പേടിയാണ്, നിരത്തിലിറങ്ങാന്‍ പലര്ക്കുമിപ്പോള്. ഒറ്റനിമിഷം മതി, പാഞ്ഞെത്തുന്ന വണ്ടികള്ക്കുമുന്നില്പ്പെടാന്. വേഗവും മല്‍സരയോട്ടവും ഇന്ധനമാക്കി വാഹനമോടിക്കുന്നവര്‍ ജീവനുമേല്‍ ഇടിച്ചുകയറുകയാണ്. കൊച്ചിയിലെ കാര്യം പറയാത്തതാകും ഭേദം.
കൊച്ചിയിലെ ബസുകാര് നിരത്തിലെ കാലന്മാരാണെന്ന് ഹൈക്കോടതി പറഞ്ഞപ്പോള്‍ കേട്ടവര്‍ക്കാര്‍ക്കും അത്ഭുതം തോന്നിയിട്ടുണ്ടാകില്ല. മോശം പെരുമാറ്റം എന്ന ആരോപണം ഭൂരിഭാഗം ബസ് ജീവനക്കാര്‍ക്കുനേരെയും ഉയരാറുണ്ട്. ലഹരി ഉപയോഗത്തിനും പേരുകേട്ടവര്‍. ക്രിമിനല്‍ ലിസ്റ്റിലുള്ളവരും കുറവല്ല.
അത്തരം ആളുകള്‍ വളയം പിടിച്ച് കുതിക്കുമ്പോള്‍ ബസിലുള്ളവര്‍ക്കും റോഡിലുള്ളവര്ക്കും ഒരുപോലെ പേടിയാണ്. കൊച്ചി കാക്കനാട് ഇടച്ചിറയില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ കണ്ടവര്‍ക്ക് ഇപ്പോഴും ഭയം മാറിയിട്ടുണ്ടാവില്ല.
കൊടും ക്രിമിനലാണ് ബസ് ഓടിച്ചത്. സ്ഥിരം കുറ്റവാളി. ലഹരിക്കേസുകളടക്കം എട്ട് കേസുകളിൽ പ്രതിയാണിയാള്‍. ഇതുപോലുള്ളവര്‍ എങ്ങനെയാണ് നമ്മുടെ പൊതുഗതാഗതസംവിധാനത്തിന്റെ ഭാഗമാകുന്നത് ? ഇവനെപോലുള്ളവര്‍ ഡ്രൈവിങ് സീറ്റിലിരിക്കുമ്പോള് നിത്യദുഃഖത്തിലേക്ക് എടുത്തെറിയപ്പെടുന്നത് നിരപരാധികളുടെ കുടുംബങ്ങളാണ്. അവരുടെ സങ്കടം തുടയ്ക്കാന്‍ ആര്‍ക്കുകഴിയും ?