ലോക അത്‌ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 16 സ്വര്‍ണം ഉള്‍പ്പടെ 26 മെഡലുകളുമായി അമേരിക്കയുടെ സര്‍വാധിപത്യം. പോയിന്റ് നിലയില്‍ കെനിയ രണ്ടാമതും കാനഡ മൂന്നാം സ്ഥാനവും നേടി. ഒരു മെഡല്‍പോലും ഇല്ലാതെയാണ് 21 ഇനങ്ങളില്‍ മല്‍സരിച്ച ഇന്ത്യയുടെ മടക്കം.
നോഹ ലൈല്‍സിന്റെ മികവില്‍ 4 x 100 മീറ്ററര്‍ റിലേയില്‍ സ്വര്‍ണം നേടിയതോടെ ലോകവേദിയില്‍ അമേരിക്കയുടെ സര്‍വാധിപത്യം. രണ്ടുസ്വര്‍ണം ഉള്‍പ്പടെ മൂന്നുമെഡലുകളാണ് നോഹ നേടിയത്. അമേരിക്കയുടെ മെലിസ ജെഫേര്‍സന്‍ വുഡനാണ് മികച്ച വനിതാ താരം. 100 മീറ്ററില്‍ ചാംപ്യന്‍ഷിപ്പ് റെക്കോര്‍ഡോടെയും 200 മീറ്ററില്‍ ലോകറെക്കോര്‍ഡോടെയും ഒപ്പം റിലേയിലും മെലീസ സ്വര്‍ണം നേടി.
വനിതാ വിഭാഗത്തില്‍ ദീര്‍ഘ ദൂര ഇനങ്ങള്‍ക്കൊപ്പം മധ്യദൂര ഇനങ്ങളിലേക്കും ആധിപത്യം ഉറപ്പിച്ചാണ് കെനിയയുടെ മുന്നേറ്റം. 800 മീറ്റര്‍ മുതല്‍ മാരത്തണ്‍ വരെയുള്ള ആറ് വിഭാഗങ്ങളില്‍ കെനിയയ്ക്കാണ് സ്വര്‍ണം. കഴിഞ്ഞ രണ്ടുലോകചാംപ്യന്‍ഷിപ്പുകള്‍ക്ക് ശേഷം ഇക്കുറി ഇന്ത്യ മടങ്ങിയത് മെഡല്‍ ഇല്ലാതെ. ജാവലിന്‍ ത്രോയില്‍ നാലാം സ്ഥാനം നേടിയ സച്ചിന്‍ യാദവിന്റേതാണ് മികച്ച പ്രകടനം.19 അത്ലീറ്റുകളില്‍ മൂന്നുപേര്‍ മാത്രമാണ് ഫൈനലിലെങ്കിലും എത്തിയത്.