ടി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും കോലിക്കും രോഹിത്തിനും പിന്നാലെയാണ്.  ടി20യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനുള്ള സുവര്‍ണാവസരമാണ് ഇരുവരെയും കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ റണ്‍ വേട്ടക്കാരില്‍ ഏറ്റവും മുന്നിലുള്ളത് പാകിസ്ഥാന്‍റെ ബാബര്‍ അസമാണ് (4145 റണ്‍സ്). കോലിയുടേയും രോഹിത്തിന്റേയും പേരില്‍ ഇതുവരെ 4042 റണ്‍സാണുള്ളത്. 

ബാബര്‍ അസമിന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ഈ റെക്കോഡ് സ്വന്തമാക്കണമെങ്കില്‍, രോഹിത്തും കോലിയും ഇനിയുള്ള മത്സരങ്ങളില്‍ തിളങ്ങണം. ഇല്ലെങ്കില്‍ ടി20യിലെ രാജാവായി ബാബര്‍ ഇനിയും തുടരും. സ്വാഭാവികമായും സൂപ്പര്‍ എട്ടില്‍ ഈ 2 സൂപ്പര്‍ താരങ്ങളുടെയും പ്രകടനത്തിലാണ് ഇന്ത്യ പ്രതീക്ഷ വെച്ചിരിക്കുന്നത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്താന്‍ പുറത്തായതിനാല്‍ ബാബറിന് ഇനി ഉടനെ ടി20 റണ്‍സ് ഉയര്‍ത്താവാവില്ല. കേവലം 104 റണ്‍സ് കൂടി നേടിയാല്‍ കോലിക്കും രോഹിത്തിനും ബാബറിനെ മറികടക്കാം. കുട്ടിക്രിക്കറ്റില്‍ ഇനി പന്തും, സഞ്ജുവും ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാകും സെലക്ടര്‍മാര്‍ ശ്രമിക്കുക. ഇപ്പോള്‍ കിട്ടുന്ന ചാന്‍സ് ഇനി കോലിക്കും രോഹിത്തിനും കിട്ടിയെന്നു വരില്ല. 

ടി20 ലോകകപ്പിലടക്കം ബാബര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം പിന്നിട്ടതെങ്കിലും, കിടിലന്‍ സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാനെ വിലകുറച്ച് കാണാനാകില്ല.  ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ നേരിയ തോതില്‍ മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ശക്തരായ ന്യൂസിലന്‍ഡിനെ മറികടന്നാണ് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ എട്ടിലേക്ക് കടന്നത്. വളരെ കരുതലോടെയാവും അട്ടിമറിക്ക് ശേഷിയുള്ള അഫ്ഗാനെ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ എതിരിടുക.

ഇന്ത്യ, ആസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകളാണ് എ ഗ്രൂപ്പിലുള്ളത്. യുഎസ്എ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ മാറ്റുരയ്ക്കുന്നത്. റാഷിദ് ഖാനെപ്പോലെ മികച്ച സ്പിന്നര്‍മാര്‍ അഫ്ഗാന്‍ നിരയിലുള്ളതിനാല്‍ ടീമെന്ന നിലയില് അവര്‍ ശക്തരാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിര കരുതലോടെ വേണം അഫ്ഗാന്‍ ബൗളര്‍മാരെ നേരിടാന്‍. 

ഗ്രൂപ്പുഘട്ടത്തില്‍ മൂന്നു മല്‍സരങ്ങളിലും കോലി ഓപ്പണറായാണ് ഇറങ്ങിയത്. മൂന്നിങ്‌സുകളിലും രണ്ടക്കം പോലും തികയ്ക്കാന്‍ പറ്റാത്ത കോലി ഒന്നില്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. ഇന്ത്യയും അഫ്ഗാനും ഇതിന് മുമ്പ് 8 ട്വന്റി-20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒന്നില്‍ പോലും വിജയിക്കാന്‍ അഫ്ഗാന് കഴിഞ്ഞിട്ടില്ല. ഏഴിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഒരു കളി മഴ കാരണം മുടങ്ങി. ഇതാദ്യമായാണ് ട്വന്റി-20 ലോകകപ്പില്‍  ഇന്ത്യ അഫ്ഗാനെ എതിരിടുന്നത്. 

ENGLISH SUMMARY:

T20 World Cup: Virat Kohli, Rohit Sharma in race to break Babar Azam's record