. അത് സംഭവിച്ചു. ജീവിതത്തില്‍ ഞാന്‍ സംഭവിക്കാന്‍ അതിയായി ആഗ്രഹിച്ചത് ഇതാണ്. ഇത്തവണ അത് നേടാനായതില്‍ അതിയായി സന്തോഷിക്കുന്നു, രോഹിത് ശര്‍മ പറയുന്നു.
ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ എയ്റ്റില്‍ 41 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയ രോഹിത്തിന്റെ ഓസ്ട്രേലിയക്കെതിരായ ഇന്നിങ്സ് ആണ് ഇന്ത്യയുടെ മുന്നോട്ട് പോക്കില്‍ ഊര്‍ജം നല്‍കിയത്. ടൂര്‍ണമെന്റില്‍ 257 റണ്‍സോടെ റണ്‍വേട്ടയില്‍ രണ്ടാമതാണ് രോഹിത്. സ്ട്രൈക്ക്റേറ്റ് 156.70. ഇന്ത്യക്കായി 159 ട്വന്റി20 മത്സരങ്ങളാണ് രോഹിത് കളിച്ചത്. നേടിയത് 4231 റണ്‍സും. ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറികള്‍ എന്ന നേട്ടവും രോഹിത്തിന്റെ പേരിലാണ്, അഞ്ചെണ്ണം. 2007ലെ ട്വന്റി20 ലോകകപ്പോടെയാണ് രോഹിത്തിന്റെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ട്വന്റി20 ക്രിക്കറ്റിലെ യാത്രയും ആരംഭിക്കുന്നത്.
ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനാണ് രോഹിത് ട്വന്റി20 ലോക കിരീടം സമര്‍പ്പിച്ചത്. കഴിഞ്ഞ 20, 25 വര്‍ഷമായി അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടതെല്ലാം ചെയ്യുന്നു. അദ്ദേഹത്തിനായി ഈ കിരീടം നേടാനായതില്‍ ടീം ഒന്നാകെ അഭിമാനിക്കുന്നതായും രോഹിത് ശര്‍മ പറഞ്ഞു.