ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിന് നാട്ടിലേക്ക് മടക്ക ടിക്കറ്റ് നല്‍കിയ അഫ്ഗാനിസ്ഥാന്‍ ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലും അട്ടിമറി തുടരുന്നു. കരുത്തരായ ഓസ്ട്രേലിയയാണ് ഇത്തവണ അഫ്ഗാന്‍ ബോളിങ് നിരയ്ക്ക് മുന്‍പില്‍ മുട്ടുകുത്തിയത്. അഫ്ഗാന്‍ മുന്‍പില്‍ വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 19.2 ഓവറില്‍ 127 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്കെതിരായ അവസാന മല്‍സരം ഓസ്ട്രേലിയയ്ക്ക് നിര്‍ണായകമായി. 

41 പന്തില്‍ നിന്ന് 6 ഫോറും മൂന്ന് സിക്സും സഹിതം 59 റണ്‍സ് നേടിയ മാക്സ്​വെല്‍ ആണ് അഫ്ഗാനെതിരെ ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആദ്യ ആറ് ഓവറിനുള്ളില്‍ ഓസ്ട്രേലിയയുടെ ആദ്യ മൂന്ന് ബാറ്റേഴ്സും കൂടാരം കയറിയിരുന്നു.  മൂന്ന് പന്തില്‍ ‍ഡക്കായാണ് ട്രാവിസ് ഹെഡ് മടങ്ങിയത്. ഓസീസ് ഇന്നിങ്സിന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഹെഡ്ഡിനെ നവീന്‍ ഉള്‍ ഹഖ് മടക്കിയത്. പിന്നാലെ തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ നവീന്‍ ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനേയും കൂടാരം കയറ്റി. നവീന് പിന്നാലെ മുഹമ്മദ് നബിയും സ്ട്രൈക്ക് ചെയ്തതോടെ ഡേവിഡ് വാര്‍ണറും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. 

മൂന്ന് ബാറ്റേഴ്സ് മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 12 റണ്‍സും സ്റ്റൊയ്നിസ് 11 റണ്‍സും എടുത്തു. നാല് ഓലറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഗുല്‍ബാദിന്‍ നയ്ബ് ആണ് കളിയിലെ താരം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓഫ്ഗാനിസ്ഥാന് വേണ്ടി ഓപ്പണര്‍മാര്‍ സെഞ്ചറി കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. റഹ്മനുള്ള ഗുര്‍ബാസ് 49 പന്തില്‍ നിന്ന് 60 റണ്‍സും ഇബ്രാഹിം സദ്രാന്‍ 48 പന്തില്‍ നിന്ന് 51 റണ്‍സും നേടി. എന്നാല്‍ ഇരുവരും പുറത്തായതോടെ അഫ്ഗാന്‍ ബാറ്റേഴ്സിന് പിന്നെ കാര്യമായൊന്നും ചെയ്യാനായില്ല.

ENGLISH SUMMARY:

Chasing the target of 149 runs set before Afghanistan, Australia were all out for 127 runs in 19.2 overs. With this, the last match against India became crucial for Australia to secure the semi-final