ഗാസയെ ചോരക്കളമാക്കിയ, ഇസ്രയേല്‍–ഹമാസ് യുദ്ധത്തിലേക്ക് നയിച്ച, 2023 ഒക്ടോബര്‍ ഏഴ് ആക്രമണത്തിന് മൂന്നാണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗാസയില്‍ ചോരപൊടിയുന്നുണ്ട്. യുദ്ധം, പലായനം, പട്ടിണി, മരണങ്ങള്‍ എല്ലാം പതിവുകാഴ്ചകള്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍‌ 25നാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. പക്ഷേ,അതിനുശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1450കടന്നു. അയ്യായിരത്തിലധികംപേര്‍ക്ക് പരുക്കേറ്റു. എന്താണ് ഗാസയുടെ നിലവിലെ അവസ്ഥ? ശാശ്വത സമാധാനം ഗാസയ്ക്ക് എന്തുകൊണ്ട് സാധ്യമാകുന്നില്ല?

ലോകത്തിലെ ഏറ്റവും മികച്ചതെന്നു വാഴ്ത്തപ്പെടുന്ന ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹമാസിന്‍റെ മിന്നലാക്രമണം. തെക്കൻ ഇസ്രയേലിൽ കര, കടൽ, ആകാശം വഴി ഹമാസ് സംഘാംഗങ്ങള്‍ നുഴഞ്ഞുകയറി. അതിര്‍ത്തിയിലെ ചെക്പോസ്റ്റുകള്‍ തകര്‍ത്തും സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ചുമൊക്കെ ഹമാസ് ഇസ്രയേല്‍ മണ്ണില്‍ പറന്നിറങ്ങി. വിവിധയിടങ്ങളില്‍ ആക്രമണ പരമ്പര. തെക്കൻ ഇസ്രയേലിൽ കിബുറ്റ്സിൽ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിനെത്തിയവരില്‍ മാത്രം 260 പേരാണു ഹമാസ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്.ചെറുപ്പക്കാരായിരുന്നു ഏറെയും.  ഇസ്രയേലിന്‍റെ മറ്റിടങ്ങളിലും ഹമാസ് താണ്ഡവമാടി. വാതില്‍ പൊളിച്ച് വീടുകളിലേക്ക് കയറി കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചു. ചിലരെ ബന്ദികളാക്കി. യുവതികളടക്കമുള്ളവരെ നിര്‍ദാക്ഷണ്യം വലിച്ചിഴച്ച് വാഹനങ്ങളില്‍ തട്ടിക്കൊണ്ടുപോയി.

ഇസ്രയേല്‍ സൈന്യത്തിന്‍റെ ടാങ്കറുകളടക്കം ഹമാസ് കൈക്കലാക്കി. ചിലത് ബോംബിട്ടു തകര്‍ത്തു. അങ്ങനെ ഇസ്രയേല്‍ അന്നുവരെ കണ്ടിട്ടില്ലാത്തൊരു അരക്ഷിതാവസ്ഥയ്ക്കാണ് ആ ശനിയാഴ്ച രാവിലെ സാക്ഷിയായത്. ഗാസയോടു ചേർന്ന തെക്കൻ ഇസ്രയേലിലെ കഫർ അസ, സ്ദെറോത്, സുഫ, നഹൽ ഓസ്, മാഗെൻ, ബീയിറൈ എന്നീ പട്ടണങ്ങളിലടക്കം 25 ഇടങ്ങളില്‍ ഹമാസുമായി ഇസ്രയേൽ സേന ഏറ്റുമുട്ടി. ഇസ്രയേലില്‍ കൊല്ലപ്പെട്ടത് ആയിരത്തിഇരുന്നൂറിലധികംപേര്‍. ക്രൂരമായി ബന്ദികളാക്കപ്പെട്ടത് യുവതീയുവാക്കളടക്കം ആയിരത്തോളംപേര്‍. ഇന്ത്യ, യുഎസ്, യുകെ, യുഎഇ തുടങ്ങിയ ലോകരാജ്യങ്ങൾ ഹമാസ് ആക്രമണത്തെ അപലപിച്ചു. പതിവുപോലെ ഇറാൻ ഹമാസിനെ പിന്തുണച്ചു. ഹമാസിന്റെ ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ് ഇസ്രയേല്‍ കരുതിയതിനുമപ്പുറമുള്ള ആക്രമണമായിരുന്നു. 

