പുതിയ സ്വപ്നങ്ങളുമായി ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുമ്പോഴാണ് സുഹൈല്‍ സജീവിന്റെ ആഡംബര വാഹനം അവരുടെ ജീവനെടുത്തത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളറോഡിലായിരുന്നു അപകടം. ചീറിപ്പാഞ്ഞുവന്ന കാര്‍ സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചു. മൂന്നുപേരുടെ ജീവിതവും. കാര്‍ ഓടിച്ചിരുന്നത് ആലപ്പുഴ നൂഹ് മന്‍സിലില്‍ സുഹൈല്‍ സജീവ്. കൂട്ടുകാര്‍ക്കൊപ്പം ലഹരിപ്പുറത്തായിരുന്നു സുഹൈലിന്റെ മരണപ്പാച്ചിലെന്ന് പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു. ആരാണ് സുഹൈല്‍ ? അപകടം നടന്നശേഷം എല്ലാം എന്റെ വാപ്പ നോക്കിക്കോളും എന്ന് പറയാന്‍ മാത്രം സുഹൈലിന്റെ ആത്മവിശ്വാസത്തിന് പിന്നില്‍ എന്തായിരുന്നു ? സ്വന്തം പിഴയില്‍ മൂന്നുപേര്‍ പിടഞ്ഞുമരിച്ചിടത്ത് നാട്ടുകാര്‍ക്ക് നേരെ ആക്രോശിക്കാന്‍ സുഹൈലിന് ധൈര്യം കിട്ടിയത് എങ്ങനെയായിരുന്നു ?
വസ്ത്രവ്യാപാരിയായ അമ്മയുടെ പിറന്നാള്‍ സമ്മാനമായിരുന്നു സുഹൈലിന്റെ ആഡംബരക്കാര്‍. പിതാവിന്റെ പേരിലാണ് റജിസ്ട്രേഷന്. മണിക്കൂറില്‍ 218 കിലോമീറ്റര്‍ വേഗതയില്‍ ഈ കാര്‍ പായ്ക്കുന്ന ദൃശ്യങ്ങള്‍ സുഹൈല്‍ തന്നെ സ്വന്തം സമൂഹമാധ്യമ അക്കൗണ്ടില്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു. താന്‍ ചില്ലറക്കാരനല്ല എന്ന് തന്നെ. അതേ കാര്‍, മൂന്നുപേരെ ഒറ്റയടിക്കങ്ങ് ഇല്ലാതാക്കിക്കളഞ്ഞു. എല്ലാം വാപ്പ നോക്കിക്കോളുമെന്ന സുഹൈലിന്റെ വാക്കുകള്‍ വന്‍പ്രതിഷേധത്തിനാണ് ഇടയാക്കിയത്. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയായും ചിലര്‍ അതിനെ കണ്ടു. ആ സംശയം മരിച്ചവരുടെ ഉറ്റവര്‍ക്കും തോന്നിയത് സ്വാഭാവികം. നഷ്ടപ്പെട്ടതിന്റെ വേദനയ്ക്കിടെ അത്തരമൊരു വാര്‍ത്ത അവരെ ഉലച്ചുകളഞ്ഞു.
പണം എറിഞ്ഞ് സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന സംശയമാണ് ഗോപികയുടെ മാതാപിതാക്കളായ പ്രദീപും സജിതയും ഉന്നയിക്കുന്നത്. പ്രായപൂർത്തിയായ പ്രതിയെ ജുവനൈൽ ഹോമിൽ അയച്ചത് എന്തിനാണ്. വാഹനം ഓടിച്ച സമയത്ത് സുഹൈൽ മദ്യപിച്ചിരുന്നു എന്ന കാര്യം ആദ്യം എഫ്ഐആറിൽ ചേർക്കാതിരുന്നത് ദുരൂഹമാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം ഗോപികയുടെ രക്ത സാംപിൾ എടുത്തതിൽ സംശയമുണ്ട്. കൊലക്കുറ്റം ചുമത്തി പ്രതിക്ക് എതിരെ കേസെടുക്കണം. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന സാധാരണ കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടിയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതിന്റെ വേദനയും ഉറ്റവര്‍ സങ്കടത്തോടെ പങ്കുവയ്ക്കുന്നു. ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയ ദേവികയുടെ കുടുംബത്തിനും കേസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. വെല്ലുവിളികളെ അവസരങ്ങളാക്കി കുതിച്ചുയരാൻ മോഹിച്ച ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങളാണ് നെടുമ്പാശ്ശേരിയിലെ പാതയോരത്ത് ചിറകറ്റു വീണത്.
