സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രെഡ് പാരിസ് ഒളിംപിക്സിലെ വേഗമേറിയ വനിതാ താരം. 100 മീറ്ററിൽ അമേരിക്കൻ താരങ്ങളെ പിന്തള്ളിയ ജൂലിയൻ ആൽഫ്രെഡ് 10.72 സെക്കന്റിൽ ഫിനിഷ് ചെയ്തു. കരീബിയൻ രാജ്യമായ സെന്റ് ലൂസിയ താരം ഒളിംപിക്‌സിൽ മെഡൽ നേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ലോക ചാമ്പ്യനായ അമേരിക്കയുടെ ഷാകെറി റിച്ചാർഡ്സൻ വെള്ളിയും മെലിസ ജെഫർസൻ വെങ്കലവും നേടി. ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർ സെമിഫൈനലിൽ മല്‍സരിക്കാതെ പിന്മാറിയിരുന്നു.
അതേസമയം ഒളിംപിക്സിലെ വേഗ രാജാവിനെ ഇന്നറിയാം. പുലര്‍ച്ചെ 1.20നാണ് ലോകം കാത്തിരിക്കുന്ന പുരുഷന്‍മാരുടെ നൂറ് മീറ്റര്‍ ഫൈനല്‍. അവസാന എട്ടില്‍ ഇടംപിടിക്കാനുളള സെമി ഫൈനല്‍ മത്സരങ്ങള്‍ രാത്രി 11.35ന് നടക്കും. നിലവിലെ ഒളിംപിക്സ് ജേതാവ് ഇറ്റലിയുടെ മര്‍സെല്‍ ജേക്കബ്സ്, ലോക ജേതാവ് അമരേിക്കയുടെ നോവ ലൈല്‍സ്, ഫ്രെഡ് കേര്‍ലി എന്നിവര്‍ക്കൊപ്പം സീസണിലെ ഏറ്റവും മികച്ച സമയം കുറിച്ച ജമൈക്കയുടെ കിഷെയ്ന്‍ തോംസണും വേഗരാജാവാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നു. ടോക്കിയോയില്‍ വെങ്കലം നേടിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസും മത്സര രംഗത്തുണ്ട്.