മൊസാദിന്‍റെ സാങ്കേതിക മികവിനും പ്രവര്‍ത്തനശേഷിക്കും ഒക്ടോബര്‍ ഏഴില്‍ എന്തു സംഭവിച്ചു എന്നതടക്കം ചോദ്യങ്ങള്‍ഉയര്‍ന്നു. ഗാസയിൽനിന്ന്, ഹമാസില്‍ നിന്ന് ഇത്ര ശക്തമായ ആക്രമണംഎന്തുകൊണ്ടു മുൻകൂട്ടി കണ്ടില്ലെന്നതടക്കം ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തും മുന്‍പ്ഇസ്രയേല്‍ യുദ്ധത്തിനിറങ്ങി. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രിബെന്യാമിന്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തെയടക്കം ഉള്‍പ്പെടുത്തി വാര്‍ ക്യാബിനെറ്റിന്രൂപം നല്‍കി. പിന്നീടിങ്ങോട്ട് കണ്ടത് മൊസാദിന്‍റെ, ഇസ്രയേലിന്‍റെശക്തിയുടെ പ്രകമ്പനങ്ങളായിരുന്നു.

ഇസ്രയേലിന്‍റെ എല്ലാ ശക്തിയും ഗാസയെന്ന മുനമ്പിലേക്ക് അടിച്ചമര്‍ത്തപ്പെടുന്ന കാഴ്ച. കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത് യുദ്ധനിയമങ്ങളെല്ലാം മറന്ന് കൂട്ടക്കൊല. സുരക്ഷിതതാവളമെന്ന് കരുതി ഹമാസ് നിര്‍മിച്ച തുരങ്കങ്ങളടക്കം തകര്‍ത്ത് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്‍റെ ആക്രമണം. ഹമാസിനെത്തേടി വിദ്യാലയങ്ങള്‍,ആശുപത്രികള്‍ എന്നുവേണ്ട അഭയാര്‍ഥിക്യാംപുകള്‍വരെ ഇസ്രയേല്‍ തച്ചുതകര്‍ത്തു. വെള്ളവും വൈദ്യുതിയും അതിലുപരി ഭക്ഷണവും കിട്ടാക്കനിയായ അവസ്ഥയിലേക്ക് ഗാസയിലെ ജനം തള്ളപ്പെട്ടു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാനായിരുന്നു ജനത്തിന്‍റെ വിധി. റാഫ വഴി ഈജിപ്തിലേക്കുള്ള പലായനത്തിന്അതിര്‍ത്തിയില്‍ തടയിട്ടതോടെ അടച്ചിട്ടൊരു ഗുഹയ്ക്കുള്ളിലെന്നപോലെ ഗാസയിലെ ജനം വീര്‍പ്പുമുട്ടി.ഒക്ടോബര്‍ ഏഴിന്‍റെ ആസൂത്രകരെയെല്ലാം കൊലപ്പെടുത്തുമെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍നടപ്പാക്കുകയായിരുന്നു ഇസ്രയേല്‍ സൈന്യം. പക്ഷേ, അതിനുവേണ്ടി കുരുതികൊടുത്തത് പിറക്കാനിരുന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരെയായിരുന്നു. 

2023 ‍ഡ‍ിസംബറോടെ യുദ്ധം, ഗാസയ്ക്കും, പലസ്തീനും പുറത്തേക്ക് വ്യാപിച്ചു. ഹമാസിനോട് ഐക്യദാര്‍ഢ്യവുമായി പതിവുപോലെ ഇറാന്‍റെ പിന്തുണയോടെ ലബനനില്‍ നിന്ന് ഹിസ്ബുല്ലയും യെമനില്‍ നിന്ന് ഹൂതിയുംഇസ്രയേലിനെതിരെ ആക്രമണം തുടങ്ങി. ഉടന്‍ ലബനനിലേക്കും സിറിയയിലേക്കും യെമനിലേക്കുമെല്ലാംഇസ്രയേല്‍ പ്രത്യാക്രമണം വ്യാപിപ്പിച്ചു.അതിനിടെ ഹമാസിന്റെ തലപ്പത്തുള്ളവരെ ഇറാനില്‍പോലും കടന്നുകയറി ഇസ്രയേല്‍ വധിച്ചു. മൂന്നാം വാര്‍ഷികത്തിലെത്തിനില്‍ക്കുമ്പോള്‍ ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ സൂത്രധാരന്‍മാരെയെല്ലാം ഇസ്രയേല്‍ വധിച്ചുകഴിഞ്ഞു. പക്ഷേ, രണ്ടാംനിരയും മൂന്നാംനിരയും തച്ചുതകര്‍ത്ത് ഹമാസിനെ പൂര്‍ണമായും തകര്‍ക്കാതെ പിന്നോട്ടില്ലെന്ന വാശിയിലാണ് നെതന്യാഹു. ആ വാശിയുടെ പ്രതിഫലനം പക്ഷേ, പാവം ഗാസയിലെ ജനങ്ങളാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 

