south-africa

104 എന്ന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് എത്തിയ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചതിന് ശേഷം കീഴടങ്ങി നെതര്‍ലന്‍ഡ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് ആണ് കണ്ടെത്തിയത്. എന്നാല്‍ ചെയ്സ് ചെയ്ത് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ മൂന്ന് ഓവറില്‍ 3-3 എന്ന സ്കോറിലേക്ക് എറിഞ്ഞിടാന്‍ നെതര്‍ലന്‍ഡ്സിനായി. സ്റ്റബ്സിന്റേയും ഡേവിഡ് മില്ലറുടേയും ഇന്നിങ്സ് ആണ് നെതര്‍ലന്‍ഡ്സിന് അട്ടിമറി ജയം നിഷേധിച്ചത്. 

ഡേവിഡ് മില്ലര്‍ 51 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്സും സഹിതം 59 റണ്‍സോടെ പുറത്താവാതെ നിന്ന് ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് എത്തിച്ചു. 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക വിജയ ലക്ഷ്യം മറികടന്നത്. സ്റ്റബ്സ് 37 പന്തില്‍ നിന്ന് 33 റണ്‍സ് നേടി. സ്റ്റബ്സും ഡേവിഡ് മില്ലറും കഴിഞ്ഞാല്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലെ മറ്റൊരു ബാറ്റര്‍ക്കും രണ്ടക്കം കടക്കാനായില്ല. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിലെ ആദ്യ പന്തില്‍ തന്നെ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന ഡികോക്ക് റണ്‍ഔട്ട് ആയി. സിംഗിളെടുക്കാന്‍ മുതിര്‍ന്ന ഹെന്‍ഡ്രിക്സ് പിന്നാലെ പിന്‍വാങ്ങിയപ്പോള്‍ ഡി കോക്ക് പകുതി ദൂരം പിന്നിട്ടിരുന്നു. ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മികെരന്‍ പന്ത് നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് എറിഞ്ഞു. ബോളര്‍ ബെയ്ല്‍സ് ഇളക്കിയതോടെ ഒരു പന്ത് പോലും നേരിടാനാവാതെ ഡികോക്ക് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. 

രണ്ടാമത്തെ ഓവറില്‍ റീസ ഹെന്‍ട്രിക്സിനെ ബീക്ക് പുറത്താക്കി. മര്‍ക്രം മൂന്ന് പന്തില്‍ ഡക്കായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലേക്ക് വീണു. 2024 ട്വന്റി20 ലോകകപ്പിലെ അട്ടിമറി ജയങ്ങളുടെ തുടര്‍ച്ചയായി ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്സ് തോല്‍പ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ഡേവിഡ് മില്ലറുടെ ഇന്നിങ്സ് ദക്ഷിണാഫ്രിക്കയെ തുണച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്സിനായി 45 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ സൈബ്രാന്‍ഡ് ആണ് ടോപ് സ്കോറര്‍. ബാര്‍ട്മാന്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുതു. നോര്‍ട്യയും ജാന്‍സെനും രണ്ട് വിക്കറ്റ് വീതവും. 

ENGLISH SUMMARY:

David Miller's unbeaten 59 off 51 balls with three fours and four sixes steers South Africa to victory