Image Credit: X/@nnis_sports

Image Credit: X/@nnis_sports

ഫെഡറേഷന്‍ കപ്പ് അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ദേശിയ റെക്കോര്‍ഡിട്ട് ഗുരീന്ദർവീർ സിങ്. 10.09 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് ഗുരീന്ദർവീറിന്‍റെ റെക്കോര്‍ഡ് നേട്ടം. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ 10.10 സെക്കന്‍ഡിന് താഴെ 100 മീറ്റര്‍ പൂര്‍ത്തിയാക്കുന്നത്.  

ഫെഡറേഷന്‍ കപ്പിന്‍റെ 100 മീറ്റര്‍, അനിമേഷ് കുജുറും ഗുരീന്ദര്‍വീര്‍ സിങും തമ്മിലുള്ള പോരാട്ടമായിരുന്നു. ഇരുവരും പരസ്പരം ദേശിയ റെക്കോര്‍ഡ് തകര്‍ത്തതോടെ സെമിയും ഫൈനലും ആവേശകരമായി. 10.18 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓടിയ അനിമേഷിന്‍റെ പേരിലായിരുന്നു ഫെഡറേഷന്‍ കപ്പിന് മുന്‍പ് 100 മീറ്ററിലെ ദേശിയ റെക്കോര്‍ഡ്.

വെള്ളിയാഴ്ച സെമി ഫൈനലില്‍ 10.17 സെക്കന്‍ഡ് ഓടി ഗുരിന്ദര്‍വീര്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. എന്നാല്‍ ആഘോഷം അധിക നേരം നീണ്ടില്ല. സെമി ഫൈനലിന്‍റെ അടുത്ത ഹീറ്റ്സില്‍ അനിമേഷ് 10.15 സെക്കന്‍ഡില്‍ ഓടി റെക്കോര്‍ഡ് വീണ്ടെടുത്തു. ഇതോടെ അനിമേഷ് കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള യോഗ്യതയും ഉറപ്പാക്കി. എന്നാല്‍ വിട്ടുകൊടുക്കാതെ മുന്നേറിയ പഞ്ചാബ് താരം ഫൈനലില്‍ റെക്കോര്‍‍ഡ് തിരികെ പിടിച്ചു. 

ശനിയാഴ്ച ഫൈനലില്‍ ഗുരീന്ദര്‍വീര്‍ 10.09 സെക്കന്‍ഡിലാണ് 100 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസിലേക്കും ഏഷ്യന്‍ ഗെയിംസിലേക്കും യോഗ്യതയും ഉറപ്പാക്കി.

ENGLISH SUMMARY:

Gurinderveer Singh has set a new national record in the 100m at the Federation Cup Athletics Championship, completing the race in 10.09 seconds. This marks the first time an Indian has finished the 100m in under 10.10 seconds.