ഒരു വശത്ത് ഗാസ തകര്‍ന്നടിയുമ്പോള്‍, ഇസ്രയേല്‍ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുകയായിരുന്നു. ഗാസയും വെസ്റ്റ്ബാങ്കും ലെബനനും യെമനും കടന്ന് 2025 ജൂണില്‍ ആക്രമണംഇറാനിലേക്ക് നേരിട്ട് വ്യാപിച്ചു. അതിനിടെ, സമാധാനത്തില്‍ കഴിയുന്ന ഖത്തറിന്റെ മണ്ണില്‍ യുഎസ് ക്യാംപ് ലക്ഷ്യമിട്ട് ഇറാനും ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേലും ആക്രമണം നടത്തി. മധ്യപൂര്‍വദേശം യുദ്ധസമാനമായി മാറിയ കാഴ്ച.

ഹമാസിന് ഏറ്റവും പിന്തുണ നല്‍കുന്ന ഇറാനില്‍ മൊസാദ് നടത്തിയ ആക്രമണത്തില്‍ ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്്മായേല്‍ ഹനിയ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2025 ജൂണ്‍ പതിമൂന്നിന് ഇറാന്റെ ആണവസമ്പുഷ്ടീകരണവും ഹമാസിന് നല്‍കുന്ന പിന്തുണയും ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണം യുദ്ധത്തിലേക്ക് നയിച്ചു. ആണവശാസ്ത്രജ്ഞരും ഉന്നതസൈനികഉദ്യോഗസ്ഥരുമടക്കം കൊല്ലപ്പെട്ട ആക്രമണത്തിന് ഇറാന്‍ പ്രത്യാക്രമണം നടത്തി. ജൂണ്‍ 22ന് യുഎസ്, ഇറാന്റെ മൂന്നു പ്രധാന ആണവകേന്ദ്രങ്ങൾ ആക്രമിച്ചു. ബി2 ബോംബറുകൾ ഫൊർദോ, നതാൻസ് കേന്ദ്രങ്ങളും പേർഷ്യൻ ഗൾഫിലെ അന്തർവാഹിനികൾ ഇസ്ഫഹാൻ കേന്ദ്രവും ആക്രമിച്ചു. യുഎസ് ആക്രമണത്തിനുള്ള ഇറാന്റെ മറുപടി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഖത്തറിലേക്കായിരുന്നു. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഇറാന്റെ മിസൈൽ ആക്രമണം. മിസൈലുകളിലേറെയും വെടിവച്ചിട്ടെന്നും ആളപായമില്ലെന്നും യുഎസ് അറിയിച്ചു. പക്ഷേ, ഖത്തറിന്റെ മണ്ണില്‍ ഇറാന്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങളടക്കം കടുത്ത ഭാഷയില്‍ അപലപിച്ചു. ഖത്തറിലെ ആക്രമണത്തിന് പിന്നാലെ തിരക്കിട്ട സമാധാന നീക്കങ്ങള്‍. 12 ദിവസം നീണ്ട യുദ്ധത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സര്‍പ്രൈസ്ഡ് ആയി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അവസാനമണിക്കൂറുകളിലെ കനത്ത ആക്രമണത്തിന് പിന്നാലെ ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ കരാറിന് തയാറായി. 

ഖത്തറിലെ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫിസ് ലക്ഷ്യമിട്ട് 2025 സെപ്റ്റംബര്‍ ഒന്‍പതിന് ഇസ്രയേല്‍ ആക്രമണം. വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഹമാസ് ഉന്നത നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ ഹുമാം ഉൾപ്പെടെ  5 പ്രവർത്തകർ കൊല്ലപ്പെട്ടു. ഖത്തർ സുരക്ഷാസേനാംഗങ്ങളിലൊരാളും കൊല്ലപ്പെട്ടു. ആദ്യമായിട്ടായിരുന്നു ഒരു ഗള്‍ഫ് രാജ്യത്ത് ഇസ്രയേൽ ആക്രമണം നടത്തുന്നത്. ആക്രമണ വിവരം  ഇസ്രയേൽ യുഎസിനെ മുൻകൂട്ടി അറിയിച്ചിരുന്നു. ഉടൻതന്നെ വിവരം ഖത്തറിനു കൈമാറാൻ  ട്രംപ് നിർദേശം നൽകിയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. എന്നാൽ, വൈറ്റ്ഹൗസിൽനിന്നു വിളിയെത്തുമ്പോഴേക്കും സ്ഫോടനമുണ്ടായെന്നു ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ലോകരാജ്യങ്ങള്‍ അപലപിച്ചു. ഇസ്രയേലിന്റേത് തെമ്മാടിത്തരമാണെന്നും മധ്യപൂർവ മേഖലയെ അവർ സ്ഥിരംസംഘർഷഭൂമിയാക്കുകയാണെന്നും ഖത്തർ കുറ്റപ്പെടുത്തി.  ആഴ്ചകള്‍ക്കുശേഷം ട്രംപിനെ സാക്ഷിനിര്‍ത്തി ഖത്തറിനോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മാപ്പ് പറഞ്ഞു. 

