2018ലെ പ്രളയത്തിലും കഴിഞ്ഞയാഴ്ചകളില്‍ കണ്ട പെരുമഴയിലും ചെറുവള്ളങ്ങളിലെത്തി രക്ഷകരായവരാണ് കടലിന്റെ മക്കള്‍. പക്ഷേ, ഒരോ പെരുമഴയിലും കലിതുള്ളുന്ന കടലിനൊപ്പമുള്ള ജീവിതത്തില്‍ നാട് എങ്ങനെ അവരെ ഓര്‍ക്കുന്നു എന്നതിന്റെ ഏറ്റവും സങ്കടകരമായ കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കണ്ടുപോകുന്നത്. മുതലപ്പൊഴിയും നീണ്ടകരയും വിഴിഞ്ഞവുമൊക്കെ കാത്തിരിപ്പിന്റെ തീരങ്ങളായ കാഴ്ച. പുറംകടലില്‍ മാത്രമല്ല ബോട്ടൊന്നിറക്കിയാല്‍ പോലും ദുരന്തമാകുന്ന മുതലപ്പൊഴിയൊക്കെ മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തുതുടങ്ങിയിട്ട് നാളേറെയായി. വാഗ്ദാനങ്ങളും വിശേഷണങ്ങളുമായി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമെന്ന് പറയുന്നതിനപ്പുറം വേണ്ടത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളുമാണെന്ന് അറിയാത്തവരല്ല അധികാരത്തിലിരിക്കുന്നവരും അധികാരത്തിലിരുന്നവരും. പക്ഷേ, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ അതൊക്കെ സൗകര്യപൂര്‍‌വം മറക്കുകയാണ്.

അറുനൂറു കിലോമീറ്ററോളം തീരദേശവും തീരത്തെ ആശ്രയിച്ചുകഴിയുന്ന വലിയൊരു ജനസമൂഹവുമുള്ള കേരളത്തിൽ അവഗണനയുടെയും അധികാരികളുടെ അലസസമീപനത്തിന്റെയും തുടർക്കഥകളാണ് നമ്മുടെ മത്സ്യത്തെ‍ാഴിലാളികൾക്കു പറയാനുള്ളത്. അക്കൂട്ടത്തിൽ ഏറ്റവും സങ്കടത്തോടെ എഴുതപ്പെട്ട പേരുകളിലെ‍ാന്നാണ് മുതലപ്പെ‍‍ാഴി. ഒരു പ്രത്യേക പ്രദേശത്ത് അപകടങ്ങളും മരണങ്ങളും ആവർത്തിക്കുമ്പോൾ ഭരണകൂടത്തിന്റെ സത്വരശ്രദ്ധ പതിയേണ്ടതും പരിഹാരനടപടികൾ സ്വീകരിക്കേണ്ടതുമാണ്. നിർഭാഗ്യവശാൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ മുതലപ്പൊഴിയുടെ കാര്യത്തിൽ അതുണ്ടാകുന്നില്ല. പൊഴിമുഖത്ത് ആഞ്ഞടിക്കുന്ന കൂറ്റൻ തിരമാലകളും രൂപംകൊള്ളുന്ന മണൽക്കൂനകളും കടലിനടിയിൽ വീണുകിടക്കുന്ന കല്ലുകളും ഇതുവരെ അപഹരിച്ചെടുത്തത് എണ്‍‌പതിലധികം മനുഷ്യജീവനാണെന്നതു സർക്കാർവിലാസം അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും വ്യക്തമായി വിളിച്ചുപറയുന്നു. മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് ആളെ കാണാതായെന്നും മരിച്ചുവെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പതിവുവാര്‍ത്തകളായി മാറിക്കഴിഞ്ഞു. അങ്ങനെയൊരു വാര്‍ത്തയാണ് കഴിഞ്ഞ 31നും കണ്ടത്. അന്നുണ്ടായ കടൽക്ഷോഭത്തിൽ മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞു മുപ്പത്തിരണ്ടുകാരന്‍ ഷിജിനെ കാണാതാകുന്നു. പതിവുപോലെ മുതലപ്പൊഴിയില്‍ മരണം സ്വാഭാവികമെന്നപോലെ നമ്മുടെ സംവിധാനങ്ങള്‍ മെല്ലെ മാത്രം ഉണര്‍ന്നു. ഫലമോ 11 ദിവസമായിട്ടും മൃതദേഹം കണ്ടെത്താനാകാതെ അലയേണ്ട സാഹചര്യം. തിരച്ചില്‍ നടപടികളില്‍ മെല്ലെപ്പോക്കെന്ന് ആരോപിച്ച് ഷിജിന്‍റെ ഭാര്യയും, ബന്ധുക്കളും പ്രത്യക്ഷ സമരം തുടങ്ങിയതിന് പിന്നാലെയാണ് മുതലപ്പൊഴിയിലെ തിരച്ചിലിന് വേഗത വന്നത്. 

അപ്പോഴും കൃത്യമായ സംവിധാനങ്ങളൊരുക്കി അവിടെ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താന്‍ ഇനിയും എത്രപേരുടെ മരണം കാണേണ്ടിവരുമെന്നാണ് ചോദ്യം. ഇത്രയേറെപ്പേർ മരിച്ചത് സ്വാഭാവിക അപകടങ്ങൾ മൂലമല്ലെന്ന് തീരമേഖലയും ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. ഇവിടുത്തെ തുറമുഖ നിർമാണം ശാസ്ത്രീയമല്ലെന്ന് ആദ്യം മുതലേ പരാതി ഉയർന്നിരുന്നു. പിന്നീട് ഇവിടെ പഠനം നടത്തിയ സർക്കാർ ഏജൻസികളും ഈ വാദം ശരിവച്ചു. 2001ൽ നിർമാണം ആരംഭിച്ച മുതലപ്പൊഴി തുറമുഖം 2020 ജൂണിലാണ് കമ്മിഷൻ ചെയ്തത്. വാമനപുരം നദി, അഞ്ചുതെങ്ങു കായൽ എന്നിവ കടലുമായി ചേരുന്ന മുതലപ്പൊഴിയിൽ അതിവേഗമാണ് മണൽത്തിട്ട രൂപം കൊള്ളുന്നത്. കൃത്യമായ ഇടവേളകളിൽ ഡ്രജിങ് നടത്തി, മണൽ ഒഴിവാക്കി അഴിമുഖച്ചാലിന് ആഴം കൂട്ടിയില്ലെങ്കിൽ ഇവിടെ അപകടങ്ങൾ ഉണ്ടാകുമെന്നു മുന്നറിയിപ്പുണ്ടായിരുന്നതാണ്. 2011ൽ ആണ് പൊഴിമുഖത്ത് ആദ്യ അപകടമരണമുണ്ടായത്. പിന്നീട് അപകടങ്ങൾ തുടർക്കഥയായി. 

ENGLISH SUMMARY:

the tragic plight of fishermen, particularly concerning the recurring dangers at Muthalpozhi. The article criticizes the authorities' delayed response and lack of concrete measures to ensure the safety of these coastal communities who are vital to Kerala's economy