തൊട്ടതെല്ലാം പൊന്നാക്കിയ, പഠനത്തിലും കലയിലും കായികരംഗത്തും മികവു തെളിയിച്ച മിടുക്കി. സ്വന്തം കുടുംബത്തിന് തണലാകാൻ കൊതിച്ച വയനാട് മടക്കിമല സ്വദേശി ദേവിക എല്ലാവര്ക്കും പ്രിയങ്കരിയായിരുന്നു. ലഹരിയും ചോരത്തിളപ്പിന്റെ അമിത വേഗവും കവർന്നെടുത്തത് ആ കുടുംബത്തിന്റെ മുഴുവൻ താളമാണ്... ജില്ലാ സോഫ്റ്റ് ബോൾ ടീമിനായി കുതിച്ചുപാഞ്ഞ മിടുക്കി; വേദികളിൽ താളവിസ്മയം തീർത്ത ഭരതനാട്യ പ്രതിഭ. പത്തിലും പന്ത്രണ്ടിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങി വിജയഗാഥ രചിച്ച ദേവിക, ഏവിയേഷനിലും ബിബിഎയിലും സ്വപ്നവിജയം നേടി മുന്നേറുകയായിരുന്നു. ബിരുദദാനച്ചടങ്ങിന്റെ സന്തോഷം മായുംമുമ്പേ വിദേശത്തേക്ക് പറക്കാനൊരുങ്ങിയ ആ ചിറകുകളാണ് വെട്ടിയരിയപ്പെട്ടത്.
കുടുംബത്തിന് നല്ലൊരു വീട് പണിയണമെന്നായിരുന്നു അവളുടെ ഏറ്റവും വലിയ സ്വപ്നം. ഒടൂവിൽ ചേതനയറ്റ ആ ശരീരം ഒന്നു നിവർത്തി കിടത്താൻ പോലും സ്ഥലമില്ലത്ത ആ കൂരയിൽ നിന്നും ഒരു വിളിപ്പാടകലെ ഉള്ള കുടുംബവിട്ടിലേക്ക് കൊണ്ട് പോയി.. പ്ലസ് വണ്ണിൽ പഠിക്കുന്ന അനുജന്റെ പഠനച്ചെലവും താൻ ഏറ്റെടുക്കുമെന്ന് വാക്കു നൽകിയാണ് അവൾ എറണാകുളത്ത് പാർട്ട് ടൈം ജോലിക്ക് പോയിരുന്നത്. പ്രതീക്ഷകളുടെ വലിയൊരു ലോകം ബാക്കിയാക്കി ആ മകൾ യാത്രയാകുമ്പോൾ ചുറ്റും ശൂന്യതമാത്രം.
പണത്തിന്റെ, അധികാരത്തിന്റെ ഇടപെടല്‍ സുഹൈല്‍ സജീവ് എന്ന കുറ്റവാളിയെ രക്ഷപ്പെടുത്താന്‍ ഉണ്ടാകുമോ എന്ന സംശയമാണ് മരിച്ചവരുടെ കുടുംബത്തിനും സമൂഹമാധ്യമങ്ങളിലു നിറയുന്നത്. അതിന് അടിസ്ഥാനമായ ഗൗരവമേറിയ ചില വസ്തുതകളും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൂഫാനിലൂടെ സമൂഹത്തിന്റെ കയ്യടിനേടുന്നത് നമ്മള് കണ്ടതാണ്. യുവതയെ ലഹരിയില്‍നിന്ന് അകറ്റനിര്ത്താനുള്ള കൃത്യമായ ഇടപെടല്‍. നെടുമ്പാശേരിയിലെ വേദനയ്ക്ക് പിന്നില്‍ ലഹരിയുടെ കയ്യുണ്ടെന്ന സൂചനയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സുഹൈലിനും കൂട്ടര്‍ക്കും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ആഭ്യന്തരമന്ത്രി തന്നെ മുന്നില്‍നില്‍ക്കുമെന്ന് കേരളീയ പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്. അതുണ്ടാകട്ടെ.