ലോക കിരീടം നേടുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ടതാണ് ഇന്ത്യാ–പാക്ക് പോരില്‍ ജയം നേടുക എന്നത് ആരാധകര്‍ക്ക്. ഇത് തുടരെ അഞ്ചാം ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍ വരുന്നത്. ഗ്രൂപ്പ് ഘട്ടം പിന്നിട്ടാലും ഇല്ലെങ്കിലും ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ഐസിസി ഉറപ്പ് വരുത്തുന്നു. ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ നോക്കി നില്‍ക്കുന്ന പോരില്‍ ഇന്ത്യക്കാണ് കണക്കുകള്‍ നോക്കുമ്പോള്‍ ന്യൂയോര്‍ക്കിലെ നാസ കൗണ്ടി സ്റ്റേഡിയത്തില്‍ മുന്‍തൂക്കം.
12 ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കളിച്ചത്. അതില്‍ പാക്കിസ്ഥാന്‍ മൂന്ന് ജയം നേടിയപ്പോള്‍ ഇന്ത്യ 9 ജയവും നേടി. 2021ല്‍ യുഎഇ വേദിയായ ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും 2022ല്‍ ഏഷ്യാ കപ്പിലുമാണ് പാക്കിസ്ഥാന്‍ ട്വന്റി20യില്‍ ഇന്ത്യക്കെതിരെ ജയം നേടിയത്. ഏഷ്യാ കപ്പില്‍ ഇന്ത്യ മുന്‍പില്‍ വെച്ച 181 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഷഹീന്‍ അഫ്രീദിക്ക് മുന്‍പില്‍ പതറി ഇന്ത്യന്‍ മുന്‍നിര മടങ്ങിയപ്പോള്‍ 10 വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ ജയം.
പാകിസ്ഥാനെതിരെ ഇറങ്ങും മുമ്പ് അയര്‍ലന്‍ഡിനെതിരെ രോഹിത് അര്‍ധ ശതകം കണ്ടെത്തിയതും ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയതും ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഈ സ്റ്റേഡിയത്തില്‍ മൂന്ന് ട്വന്റി20 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ അര്‍ധ ശതകം കണ്ടെത്തിയ ഒരേയൊരു ബാറ്റര്‍ രോഹിത്താണ്.
അര്‍ഷ്ദീപിന്റേയും മുഹമ്മദ് സിറാജിന്റേയും അയര്‍ലന്‍ഡിനെതിരായ പ്രകടനത്തോടെ ഇന്ത്യന്‍ ബോളിങ് യൂണിറ്റിന്റെ ആത്മവിശ്വാസം കൂടുന്നു. എന്നാല്‍ സീമും ബൗണ്‍സും കൂടുതലായി ലഭിക്കുന്ന സാഹചര്യത്തില്‍ മൂന്ന് പേസര്‍മാരും രണ്ട് സ്പിന്‍ ബോളിങ് ഓള്‍റൗണ്ടര്‍മാരുമായും ഇന്ത്യ ഇറങ്ങാനാണ് സാധ്യത. ഇങ്ങനെ വരുമ്പോള്‍ കുല്‍ദീപിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കില്ല.
ബാറ്റിങ് ദുഷ്കരമായ പിച്ച് മുന്‍പില്‍ കണ്ടാവും ഇന്ത്യ ഇറങ്ങുക. ഋഷഭ് പന്തും അയര്‍ലന്‍ഡിനെതിരെ മിന്നിയതോടെ ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കോലിക്ക് സ്വതന്ത്രമായി ബാറ്റ് വീശാനുള്ള സാഹചര്യമാണ് തെളിയുന്നത്. പാകിസ്ഥാനെതിരെ 5 ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 132.8 എന്ന സ്ട്രൈക്ക്റേറ്റില്‍ 308 റണ്‍സ് ആണ് കോലി അടിച്ചെടുത്തത്. ഇത്തവണയും കോലി റണ്‍സ് വാരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇടംകയ്യന്‍ ബാറ്റേഴ്സിന്റെ നീണ്ട നിരയും ഇന്ത്യയുടെ മുന്‍തൂക്കം കൂട്ടുന്നു. ഋഷഭ് പന്ത്, ശിവം ദുബെ, ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ മധ്യനിരയിലെ പ്രകടനം നിര്‍ണായകമാവും.
ഇംഗ്ലണ്ടിന് എതിരെ ട്വന്റി20 പരമ്പര നഷ്ടപ്പെട്ടാണ് പഴയ ശൈലിയുമായി പാക്കിസ്ഥാന്‍ ട്വന്റി20 ലോകകപ്പിനെത്തുന്നത്. ടോപ് ഓര്‍ഡറില്‍ പോസിറ്റീവ് മനോഭാവത്തോടെ ബാറ്റ് വീശാന്‍ ബാബര്‍ അസം ഉള്‍പ്പെടെ ബാറ്റേഴ്സിന് കഴിഞ്ഞില്ല. മുഹമ്മദ് ആമിറിനേയും ഇമാദ് വസീമിനേയും തിരികെ വിളിച്ചും ഉസ്മാന്‍ ഖാനെ കൊണ്ടുവന്നും ടീമില്‍ അഴിച്ചുപണികള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. എന്നാല്‍ ഇന്ത്യക്കെതിരെ നാസ കൗണ്ടി സ്റ്റേഡിയത്തിലെ പിച്ചിലെ ആനുകൂല്യം മുതലാക്കാന്‍ പാക് പേസര്‍മാര്‍ക്ക് കഴിഞ്ഞാല്‍ മത്സരം ആവേശകരമാകും.