യുഎസിന്റെ നേതൃത്വത്തില്‍ ഖത്തറിലും ഇസ്രയേലിലുമായിട്ടായിരുന്നു വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍.  താല്‍ക്കാലിക വെടിനിര്‍ത്തലുകള്‍ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം പൊളിഞ്ഞു. അതിനിടെ യുഎസില്‍ ബൈഡന്‍ മാറി ട്രംപ് അധികാരത്തില്‍ വന്നു. ബന്ദികളുടെ മോചനം, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റമടക്കം നിര്‍ദേശിക്കുന്ന പദ്ധതി മുന്നോട്ടുവച്ചത് ട്രംപായിരുന്നു. അങ്ങനെ നിരന്തരമുള്ള ചര്‍ച്ചകള്‍ക്കും ബന്ദി കൈമാറ്റങ്ങള്‍ക്കുമൊക്കെ ഇടയില്‌‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സമാധാനകരാര്‍ നിലവില്‍ വന്നു. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് സമാധാനപദ്ധതി മുന്നോട്ടുവച്ചത്. നെതന്യാഹു അത് അംഗീകരിച്ചു. ഒപ്പം ഗള്‍ഫ് രാജ്യങ്ങളും പദ്ധതിയെ സ്വാഗതം ചെയ്തു. ബന്ദികളുടെ മോചനം, ഗാസയുടെ ഭരണകൈമാറ്റം എന്നീ നിര്‍ദേശങ്ങള്‍ മാത്രമാണ് ഹമാസ് നിലവില്‍ അംഗീകരിച്ചത്.  ഒടുവില്‍ നിരന്തരമുള്ള ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി, ഈജിപ്ത് പ്രസി‍ഡന്റ് അബ്ദുൽ ഫത്താ അൽ സിസി, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ മധ്യസ്ഥരായ രാഷ്ട്രനേതാക്കള്‍ കരാറിൽ ഒപ്പിട്ടു. ട്രംപിന്റെ നേതൃത്വത്തിലുള്ള 'ബോർഡ് ഓഫ് പീസ്' എന്ന രാജ്യാന്തര സമിതിക്കാവും യുദ്ധാനന്തര ഗാസയുടെ ഭരണമെന്നാണു കരാറിലുണ്ടായിരുന്നത്. സമാധാനം പുനസ്ഥാപിക്കുക, സഹായമെത്തിക്കുക, ഗാസയുടെ പുനര്‍നിര്‍മാണം തുടങ്ങിയവയായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകള്‍. ഗാസയിൽ രാജ്യാന്തരസേനയെ വിന്യസിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിക്ക് ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയുടെ അംഗീകാരം. പക്ഷേ, കരാര്‍ നിലവില്‍ വന്നിട്ട് ഒരു വര്‍ഷമാകാറാകുമ്പോഴും എല്ലാദിവസവുമെന്നോണം ഇസ്രയേല്‍ ആക്രമണം നടക്കുന്നുണ്ട്. ഗാസയുടെ നിയന്ത്രണം പൂര്‍‌ണമായും കൈക്കലാക്കുകയും ഹമാസിനെ പൂര്‍ണമായും അവസാനിപ്പിക്കുകയുമാണ് ഇസ്രയേലിന്റെ ലക്ഷ്യം. ട്രംപ് പ്രഖ്യാപിച്ച ബോര്‍ഡ് ഓഫ് പീസില്‍ വിവിധ രാജ്യങ്ങള്‍ അംഗങ്ങളായി. ചര്‍ച്ചകളും നടന്നു. പക്ഷേ, അതൊന്നും ഗാസയുടെ ശാശ്വതമായ സമാധാനത്തിന് നിലകൊള്ളുന്ന സംവിധാനമായി മാറിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. സമാധാനം പുനസ്ഥാപിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് ഇസ്രയേല്‍ പലപ്പോഴും തടസങ്ങളുന്നയിക്കുന്നതും തിരിച്ചടിയാണ്. ഗാസയിൽ ഡോക്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് അടക്കം 2 ഡസൻ രാജ്യാന്തര സന്നദ്ധസംഘടനകളുടെ പ്രവർത്തനം ഇസ്രയേല്‍ വിലക്കിയത് കഴിഞ്ഞ വര്‌‌‍ഷാവസാനത്തോടെയായിരുന്നു. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെ ഇസ്രയേൽ സൈനികർ അറസ്റ്റ് ചെയ്തു.  ഗ്രേറ്റ ട്യുൻബെർഗ് ഉൾപ്പെടെയുള്ളവരോട് സൈനികർ മോശമായി പെരുമാറിയെന്ന് പരാതിയുയർന്നു. പുഴുവരിക്കുന്ന ഭക്ഷണവും മലിനജലവും നൽകി. ഗ്രേറ്റയെ പിടിച്ചുതള്ളിയെന്നും ഇസ്രയേൽ പതാക പുതയ്ക്കാൻ നിർബന്ധിച്ചെന്നുമാണു വെളിപ്പെടുത്തൽ. ഇസ്രയേൽ തീവ്രവലതുപക്ഷ നേതാവും സുരക്ഷാമന്ത്രിയുമായ ഇതാമർ ബെൻവിർ ആക്ടിവിസ്റ്റുകളെ സന്ദർശിച്ചപ്പോഴും മോശം പെരുമാറ്റമുണ്ടായെന്ന് ആരോപണമുയർന്നു. കഴിഞ്ഞ ഏപ്രിലില്‍ എഴുപതിലേറെ ബോട്ടുകളിലായി ആയിരത്തിലേറെ സന്നദ്ധപ്രവർത്തകരടങ്ങുന്ന വലിയ ദൗത്യസംഘം സഹായമെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതും ഇസ്രയേല്‍ തടഞ്ഞു. 175 പ്രവർത്തകരും 22 ബോട്ടുകളും ഇസ്രയേൽ കസ്റ്റഡിയിലെടുത്തു. 

