വയനാട് മണ്ഡലത്തിലെ ചേകാടിയിൽ എത്തണമെങ്കിൽ കാട് കടക്കണം. കാടിനപ്പുറത്ത് നെൽകൃഷിയൊക്കെക്കയായി ഒരു ഗ്രാമം. വെറും ഗ്രാമം എന്ന് പറഞ്ഞാൽ പോരാ ഗ്രാമീണ തനിമ വാരി വിതറിയ ഒരു ഗ്രാമം. ജൈവ രീതിയിൽ ഗന്ധകശാല അരി കൃഷി ചെയ്യുന്ന ഗ്രാമം. തനി നാടൻ വിഭവങ്ങളുടെ ഒരു കലവറ. ഞങ്ങൾ എത്തിച്ചേർന്നത് വയലിന് നടുവിലെ അജയൻ ചേട്ടന്റെ ചായക്കടയിലേക്ക് ആണ്. വയനാട്ടുകാർക്ക് പറയാനുള്ളത് അതിജീവനത്തിന്‍റെ കഥ തന്നെ, കാട്ടുമൃഗങ്ങളിൽ നിന്ന്, ജീവിത സാഹചര്യങ്ങളിൽ നിന്ന്. എന്നിട്ടും പ്രകൃതിയെ കൈവിടാതെ ചേർത്തുപിടിക്കുന്ന ഒരു ജനത. കണ്ടാലും മതിവരാത്ത കാഴ്ചകൾ ചേകാടിയുടെ സ്വത്ത്.