ട്വന്റി 20 ലോകകപ്പിൽ കളത്തിലിറങ്ങാതെ തന്നെ കയ്യടി നേടി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. ഒമാനെതിരായ ഓസ്ട്രേലിയയുടെ ആദ്യമല്‍സരത്തിലാണ് വാട്ടര്‍ ബോയിയുടെ വേഷത്തിലെത്തി കളികളത്തില്‍ കമ്മിന്‍സ് സജീവമായത്. ലോകകിരീടങ്ങൾ സ്വന്തമാക്കിയിട്ടുളള കങ്കാരുപ്പടയുടെ നായകനെ ബാർബഡോസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തികച്ചും സാധാരണക്കാരെ പോലെ കണ്ട ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. സഹതാരങ്ങൾക്ക് വെള്ളവുമായെത്തിയ കമ്മിൻസിന്‍റെ ചിത്രം സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ്. ഒപ്പം കമ്മിൻസിന്റെ പെരുമാറ്റത്തെ വാഴ്ത്തി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ അടക്കമുളള താരങ്ങളും രംഗത്തെത്തി.
ഐസിസി ടി20 ലോകകപ്പില്‍ ഒമാനെതിരെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. വ്യാഴാഴ്ച്ച രാവിലെ നടന്ന മല്‍സരം ഒമാനെ 39 റണ്‍സിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഒമാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തിലാണ് മല്‍സരം അരങ്ങേറിയത്. എന്നാല്‍ മല്‍സരത്തില്‍ ഓസ്ട്രേലിയന്‍ നിരയില്‍ പാറ്റ് കമ്മിന്‍സ് ഉണ്ടായിരുന്നില്ല. ഐപിഎല്‍ കഴിഞ്ഞെത്തിയ കമ്മിന്‍സ് വൈകിയാണ് ടീമിനൊപ്പം ചേര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ലെങ്കിലും സഹതാരങ്ങൾക്കുളള വെള്ളവുമായി കളത്തില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു കമ്മിന്‍സ്. കമ്മിന്‍സിന്‍റെ ഈ പ്രവര്‍ത്തി കാണികളുടെയും സോഷ്യല്‍ ലോകത്തിന്‍റെയും ശ്രദ്ധ പിടിച്ചുപറ്റി. ഓസീസിന്റെ സംസ്‌കാരമാണ് ഇതുവഴി പ്രകടമായതെന്ന് ഇർഫാൻ പഠാൻ എക്സില്‍ കുറിച്ചു. നിരവധി പ്രമുഖ താരങ്ങളും കമ്മിന്‍സിന് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തി. അതേസമയം കമ്മിന്‍സ് ഇല്ലെങ്കിലും ഒമാനെതിരെ മികച്ച വിജയം സ്വന്തമാക്കാന്‍ ഓസീസിന് കഴിഞ്ഞു.