കപ്പൽവ്യൂഹത്തിനു നേതൃത്വം നൽകിയ 2 സന്നദ്ധപ്രവർത്തകരെ ഇസ്രയേൽ നാടുകടത്തി. ഇസ്രയേൽ തടങ്കലിൽനിന്ന് വിട്ടയച്ച ഗ്ലോബൽ ഫ്ലോട്ടില ദൗത്യസംഘത്തിലെ അംഗങ്ങൾ ബലാൽസംഗം അടക്കമുള്ള ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പരാതിയുയര്‍ന്നു. 15ൽ അധികം പേർ ലൈംഗികപീഡനങ്ങൾക്ക് ഇരയായെന്ന് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയ ദൗത്യസംഘം, ഇസ്രയേൽ സൈനികർ പരുക്കേൽപ്പിച്ചതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. അതിനിടെ, ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുകയായിരുന്നു. 

2026ന്റെ തുടക്കം ചര്‍ച്ചയായത് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസും സമാധാനക്കരാറുമൊക്കെയായിരുന്നു. എന്നാല്‍ ഫെബ്രുവരി 28ല്‍ യുഎസ്–ഇസ്രയേല്‍ സഖ്യം ഇറാന്‍ ആക്രമിച്ചതോടെ ആ ചര്‍ച്ചകളൊക്കെ നിലച്ചു. ഇറാന്‍ യുദ്ധത്തിലേക്കായി ലോകത്തിന്റെ കണ്ണുകള്‍. അക്ഷരാര്‍ഥത്തില്‍ ഗാസയേയും അവിടത്തെ മാനുഷിക പ്രശ്നങ്ങളേയും ലോകം അരികുവല്‍ക്കരിക്കുന്ന കാഴ്ച. 

