ട്വന്റി20 ലോകകപ്പില്‍ ഇനി സൂപ്പര്‍ 8 പോരാട്ടങ്ങള്‍. മൂന്ന് മത്സരങ്ങള്‍ വീതമാണ് സൂപ്പര്‍ എട്ടില്‍ ഓരോ ടീമും കളിക്കുക. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും യുഎസ്എയും ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് സിയില്‍ നിന്ന് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശുമാണ് സൂപ്പര്‍ എട്ടിലേക്ക് കടന്നത്.
സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് വണ്ണില്‍ ഇന്ത്യയും ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഗ്രൂപ്പ് 2ല്‍ വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും യുഎസ്എയുമാണുള്ളത്. മൂന്ന് മത്സരങ്ങള്‍ വീതം ഓരോ ടീമും കളിക്കുന്നതില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സെമിയിലേക്ക് കടക്കും.
ആന്റിഗ്വയില്‍ യുഎസ്എയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ സൂപ്പര്‍ 8 പോരാട്ടം. പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെ ഇംഗ്ലണ്ട് നേരിടും. ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ കഴിഞ്ഞ വര്‍ഷങ്ങളായി മേധാവിത്വം പുലര്‍ത്തി കളിക്കാനാവുന്നു എന്നത് വിന്‍ഡിസിന്റെ മുന്‍തൂക്കം കൂട്ടുന്നുണ്ട്.
ന്യൂസിലന്‍ഡിനെ നാട്ടിലേക്ക് തിരിച്ചയച്ച് ഞെട്ടിച്ച അഫ്ഗാനിസ്ഥാനാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ ആദ്യ എതിരാളി. ബാര്‍ബഡോസിലാണ് മത്സരം. ഈ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ കരീബിയന്‍ മണ്ണിലെ ആദ്യ മത്സരമാണ് ഇത്. വിന്‍ഡിസിന്റെ കയ്യില്‍ നിന്ന് 104 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് അഫ്ഗാന്‍ സൂപ്പര്‍ എട്ടിലേക്ക് വരുന്നത്. ബംഗ്ലാദേശ് ആണ് സൂപ്പര്‍ എട്ടിലെ ഇന്ത്യയുടെ മറ്റൊരു എതിരാളി.
ഐസിസി ലോക കിരീടം എന്ന സ്വപ്നവുമായി എത്തുന്ന ദക്ഷിണാഫ്രിക്ക ജൂണ്‍ 23ന് വിന്‍ഡിസിന്റെ മുന്‍പിലേക്ക് എത്തുന്നതും ക്രിക്കറ്റ് ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന പോരാട്ടമാണ്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര അടുത്തിടെ വിന്‍ഡിസ് തൂത്തുവാരിയിരുന്നു. ജൂണ്‍ 24നാണ് സൂപ്പര്‍ എട്ടിലെ മറ്റൊരു ആവേശകരമായ പോരാട്ടം. ഓസ്ട്രേലിയയാണ് ഇവിടെ ഇന്ത്യക്ക് മുന്‍പില്‍ എതിരാളികളായി വരുന്നത്.