വിരാട് കോലിയെ ആധുനിക കാലഘട്ടത്തിന്റെ ഇതിഹാസമാക്കി മാറ്റുന്നതിൽ എംഎസ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്ന് മുൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ. വെള്ളിയാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മുംബൈ ഇന്ത്യൻസ് - ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് പോരാട്ടത്തിനിടെ മഴ കളി തടസപ്പെടുത്തിയപ്പോഴായിരുന്നു കമന്ററി ബോക്സിലിരുന്നുകൊണ്ട് ഗവാസ്‌കറുടെ പരാമർശം. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള കോലിയല്ല ഇപ്പോഴത്തെ കോലി, അതിന് പിന്നിൽ ധോണിയുടെ കൈയ്യുണ്ട്. - ഗവാസ്‌കർ പറഞ്ഞു.
"വിരാട് കോലി കളി ആരംഭിച്ചപ്പോൾ, അതൊരു സ്റ്റോപ്പ് - സ്റ്റാർട്ട് കരിയറായിരുന്നു. താരം ഇന്ന് നമ്മൾ കാണുന്ന കോഹ്‌ലിയാകാൻ കാരണം എംഎസ് ധോണി തന്നെയാണ് ". - അദ്ദേഹം സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു. സീസണിൽ മികച്ച ബാറ്റിങ് പ്രകടനമാണ് കോലി കാഴ്ചവെയ്ക്കുന്നതെങ്കിലും സ്‌ട്രൈക്ക് റേറ്റിന്റെ പേരിൽ വൻ വിമർശനവും ട്രോളും നേരിടുകയാണ്. പല പ്രമുഖരും കോലിയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമർശിച്ചിരുന്നു. കമന്റേറ്ററായ സുനിൽ ഗവാസ്‌ക്കറും കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്തിരുന്നു.
"കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 118ൽ താഴെ എത്തുമ്പോഴാണ് കമന്റേറ്റർമാർ അത് എടുത്തുപറയുന്നതും വിമർശനം നടത്തുന്നതും. എല്ലാ മത്സരങ്ങളും ശ്രദ്ധിക്കാനാവാത്തതിനാൽ മറ്റ് കമന്റേറ്റർമാർ മറ്റേതെങ്കിലും തരത്തിൽ വിമർശിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല. 14,15 ഓവർ വരെ ബാറ്റ് ചെയ്തിട്ടും കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 118ന് താഴെയാവുമ്പോൾ ഏത് കളിക്കാരനായാലും സ്വാഭാവികമായും വിമർശിക്കപ്പെടും. തങ്ങൾ പുറത്തുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കുന്നില്ലെന്നാണ് വിമർശനങ്ങളോടുള്ള പല താരങ്ങളുടെയും മറുപടി. എന്നാൽ പിന്നെ പുറത്തുള്ളവരുടെ അഭിപ്രായങ്ങൾക്ക് മറുപടിയും പറയാൻ നിൽക്കരുത്. കമന്റേറ്റർമാരെന്ന നിലയിൽ പ്രത്യേക അജണ്ടയോടെയല്ല പ്രവർത്തിക്കുന്നത്. കളിയിൽ എന്താണോ കാണുന്നത് അതാണ് പറയുന്നത്. വ്യക്തിപരമായ ഇഷ്ടമോ ദേഷ്യമോ ഒന്നുംതന്നെ വിമർശനത്തെ സ്വാധീനിക്കാറില്ല". – ഗവാസ്‌കർ വ്യക്തമാക്കി.
ഇത്തവണത്തെ ഐപിഎല്ലിൽ റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് കോലി. 13 കളികളിൽ നിന്നായി 661 റൺസാണ് കോലിയുടെ സമ്പാദ്യം. 13 കളികളിൽ നിന്ന് 583 റൺസുമായി റുതുരാജ് ഗെയ്ക്വാദാണ് രണ്ടാമത്.