TOPICS COVERED

കഴിഞ്ഞദിവസം നടന്ന ദേശീയ കായികദിനാഘോഷത്തില്‍, വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിലുള്ള പ്രതിഷേധം തെരുവിലേക്ക് നീളുന്ന കാഴ്ചയാണ് സംസ്ഥാനത്ത് ഇന്ന് കണ്ടത്. ദേശീയഗീതം പൂര്‍ണമായി പാടിയതിനെതിരെ എസ്.എഫ്.ഐ ഇന്നലെ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടേറിയറ്റിലേക്കും എസ്.എഫ്.ഐ മാര്‍ച്ച് നടത്തി. നാലുതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും ശമിക്കാതെ പ്രതിഷേധച്ചൂട്. വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസിന്റെ നരനായാട്ടെന്ന് എസ്.എഫ്.ഐയും സി.പി.എമ്മും. യുദ്ധക്കളമായി മാറി തലസ്ഥാനനഗരി.

കേരള സര്‍വകലാശാല സംഘടിപ്പിച്ച ദേശീയ കായികദിനാഘോഷത്തിലാണ് വന്ദേമാതരം പൂര്‍ണമായി ആലപിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കേരള സര്‍വകലാശാല വി.സി മോഹനന്‍ കുന്നമ്മലും പങ്കെടുത്ത ചടങ്ങില്‍ മന്ത്രിമാരായ റോജി എം.ജോണും ഒ.ജെ.ജനീഷും ഉണ്ടായിരുന്നു. മന്ത്രിമാരും വി.സിയും ഒരേ ജേഴ്സി അണിഞ്ഞാണ് പരിപാടിയില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങിന്റെ പ്രോട്ടോക്കോള്‍ പറഞ്ഞാണ് കായികദിനാഘോഷത്തിന്റെ തുടക്കവും ഒടുക്കവും വന്ദേമാതരം പൂര്‍ണമായി ആലപിച്ചത്. വന്ദേമാതരത്തിന് ശേഷം ദേശീയഗാനവും പാടി. പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയതിനെതിരെ സര്‍വകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എസ്.എഫ്.ഐ എത്തി. മാര്‍ച്ചിനുനേരെ ഒരുവട്ടം ജലപീരങ്കി പ്രയോഗിച്ചശേഷം മുന്നറിയിപ്പില്ലാതെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്. വിദ്യാര്‍ഥികളെ പൊലീസ് മൃഗീയമായി തല്ലിച്ചതയ്ക്കുകയാണെന്ന് എം.വി.ഗേവിന്ദന്‍ പ്രതികരിച്ചു. ക്രമസമാധാനം തകര്‍ക്കുന്നത് പൊലീസ് തന്നെയാണെന്നും ഗോവിന്ദന്‍. ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്ന് യൂണിവേഴ്സിറ്റി കോളജിലേക്ക് എസ്.എഫ്.ഐ പ്രതിഷേധം മാറ്റിയിരുന്നു.

സി.പി.എമ്മിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറയ്ക്കാന്‍ എസ്.എഫ്.ഐയെ കരുവാക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് നൂറുദിവസമേ ആയിട്ടുള്ളൂ. ഇതിനിടെ എസ്.എഫ്.ഐ ഇത്രവലിയ സമരമുണ്ടാക്കാന്‍ എന്താണുണ്ടായതെന്നും രമേശ് ചെന്നിത്തല. ഇന്നത്തെ സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ എസ്.എഫ്.ഐയുടെ പ്രതിഷേധം തല്‍കാലത്തേക്കെങ്കിലും അവസാനിച്ചെന്ന് പറയാം. പക്ഷെ പ്രോട്ടോകോള്‍ പ്രകാരം വീണ്ടും വന്ദേമാതരം മുഴുനീളെ മുഴങ്ങാന്‍ സാധ്യതയുള്ളിടത്തോളം കാലം പ്രതിഷേധങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാം.

 

 

ENGLISH SUMMARY:

The Vande Mataram controversy escalated in Kerala, following a National Sports Day celebration where the song was sung in full. SFI protests against the full rendition of the Vande Mataram led to a police lathicharge, causing injuries to several students and prompting further demonstrations