മഴയൊന്ന് ഒഴിഞ്ഞ ദിവസം. ഭീതി കയറ്റി ഇന്നലെ രാത്രി വരെ പെയ്ത മഴയും മഴക്കോളുമല്ല ഇന്ന് കണ്ടത്. അത്രയൊന്നും തെളിയാത്ത ആകാശം മഴയെ ഓര്‍മിപ്പിച്ചെങ്കിലും പെയ്ത്തുണ്ടായില്ല. പലയിടത്തും വെള്ളം ഇറങ്ങി തുടങ്ങി. എന്നിട്ടും വെള്ളക്കെട്ടൊഴിയാത്ത ഭാഗങ്ങളിലെ ദുരിതകള്‍ക്ക് ഒട്ടുമേ കുറവുണ്ടായില്ല. സര്‍ക്കാര്‍ കൂടുതല്‍ സഹായം പ്രഖ്യാപിച്ചു ഇന്ന്. കൊടുംമഴയുടെ ആഘാതം ഏറ്റുവാങ്ങിയവര്‍ക്ക് തെല്ലൊരു ആശ്വാസം. തീവ്രമഴപ്പെയ്ത്തില്‍ ആകെ വെള്ളത്തിലായ ആറന്‍മുളയിലെ മിക്ക സ്ഥലങ്ങളില്‍ നിന്നും പ്രളയജലം ഇറങ്ങിത്തുടങ്ങി.
വയലിനോട് ചേർന്ന ഭാഗങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളക്കെട്ട് ഉള്ളത്. വെള്ളം ഇറങ്ങിയതോടെ ആളുകൾ വീടുകളിലേക്ക് തിരിച്ചെത്തിത്തുടങ്ങി. തിരിച്ചുപോകാനുള്ള കാത്തിരിപ്പിലാണ് മത്സ്യത്തൊഴിലാളികളും. റാന്നിയിലെ വെള്ളക്കെട്ട് പൂർണമായും ഇറങ്ങി.
മഴ മുന്നറിയിപ്പില്‍ മാറ്റങ്ങളുണ്ടായ ദിവസം കൂടിയാണിന്ന്. റെഡ് അലര്‍ട്ടുകള്‍ നിലവില്ലാത്ത ദിനം. പക്ഷേ കരുതലുണ്ടായിരിക്കണം. മഴ ഇനിയും വരും. നേരിടാനുറച്ചുള്ള യുദ്ധകാല അടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കേണ്ടത്. മഴക്കാലം തീവ്രമഴയോ ചാറ്റല്‍ മഴയോ എന്ന് മുന്നറിയിപ്പുകള്‍ തന്നിട്ടാവില്ല പെയ്യുന്നത്. അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാത്ത ഒന്നിനും പ്രകൃതി കൂടുതല്‍ അവസരങ്ങളും ബാക്കിവയ്ക്കില്ലന്നോര്‍ക്കണം.