ലോകകപ്പ് ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിൽ ഇനിയാര്? ഇപ്പോൾ നടക്കുന്ന അഫ്ഗാനിസ്ഥാൻ-ബംഗ്ലദേശ് മൽസരം തീരാതെ അതിനുള്ള ഉത്തരം കിട്ടില്ല. ജയിച്ചാൽ അഫ്ഗാനിസ്ഥാൻ നേരെ സെമിയിലെത്തും. തോറ്റാൽ പുറത്താകുകയും ചെയ്യും. അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലദേശ് രണ്ടാമത് ബാറ്റ് ചെയ്യേണ്ടത്.
അതിവേഗം ജയിക്കാൻ കഴിഞ്ഞാൽ മാത്രമേ ബംഗ്ലദേശിന് സെമി സാധ്യതയുള്ളു. ഉദാഹരണത്തിന് അഫ്ഗാനിസ്ഥാൻ 140 റൺസ് ആണ് സ്കോർ ചെയ്യുന്നതെങ്കിൽ 12.3 ഓവറിൽ ബംഗ്ലദേശ് 141 റൺസെടുത്ത് ജയിക്കണം. എങ്കിൽ മാത്രമേ നെറ്റ് റൺറേറ്റിൽ ഓസ്ട്രേലിയയെ മറികടന്ന് അവർക്ക് സെമിയിലെത്താൻ കഴിയൂ. സ്കോറുകൾ തുല്യമാകുകയും അവസാനപന്തിൽ സിക്സ് അടിച്ച് ജയിക്കുകയും ചെയ്യാൻ കഴിഞ്ഞാൽ ബംഗ്ലദേശിന് മൽസരം 13.1 ഓവർ വരെ കൊണ്ടുപോകാം.
അഫ്ഗാനിസ്ഥാൻ 160 റൺസ് എടുത്താൽ ബംഗ്ലദേശിന് 12.5 ഓവറിൽ ജയിക്കണം. സ്കോർ തുല്യമാകുകയും അവസാനപന്തിൽ സിക്സ് അടിക്കുകയും ചെയ്താൽ 13.3 ഓവർ വരെ അവർക്ക് സാവകാശം ലഭിക്കും. ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ് ഇപ്പോൾ -0.331 ആണ്. ബംഗ്ലദേശിൻ്റേത് -2.489. അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലദേശ് ജയിക്കുകയും നെറ്റ് റൺറേറ്റ് മെച്ചപ്പെടാതിരിക്കുകയും ചെയ്താൽ ഓസ്ട്രേലിയ സെമിയിലെത്തും. അതിവേഗം ജയിക്കുക, നെറ്റ് റൺറേറ്റിൽ ഓസ്ട്രേലിയയെ മറികടക്കുക. അത് മാത്രമാണ് ബംഗ്ലദേശിന് മുന്നിലുള്ള വഴി. പക്ഷേ അഫ്ഗാനിസ്ഥാൻ്റെ ബോളിങ് മികവ് കണക്കിലെടുക്കുമ്പോൾ അതത്ര എളുപ്പമാകില്ല.
ഗ്രൂപ്പ് ഒന്നിൽ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ ഇതിനകം സെമിയിൽ ഇടംപിടിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടിലെ ഒന്നാംസ്ഥാനക്കാർ. ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീം ബുധനാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും. വ്യാഴാഴ്ചത്തെ രണ്ടാം സെമിയിൽ ഇന്ത്യ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും. പ്രോവിഡൻസിലാണ് രണ്ടാം സെമി.