സിജെപി– കേന്ദ്രസര്‍ക്കാര്‍ മൂന്നാംവട്ട ചര്‍ച്ച വൈകീട്ടോടെ നടക്കാനിരിക്കെയായിരുന്നു ഉച്ചയ്ക്ക് രണ്ട് മണിയോടെ ജന്തര്‍ മന്തറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് ലാത്തി വീശി... കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം കനത്തു. പക്ഷേ ട്വിസ്റ്റ് അവിടെയായിരുന്നില്ല. അത് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിലായിരുന്നു. അവിടെ അന്നേരം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ തന്റെ രാജിക്കത്ത് തയ്യാറാക്കുകയായിരുന്നു. കൃത്യം രണ്ടേ ഇരുപതോടെ ആ വാര്‍ത്തയെത്തി. കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ രാജിവച്ചു.
ജന്തര്‍ മന്തറില്‍ പാറ്റകളുടെ വിജയപ്പാറിപ്പക്കല്‍... കോക്രോച്ച് ജനത പാര്‍ട്ടിയുെട സമരത്തിന് 35–ാം ദിവസം അങ്ങനെ അവര്‍ ലക്ഷ്യം കണ്ടു. ജെന്‍സി കള്‍ സംഘടിച്ചപ്പോള്‍ മുട്ടുകുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യമാകെ പടര്‍ന്നു പിടിച്ച സമരത്തിന് മുന്നില്‍ പ്രൊപ്പഗാണ്ടകളും അടിച്ചമര്‍ത്തലുകളും ഇത്തവണ ഫലം കണ്ടില്ല. മോദിയുെട പാതിരാ റീലുകള്‍ക്ക് റീച്ചുണ്ടായെങ്കിലും സമരത്തെ കണ്ടില്ലെന്ന് നടിക്കാനാവാതെയായി. ഒടുവില്‍ ധര്‍മേന്ദ്രപ്രധാന് തന്‍റെ പേരിനോട് വൈകിയ വേളയിലെങ്കിലും നീതി പുലര്‍ത്താനായി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കോക്രോച്ചുകള്‍ എന്ന പരമാര്‍ശമാണ് കോക്രോച്ച് ജനത പാര്‍ട്ടിയുെട ആരംഭത്തിന് കാരണം. അങ്ങനെ തുടങ്ങിയ ഒരു പാര്‍ട്ടി ഡല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ ഒത്തുകൂടി കേന്ദ്രസര്‍ക്കാരിനെ വിറപ്പിച്ചു. സമ്പൂര്‍ണ വിജയം നേടി മടക്കം. സമീപകാല ഇന്ത്യയില്‍ വിജയിച്ച ഏക സമരം. ഈ സമരം അഴിച്ചുവിടുന്ന പ്രതിഷേധത്തിന്റെ പ്രതിരോധത്തിന്റെ ശക്തി ഏത് വഴിയിലൂടെയൊക്കെ വരുംകാലത്ത് എന്തായി തീരുമെന്ന് കാലം പറയും. ഏറ്റവും ചുരുങ്ങിയത് ഒരു ജനാധിപത്യരാജ്യത്തെ സര്‍ക്കാരിന് ഇനിയും ജനങ്ങളെ കേള്‍ക്കാതെ മനസിലാക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് അരക്കിട്ട് ഉറപ്പിക്കുന്നുണ്ട് എന്നതാണ് ആശ്വാസം.