ആറ് പന്തില്‍ 36 റണ്‍സ്. മൂന്ന് സിക്‌സര്‍, മൂന്ന് ബൗണ്ടറി. വീണുകിട്ടിയ നോ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. നിക്കൊളാസ് പൂരന്റെ തകര്‍പ്പന്‍ ബാറ്റിങ് കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വന്റി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലാണ് കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്സ്. നാലാം ഓവര്‍ എറിയാനെത്തിയ ഓള്‍റൗണ്ടര്‍ അസ്മത്തുല്ല ഒമര്‍സായ്‌യെയാണ് പൂരന്‍ തല്ലിയൊതുക്കിയത്. ഈ വര്‍ഷം രണ്ടാം തവണയാണ് അഫ്ഗാന് ഒരോവറില്‍ 36 റണ്‍സ് പ്രഹരം കിട്ടുന്നത്. ഈ വര്‍ഷം ആദ്യം രോഹിതും റിങ്കുസിങും ചേര്‍ന്ന് അഫ്ഗാന്‍ ബോളര്‍ കരീം ജന്നതിനെയാണ് പഞ്ഞിക്കിട്ടത്.
53 പന്തില്‍ നിന്ന് 98 റണ്‍സെടുത്ത പൂരന്‍ തന്നെയാണ് വിന്‍ഡീസിന്റെ വിജയശില്‍പിയും. ഈ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും പൂരന്റെ പേരിലായി. കാനഡയ്‌ക്കെതിരെ യു.എസിന്റെ ആരോണ്‍ ജോണ്‍സ് നേടിയ 94 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. ടോസ് നേടിയ അഫ്ഗാന്‍ വിന്‍ഡീസിനെ ബാറ്റിങിനയയ്ക്കുകയായിരുന്നു. 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 218 റണ്‍സ് അടിച്ചുകൂട്ടി. ഈ ലോകകപ്പില്‍ ഇതുവരെയുള്ള ഉയര്‍ന്ന ടീം സ്‌കോറും ഇതാണ്. മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനെ വെസ്റ്റിന്‍ഡീസ് 114 റണ്‍സില്‍ പിടിച്ചു കെട്ടി. 104 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം!
ട്വന്റി20 ലോകകപ്പ് ചരിത്രത്തില്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചുകൂട്ടിയ റെക്കോര്‍ഡും വെസ്റ്റിന്‍ഡീസ് സ്വന്തം പേരിലാക്കി. ആദ്യ ആറോവറില്‍ 92 റണ്‍സ്. 2014 ല്‍ അയര്‍ലന്‍ഡിനെതിരെ നെതര്‍ലന്‍ഡ്‌സ് നേടിയ 91 റണ്‍സാണ് പഴങ്കഥയായത്. പവര്‍പ്ലേയിലെ മികച്ച സ്‌കോറര്‍മാരുടെ പട്ടികയില്‍ തൊട്ടുപിന്നില്‍ ഇംഗ്ലണ്ടുണ്ട്. 2016 ല്‍ വാങ്കഡെയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കുറിച്ച 89 റണ്‍സ്. വിന്‍ഡീസിനെതിരെ 2023 ല്‍ ദക്ഷിണാഫ്രിക്ക നേടിയ 102 ആണ് ട്വന്റി20 പവര്‍പ്ലേയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.