ദൗര്‍ഭാഗ്യം നീരജ് ചോപ്രയെ വിട്ടുമാറുന്നില്ല. ഒരു സെന്‍റീമീറ്ററിന്‍റെ വ്യത്യാസത്തില്‍ ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനം. തുടര്‍ച്ചയായ രണ്ടാം തവണയാണ് നീരജ് ഡയമണ്ട് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തുന്നത്. ബ്രസല്‍സില്‍ നടന്ന മല്‍സരത്തില്‍ 87.86 മീറ്റര്‍ ദൂരമാണ് നീരജ് താണ്ടിയത്. പാരിസ് ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായ ആന്‍ഡേഴ്സണ്‍ ആണ് ഒന്നാമത്. 85.97 മീറ്റര്‍ എറിഞ്ഞ ജര്‍മനിയുടെ ജൂലിയന്‍ വെബറാണ് മൂന്നാമത്. പാരിസ് ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവായ അര്‍ഷാദ് നദീമും കഴിഞ്ഞ തവണത്തെ ഡയമണ്ട് ട്രോഫി ജേതാവായ യാക്കൂബ് വാദ്ലജ് ഇക്കുറി ഡയമണ്ട് ലീഗില്‍ പങ്കെടുത്തില്ല.
10 മുതല്‍ 13 ഡിഗ്രി വരെയായിരുന്നു ബ്രസല്‍സിലെ താപനില. കഴിഞ്ഞ വര്‍ഷം ചെക്ക് റിപ്പബ്ലിക് താരമായ യാക്കൂബിന് പിന്നിലായി 83.80 മീറ്ററായിരുന്നു നീരജ് എറിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പ്രകടനം മെച്ചപ്പെടുത്താന്‍ നീരജിന് കഴിഞ്ഞത് പ്രതീക്ഷ പകരുന്നതാണ്.
86.82 മീറ്ററായിരുന്നു നീരജിന്‍റെ ആദ്യ ത്രോ. രണ്ടാം ത്രോയില്‍ ഇത് 83.49 മീറ്ററായി കുറഞ്ഞു. പക്ഷേ മൂന്നാം ത്രോയില്‍ 87.86 മീറ്റര്‍ താണ്ടാന്‍ കഴിഞ്ഞതോടെ നീരജിന് ആശ്വാസം. അതേസമയം, ആദ്യ ത്രോയെക്കാള്‍ പിന്നീടുള്ളവ നന്നാക്കാന്‍ ആന്‍ഡേഴ്സണ് കഴിഞ്ഞതുമില്ല.
ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ മാത്രമാണ് നീരജിനും പീറ്റേഴ്സിനും അല്‍പ്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത്. മുന്‍ യൂറോപ്യന്‍ ജാവലിന്‍ ചാംപ്യനായ വെബര്‍ 85.97 മീറ്ററാണ് ആദ്യം എറിഞ്ഞത്. എന്നാല്‍ പിന്നീട് 82,61 മീറ്റര്‍,82.15 മീറ്റര്‍,81.46 മീറ്റര്‍ എന്നീ ദൂരം താണ്ടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
അരക്കെട്ടിനേറ്റ പരുക്ക് നീരജിനെ വലയ്ക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. സീസണ്‍ അവസാനിക്കുന്നതിന് പിന്നാലെ ഡോക്ടര്‍മാരെ കണ്ട് സര്‍ജറി ആവശ്യമെങ്കില്‍ ചെയ്യാനാണ് നീരജിന്‍റെ തീരുമാനം. സീസണിലുടനീളം നീരജിന്റെ പ്രകടനത്തെ പരുക്ക് ബാധിച്ചിരുന്നു.