ഫെബ്രുവരി 28ന് ഉച്ചയ്ക്കായിരുന്നു ഇറാനില്‍ യുഎസ് ഇസ്രയേല്‍ സഖ്യം കനത്ത വ്യോമാക്രമണം നടത്തിയത്. ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയി കൊല്ലപ്പെട്ട ആക്രമണം ലോകത്തെ ഞെട്ടിച്ചു. പിന്നീട് ഇങ്ങോട്ട് ലോകം കണ്ടത് പശ്ചിമേഷ്യ യുദ്ധക്കളമായി മാറുന്ന കാഴ്ചയായിരുന്നു. ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. ജോര്‍ദാനടക്കം വിവിധ രാജ്യങ്ങള്‍ ആക്രമണങ്ങള്‍ക്കിരയായി. അതിനിടെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട്  ഇസ്രയേല്‍ സിറിയയില്‍ കനത്ത ആക്രമണങ്ങള്‍ നടത്തുകയായിരുന്നു. ഹമാസിന്റെ ശക്തി ക്ഷയിപ്പിച്ചപോലെ ഹിസ്ബുല്ലയേയും തീര്‍ക്കുകയെന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണം നിര്‍ത്തിവയ്ക്കണമെന്നത് ഇറാന്‍റെ പ്രധാനപ്പെട്ട ആവശ്യമായിരുന്നെങ്കിലും അതും പൂര്‍ണമായും നടപ്പായിട്ടില്ല. അതിനിടെ ഗാസയിലും ആക്രമണങ്ങള്‍ തുടരുന്നു. ഗാസയുടെ എഴുപതുശതമാനത്തോളം മേഖലയിലും ഇസ്രയേല്‍ സൈന്യം പിടിമുറുക്കി. ഗാസയിൽ ജനങ്ങളെ ഒഴിപ്പിച്ച ഭൂപ്രദേശത്തിന്റെ പകുതിയിലേറെ ഇസ്രയേൽ സൈന്യം മതിൽ കെട്ടിത്തിരിച്ചു. 23 കിലോമീറ്ററിലേറെ മൺമതിൽ നിർമാണം പൂർത്തിയായതിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവന്നു. ഗാസ മതിൽകെട്ടി തിരിക്കുന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തി പലസ്തീൻകാരെ ഒഴിപ്പിച്ച് സൈന്യം അധീനതയിലാക്കിയ പ്രദേശങ്ങൾക്ക് 'യെല്ലോ ലൈൻ' എന്ന് അതിർത്തി വച്ചിരുന്നു. ഈ അതിരാണു മതിലാക്കിമാറ്റുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണു നിർമാണം തുടങ്ങിയത്. പൂർത്തിയായാൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് മുതൽ വടക്ക് ഗാസ സിറ്റി വരെ മതിൽനീളും. ഗാസയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഈജിപ്ത് അതിർത്തിയിലെ റഫാ ഇടനാഴിയടക്കം നിലവിൽ മതിലിന് അകത്താണുള്ളത്. ഇത് സ്ഥിരം അതിർത്തിയായി മാറുമെന്നാണ് പലസ്തീൻകാരുടെ ആശങ്ക. 40 കിലോമീറ്ററിലേറെ നീളവും 11 കിലോമീറ്ററോളം വീതിയുമുള്ള ഗാസ മുനമ്പിൽ 20 ലക്ഷത്തിലേറെ പലസ്തീൻകാരാണുള്ളത്.

ഗാസയുടെ പുനര്‍നിര്‍മാണം, ഇസ്രയേല്‍ ആക്രമണം എന്നിവയോട് ലോകരാഷ്ട്രങ്ങളുടെ, പ്രത്യേകിച്ച് അറബ് രാജ്യങ്ങളുടെ നിലപാടുകള്‍ നിര്‍ണായകമാണ്. യുഎന്‍ പൊതുസഭയില്‍ പലസ്തീനെ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചുതുടങ്ങി. പക്ഷേ, പലസ്തീനെ യുഎന്നില്‍ അംഗീകരിച്ചതുകൊണ്ടുമാത്രം സമാധാനം പുനഃസ്ഥാപിക്കപ്പെടുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് ഉത്തരം. യുഎസിന്റെ പിന്തുണയുള്ളിടത്തോളംകാലം യുഎന്നില്‍ ഇസ്രയേലിന് ഭയപ്പാടുകളില്ല. 

