തമിഴ്നാട് സേലത്ത് ഗര്‍ഭിണിയെ കൊന്നു ചാക്കിലാക്കി കിണറ്റില്‍ തള്ളി. കേസില്‍ കാമുകന് അറസ്റ്റിലായി. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതിയുടെ മൊഴി. എടപ്പാടി കൊങ്കണാപുരത്തിന് സമീപത്തെ കര്‍ഷകന്റെ കിണറ്റിലാണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിമൂന്നുകാരി കോകിലയാണ് മരിച്ചത്. അവിവാഹിതയായ കോകില കഴിഞ്ഞമാസം കടുത്ത വയറുവേദനയെ തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയില്‍ പോയപ്പോഴാണ് ഏഴുമാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് 26കാരന് അമ്മാസിയാണ് കുട്ടിയുടെ പിതാവെന്ന് കണ്ടെത്തി.
അമ്മാസിയും കോകിലയും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞതോടെ ഓഗസ്റ്റ് 26ന് കോകിലയെ കുടുംബം ഇയാള്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു. എന്നാല്‍ 31 മുതല്‍ യുവതിയെ കാണാതായി. കുടുംബം പൊലീസില്‍ പരാതിപ്പെട്ടു. കോകിലയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ പൊലീസ് അമ്മാസിയെ അറസ്റ്റ് ചെയ്തതോടെ കൊലപാതകം തെളിഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്ന് കോകില നിര്‍ബന്ധിച്ചെന്നും ഇത് പറഞ്ഞുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതിയുടെ മൊഴി. കോകിലയെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം ചാക്കില്‍കെട്ടി കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.