ഫോട്ടോ: എഎഫ്പി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കായി ലഭിച്ചത് മൂവായിരത്തോളം അപേക്ഷകള്‍. നരേന്ദ്ര മോദി, അമിത് ഷാ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എം.എസ്.ധോണി, ഹര്‍ഭജന്‍ സിങ്, വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളിലായി ലഭിച്ച വ്യാജ അപേക്ഷകളും ഇതില്‍ ഉള്‍പ്പെടുന്നു.
മെയ് 13നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. മെയ് 27 ആയിരുന്നു അവസാന തിയതി. ഇത്രയും അപേക്ഷകളില്‍ നിന്ന് വ്യാജ അപേക്ഷകള്‍ തരംതിരിച്ച് മാറ്റേണ്ടത് ബിസിസിഐക്ക് തലവേദനയാവും. ഗൂഗിള്‍ ഫോംസ് വഴി അപേക്ഷ നല്‍കാന്‍ സാധിക്കുന്നതോടെയാണ് വലിയ തോതില്‍ വ്യാജ അപേക്ഷകള്‍ ഉള്‍പ്പെടെ ലഭിച്ചത്. ഒറ്റ ഷീറ്റില്‍ അപേക്ഷിക്കുന്നവരുടെ പേര് ലഭിക്കും എന്നതിനാലാണ് ബിസിസിഐ ഗൂഗിള്‍ ഫോംസ് വഴി അപേക്ഷകള്‍ സ്വീകരിച്ചത്.
2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ അയ്യായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. അന്നും പല സെലിബ്രിറ്റികളുടെ പേരില്‍ അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇന്ന് ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാനാണ് ബിസിസിഐ നിര്‍ദേശിച്ചിരുന്നത്.
ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കായി പ്രമുഖ വിദേശ താരങ്ങള്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിഎ തലവനായിരിക്കുന്ന വിവിഎസ് ലക്ഷ്മണിലേക്കാണ് ബിസിസിഐയുടെ ശ്രദ്ധ ആദ്യം എത്തിയത് എങ്കിലും ലക്ഷ്മണ്‍ താത്പര്യമില്ലെന്ന് വ്യക്തമാക്കി.കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ ഗംഭീറിന്റെ പേരില്‍ പരിശീലക സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നുണ്ട്. ഇന്ത്യന്‍ താരത്തെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനാണ് പ്രധാന പരിഗണന എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും വ്യക്തമാക്കിയിരുന്നു.