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങള്‍ പിന്നീടിങ്ങോട്ട് ഗാസയിലെ ദുരിതത്തില്‍ ഇസ്രയേലിനെ പഴിച്ച് രംഗത്തെത്തിയിരുന്നു. ഫ്രാന്‍സ്,ബ്രിട്ടന്‍ , കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുന്നതായി യുഎന്നില്‍ പ്രഖ്യാപിച്ചു. യുഎന്നില്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയത്തിന് ഇന്ത്യയടക്കം 142രാജ്യങ്ങളുടെ പിന്തുണയുണ്ടായി. യുഎസ്, ഇസ്രയേല്‍, അര്‍ജന്റീന തുടങ്ങി 10 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. 12 രാജ്യങ്ങള്‍ വിട്ടുനിന്നു. വീറ്റോപവറുള്ള യുഎസിന്റെ എതിര്‍പ്പുള്ളതിനാല്‍ പ്രമേയം അംഗീകരിക്കാതെ പാസാക്കി. കഴിഞ്ഞ യുഎന്‍ പൊതുസഭാ വാർഷികസമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രസംഗം ബഹിഷ്കരിച്ച് എഴുപതിലേറെ രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോയി. നെതന്യാഹു പ്രസംഗം തുടരുമ്പോൾ, യുഎൻ കവാടത്തിൽ ഹോളിവുഡ് താരങ്ങളടക്കം നൂറുകണക്കിനാളുകൾ ഇസ്രയേലിനെതിരെ പ്രതിഷേധമുയർത്തി. യുഎസ് ഇസ്രയേലിന് ആയുധം നൽകുന്നതിലും ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതിയുടെ വാറന്റ് നേരിടുന്ന നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാത്തതിലും വിമർശനമുയർന്നു.പ്രസംഗം ആരംഭിച്ചതിനുപിന്നാലെ ഇറങ്ങിപ്പോയവരെ 'ധാർമികഭീരുക്കൾ' എന്നു നെതന്യാഹു വിശേഷിപ്പിച്ചപ്പോൾ, ഗാലറിയിൽനിന്ന് ഇസ്രയേൽ അനുകൂല മുദ്രാവാക്യമുയർന്നു. 'മിസ്റ്റർ മംദാനി. ഞാനിവിടെ വരുന്നതു തടയാൻ നിങ്ങൾ ശ്രമിച്ചു. എന്റെ വായ് മൂടിക്കെട്ടാൻ ശ്രമിച്ചു. എന്നാൽ, നിങ്ങൾക്ക് സത്യത്തെ നിശ്ശബ്ദമാക്കാനാവില്ല'– ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെ രൂക്ഷമായി വിമർശിച്ച നെതന്യാഹു, മംദാനി ഹമാസിനെ പിന്തുണയ്ക്കുകയാണെന്നും ആരോപിച്ചു. യുദ്ധക്കുറ്റവാളിയായ നെതന്യാഹു ന്യൂയോർക്കിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്നു തിരഞ്ഞെടുപ്പുകാലത്തു മംദാനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തനിക്കതിനു നിയമപരമായ അധികാരമില്ലെന്നു പിന്നീട് വ്യക്തമാക്കുകയും ചെയ്തു.40 മിനിറ്റ് പ്രസംഗത്തിലുടനീളം ലബനൻ, ഗാസ, ഇറാൻ, സിറിയ എന്നിവിടങ്ങളിലെ സൈനികനടപടികളെ ന്യായീകരിച്ച നെതന്യാഹു, ജൂതവിരുദ്ധതയ്ക്ക് പടിഞ്ഞാറൻ യൂറോപ്യൻ നേതാക്കൾ കീഴടങ്ങുകയാണെന്നും ഖത്തറും തുർക്കിയും ഇസ്രയേലിനെതിരെ നുണകൾ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു. 

ഇസ്രയേല്‍–പലസ്തീന്‍ പ്രശ്നത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് ഏറെ നിര്‍ണായകമാണ്. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ ഭൂരിപക്ഷം അറബ് രാഷ്ട്രങ്ങള്‍ അപലപിച്ചിരുന്നു. പിന്നീട് ഗാസയിലെ ദുരിതത്തില്‍ അറബ് ലോകം ഗാസയ്ക്കൊപ്പം നിന്നു. പലസ്തീന് പിന്തുണ ആവര്‍ത്തിക്കുമ്പോഴും ഹമാസിന്റെ പ്രവര്‍ത്തികളെ തള്ളുന്ന നിലപാടാണ് അറബ്–ഇസ്ലാമിക രാജ്യങ്ങളിലെറെയും, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ചത്. അപലപിക്കുക എന്നതിനപ്പുറം ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത നിലപാടിലേക്ക് കടന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പലസ്തീന്‍ ജനതയ്ക്കൊപ്പം നിന്ന് സഹായം നല്‍കുമ്പോഴും ഇസ്രയേലിനെതിരെ കടുത്തനിലപാടുകളിലേക്ക് കടക്കാന്‍ ഇസ്രയേലുമായി നയതന്ത്രബന്ധങ്ങളുള്ള യുഎഇയും ബഹ്റൈനുമൊക്കെ ശ്രമിക്കാതിരുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. അപലപിച്ച് പ്രസ്താവനയിറക്കുന്നു എന്നതിനപ്പുറം സ്ഥാനപതിയെ പുറത്താക്കുന്നതിനോ വ്യാപാരവാണിജ്യ ബന്ധങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനോ യുഎഇയും ബഹ്റൈനുമൊന്നും ശ്രമിച്ചില്ല. സൗദിയിലെ വിവിധയിടങ്ങളിലും ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നെന്ന് വിളിപ്പേരുള്ള യുഎഇയിലെ അബുദാബിയിലുമൊക്കെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങളാണ് ഹമാസിന് പിന്തുണ നല്‍കാതിരിക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. ഹമാസിന് കൊടുക്കുന്ന പിന്തുണ ഹൂതികള്‍ക്കുള്ള പിന്തുണയായി മാറുമെന്ന തിരിച്ചറിവാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ളത്. 

