Image: AFP
'ഇന്ത്യ ഞങ്ങളെ തോൽപ്പിക്കുകയല്ല, തകർക്കുകയാണ് ചെയ്തത്'. ലോകകപ്പ് സെമിഫൈനലിനുശേഷം ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ട്ലർ പറഞ്ഞ ഈ വാക്കുകളിലുണ്ട് ഇന്ത്യയുടെ പ്രകടനത്തിന്‍റെ തിളക്കം. ഗയാനയിൽ ടോസ് നേടിയത് ബട്ട്ലറായിരുന്നു. എന്നാൽ തീരെ വേഗം കുറഞ്ഞ, സ്പിന്നിന് അനുകൂലമായ പിച്ചിൽ ആദ്യം ബോള്‍ ചെയ്യാനെടുത്ത തീരുമാനത്തെ ഇംഗ്ലണ്ട് പഴിക്കുന്നുണ്ടാകാം. ടോസ് നേടിയാൽ എന്തുചെയ്യണമെന്ന് നേരത്തേ ആലോചിച്ച് ഉറപ്പിച്ചിരുന്നതാണെന്നായിരുന്നു ബട്ട്ലറുടെ വിശദീകരണം. ടോസ് അന്തിമഫലത്തിൽ നിർണായകമായില്ലെന്നും ഇംഗ്ലീഷ് ക്യാപ്റ്റൻ പറഞ്ഞു.
ഇന്ത്യയെ 150ൽ താഴെയുള്ള സ്കോറിൽ ഒതുക്കുകയായിരുന്നു പ്ലാൻ. ഒരുഘട്ടത്തിൽ അത് നടപ്പാകുമെന്നും തോന്നി. എന്നാൽ അവസാനഘട്ടത്തിൽ ഹാർദിക് പാണ്ഡ്യയും ജഡേജയും അക്സർ പട്ടേലും സ്കോറിങ് വേഗം കൂട്ടിയതോടെ പദ്ധതി പാളി. 'ഞങ്ങൾ 20-25 റൺസ് അധികം വിട്ടുകൊടുത്തു. അതാണ് ഒടുവിൽ തിരിച്ചടിയായത്...' ബട്ട്ലർ സമ്മതിച്ചു. സ്പിന്നിന് അനുകൂലമായ പിച്ചിൽ മോയിൻ അലിയെക്കൊണ്ട് ബോൾ ചെയ്യിക്കാതിരുന്നതും അബദ്ധമായെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ തുറന്നുപറഞ്ഞു.
മഴ കളി വൈകിച്ചിട്ടും ഇടയ്ക്ക് തടസപ്പെടുത്തിയിട്ടും ഇന്ത്യ ലക്ഷ്യം മറന്നില്ല. വിഷമം പിടിച്ച പിച്ചിൽ രോഹിത് ശർമയും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും അക്സർ പട്ടേലും സാഹചര്യത്തിനനുസരിച്ച് ബാറ്റ് വീശിയപ്പോൾ ഇന്ത്യ 171 റൺസ് എന്ന പൊരുതാവുന്ന സ്കോർ ഉയർത്തി. ഇന്ത്യൻ സ്പിന്നർമാരുടെ മികവിനെക്കുറിച്ച് ഇംഗ്ലണ്ട് അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അക്സർ പട്ടേൽ എറിഞ്ഞ ആദ്യപന്തിൽത്തന്നെ ഫോമിലുള്ള ജോസ് ബട്ട്ലർ പുറത്ത്. ജോണി ബെയർസ്റ്റോയെയും മൊയീൻ അലിയെയും വീഴ്ത്തി അക്സർ ഇന്ത്യയുടെ വഴി സുരക്ഷിതമാക്കി.
തുടർന്ന് കുൽദീപ് യാദവിന്‍റെ ഊഴമായിരുന്നു. ഹാരി ബ്രൂക്ക്, സാം കറൻ, ക്രിസ് ജോർദൻ. കുൽദീപിൻ്റെ പന്തുകൾ ഈ മൂവരെയും കറക്കിവീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ കഥ കഴിഞ്ഞു. മറ്റേയറ്റത്ത് തകർപ്പൻ ബോളിങ് തുടർന്ന ജസ്പ്രീത് ബുമ്ര 12 റൺസ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തു. കൃത്യം 100 പന്തിലാണ് ഇന്ത്യ ഇംഗ്ലണ്ടിന്‍റെ 10 ബാറ്റർമാരെയും പുറത്താക്കി മൂന്നാംതവണ ലോകകപ്പ് ഫൈനലിൽ ഇടംനേടിയത്. അക്സർ പട്ടേൽ സെമിഫൈനലിലെ മികച്ച താരമായി.