ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഫൈനൽ കാണാതെ പുറത്തായി. പുരുഷ ലോങ്ജംപ് യോഗ്യതാ റൗണ്ടിൽ നിശ്ചിതദൂരം ശ്രീശങ്കറിന് മറികടക്കാനായില്ല. ഇന്നലെ യോഗ്യതാ റൗണ്ടിൽ, 7.78 മീറ്ററാണ് ശ്രീശങ്കറിന് ചാടാനായത്. ഫൈനൽ യോഗ്യതയ്ക്ക് 8.15 മീറ്റർ മറികടക്കണമായിരുന്നു. ആദ്യ ചാട്ടത്തിൽ 7.78 മീറ്റർ ചാടിയെങ്കിലും പിന്നീടുള്ള അവസരങ്ങളിൽ 7.59 മീറ്റർ, 7.70 മീറ്റർ എന്നിങ്ങനെയായിരുന്നു മലയാളിതാരത്തിന്‍റെ പ്രകടനം. കഴിഞ്ഞ തവണ ലോക ചാംപ്യൻഷിപ്പിൽ ശ്രീശങ്കർ ഫൈനലിൽ എത്തിയിരുന്നു.
കരിയറിന് തന്നെ അന്ത്യമാകുമെന്ന പരുക്കിനെയും അതിജീവിച്ചാണ് ശ്രീശങ്കർ ഇത്തവണ ചാംപ്യന്‍ശിപ്പിനെത്തിയത്. പരുക്കിനു ശേഷം ട്രാക്കിൽ തിരിച്ചെത്തിയ താരം തുടർച്ചയായി 5 മത്സരങ്ങളിൽ സ്വർണം നേടിയാണ് ലോകചാംപ്യൻഷിപ്പിനു യോഗ്യത സ്വന്തമാക്കിയത്. ഈ സീസണിലെ ശ്രീശങ്കറിന്റെ മികച്ച പ്രകടനം 8.13 മീറ്ററാണ്.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പാരുൾ ചൗധരിയും ഫൈനലിനു യോഗ്യത നേടിയില്ല. ഹീറ്റ്സിൽ 9.22.24 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയ പാരുൾ 9–ാം സ്ഥാനത്തായി. ഇതേ ഇനത്തിൽ മത്സരിച്ച അങ്കിത ഹീറ്റ്സിൽ 11–ാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ 0.06 സെക്കൻഡിന്റെ വ്യത്യാസത്തിൽ തേജസ് ഷിർസെയ്ക്കു സെമിഫൈനൽ നഷ്ടമായി.