ഗാസയില്‍ ഹമാസിന്റെ അപ്രമാദിത്വം അവസാനിക്കുമോ? ഇസ്രയേല്‍ ഗാസയെ കൈപ്പിടിയിലൊതുക്കുമോ? ഒക്ടോബര്‍ ഏഴിന്റെ മൂന്നാം വാര്‍ഷികത്തിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയുമുണ്ട്. ഹമാസ്, ഹിസ്ബുല്ല, ഹൂതി എന്നിവര്‍ക്ക് പിന്തുണ നല്‍കുന്ന ഇറാനെതിരായ നടപടികള്‍ ഒരുവശത്ത്. മറുവശത്ത് ഗാസയില്‍ ഹമാസിനെ ഒഴിവാക്കി  ഇസ്രയേലിന്റെ അതിര്‍ത്തികള്‍ വലുതാക്കുക. ഈ ലക്ഷ്യങ്ങളിലേക്കാണ് ഇസ്രയേലിന്റെ യാത്ര.  ആ നിലപാടിന് പശ്ചിമേഷ്യയില്‍ നിന്ന് പോലും കടുത്ത എതിര്‌‍പ്പുകളില്ലെന്നത് ഇസ്രയേല്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. 

ഇറാനെ ആക്രമിച്ച യുഎസ്–ഇസ്രയേല്‍ സഖ്യത്തിന് ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം. ആറ് ഗള്‍ഫ് രാജ്യങ്ങളിലും ഇറാന്‍ ആക്രമണം നടത്തി. ലോകത്തെ പ്രധാന എണ്ണ വ്യാപാരഇടനാഴിയായ ഹോര്‍മുസിലും ഇറാന്‍ ആക്രമണം തുടരുന്നു. ഇറാന്‍റെ പ്രത്യാക്രമണങ്ങള്‍ അങ്ങനെ തുടരുമ്പോള്‍ ഹൂതികള്‍ സൗദിയെ നേരിട്ട് ആക്രമിക്കുകയും എണ്ണ ക്കപ്പലുകള്‍ ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. ഇറാന്‍ പിന്തുണയ്ക്കുന്ന, ഹൂതികളുടെ സഖ്യമായ ഹമാസിനെ പൂര്‍ണമായും പിന്തുണയ്ക്കാതിരിക്കാന്‍ സൗദിക്കും യുഎഇയുക്കുമൊക്കെ ഇത്തരം കാരണങ്ങള്‍ കൂടിയുണ്ട്. ഹുതികളെ പിന്തുണയ്ക്കുന്ന നിലപാട് ഇറാന്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങളും ഹമാസിനേയും ഹിസ്ബുല്ലയേയും പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇസ്രയേലും ആവശ്യപ്പെടുത്തത് കൂട്ടിവായിക്കണം. ഗാസയുടെ ശേഷിക്കുന്ന ഭാഗത്തും ആക്രമണം തുടരുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം മുന്നറിയിപ്പും ഭീഷണിയുമാണ്. ഹമാസിന്റെ തകര്‍ച്ചകൊണ്ട് ഇസ്രയേല്‍ എല്ലാം അവസാനിപ്പിക്കില്ലെന്നുറപ്പാണ്. ഹിസ്ബുല്ലയും പിന്നീട് ഇറാനും ഇസ്രയേല്‍ ആക്രമണഭീഷണിയുയര്‍ത്തുന്നുണ്ട്. അതിനൊരു അവസാനമുണ്ടാകണമെങ്കില്‍ ഒന്നുകില്‍ ഇറാന് പൂര്‍ണതോതില്‍ അടിതെറ്റണം. അല്ലെങ്കില്‍ ഇറാനും ഗള്‍ഫ് രാജ്യങ്ങളും ഒരുമയോടെ കൈകോര്‍ക്കണം. രണ്ടിനും സമീപഭാവിയില്‍ സാധ്യതയില്ലാത്തതിനാല്‍ ഗാസയില്‍ സമാധാനം അകലെയായിരിക്കും. 

ENGLISH SUMMARY:

The Gaza conflict update highlights the ongoing turmoil and the third anniversary of the October 7th attack that escalated the Israel-Hamas war, leading to widespread destruction and a severe humanitarian crisis.