സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ക്ഷേത്ര കൊള്ളയോ അയോധ്യയില്‍ നടന്നത് ? ഇപ്പോള്‍ പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമോ? ക്ഷേത്രനിര്‍മാണത്തിന് ലഭിച്ച പണം മുതല്‍ കാണിക്കയായി ലഭിച്ച സ്വര്‍ണവും വെള്ളിയും വരെ എന്തെല്ലാം, ആരെല്ലാം കടത്തി? ''ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോദശവന്നപോലെപോം'' എന്ന കവിവാക്യം പോലെയാണ് രാമജന്മഭൂമി ക്ഷേത്രത്തിലെ കാര്യങ്ങള്‍. അത്രയ്ക്ക് ഗുരുതരമാണ് അയോധ്യയിലെ രാജ്യം ഞെട്ടിയ ക്ഷേത്രക്കൊള്ളയുടെ കാണാപ്പുറങ്ങള്‍.
നൂറ്റാണ്ടും നീണ്ട തര്‍ക്കങ്ങളുടെ ചരിത്രമുള്ള, പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ആഴത്തില്‍ സ്വാധീനിച്ച, വാര്‍ത്താതലക്കെട്ടുകളില്‍ എന്നും ഇടംപിടിച്ച സംഭവബഹുലമായ ചരിത്രമുറങ്ങുന്ന മണ്ണാണ് അയോധ്യ. സുപ്രീം കോടതി വിധിക്കുശേഷം അവിടെ രാമജന്മഭൂമി ക്ഷേത്രം സ്ഥാപിതമായപ്പോള്‍ അത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നായി. കോടികണക്കിന് രൂപയുടെ സംഭാവന കൊള്ളയടിച്ചെന്ന പേരിലാണ് ഇന്ന് ക്ഷേത്രം വാര്‍ത്തകളില്‍ നിറയുന്നത്. സംഭാവനക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവന്നശേഷം അയോധ്യയിലേക്കുള്ള തീര്‍ഥാടക പ്രവാഹവും സംഭാവന വരവും കുറഞ്ഞു. വിശ്വാസികളെ അത്രമാത്രം വേദനിപ്പിക്കുന്നതാണ് ക്ഷേത്രക്കൊള്ളയുടെ ലജ്ജാകരമായ അധ്യായം.
രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനയില്‍നിന്ന് ഏഴര കോടി രൂപ വരെ വകമാറ്റിയെന്ന് സമാജ്‌വാദി പാർട്ടി നേതാവും അയോധ്യ മുൻ എംഎൽഎയുമായ പവൻ പാണ്ഡെയാണ് ആദ്യം ആരോപണമുന്നയിച്ചത്. മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപണങ്ങൾ ഏറ്റുപിടിച്ചതോടെ വിവാദം ആളിക്കത്തി. ക്രമക്കേടില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട അഖിലേഷ് സംഭാവന എണ്ണലിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരസ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സംഭാവനയില്‍നിന്ന് 15,000 കോടി രൂപവരെ വെട്ടിച്ചിട്ടുണ്ടെന്നും പിന്നാല ആരോപണമുയര്‍ന്നു. സ്വര്‍ണം, വെള്ളി ഉരുപ്പടികളടക്കമുള്ളവയുടെ മൂല്യംകൂടി ചേര്‍ത്താകാമിത്. ക്ഷേത്ര ട്രസ്റ്റ് ആദ്യഘട്ടത്തില്‍ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. എല്ലാ സംഭാവനകള്‍ക്കും ഇടപാടുകള്‍ക്കും കൃത്യമായ കണക്കുണ്ടെന്നും എല്ലാം സുതാര്യമാണെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. ആരോപണം വലിയ വാര്‍ത്തയായതോടെ ട്രസ്റ്റ് തന്നെ അന്വേഷണമാവശ്യപ്പെട്ടു. ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അതിനിടെ വന്‍തുകയും സ്വര്‍ണവും വെള്ളിയും മറ്റും സംഭാവന നല്‍കിയ വ്യവസായികളുള്‍പ്പെടെ ആരോപണങ്ങളുമായി രംഗത്തെത്തി. കോടികള്‍ സംഭാവന നല്‍കിയിട്ടും ഇവര്‍ക്കൊന്നും രസീത് പോലും ലഭിച്ചിരുന്നില്ല.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോളാണ് അയോധ്യ സംഭാവനക്കൊള്ള വിവരം പുറത്തുവരുന്നത്..തുടര്‍ഭരണണെന്ന ബിജെപി മോഹം സംഭാവനക്കൊള്ളയില്‍ത്തട്ടി ഉടയുമോ ?ഇപ്പോഴത്തെ ആരോപണങ്ങളുടെ മുന രാഷ്ട്രീയമായി നീളുന്നത് കേന്ദ്രസര്‍ക്കാരിലേക്കാണ്.ഇപ്പോള്‍ വീണ ചെളി കഴുകി വൃത്തിയാക്കാന്‍ പോകുന്നത് യോഗി ആദിത്യനാഥാണ് എന്നതാണ് അദ്ദേഹത്തിന്‍റെ ക്യാംപ് അവകാശപ്പെടുന്നത്. മറ്റൊന്ന് രാമക്ഷേത്രനിര്‍മാണത്തോട് അനുഭാവം പുലര്‍ത്താതിരുന്ന പ്രതിപക്ഷത്തിന് ഈ വിഷയം ഇരുതലമൂര്‍ച്ചയുള്ള വാളാണ് എന്നതാണ്. അയോധ്യ രാമജന്മഭൂമി പ്രസ്ഥാനമാണ് ഇന്ത്യയില്‍ ബിജെപിയുടെ വളര്‍ച്ചയുടെ വേഗം വര്‍ധിപ്പിച്ചത്. രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിമാറ്റത്തിന് ഇടയാക്കിയ രാമജന്മഭൂമി പ്രക്ഷോഭം. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽനിന്ന്1990ൽ എല്‍കെ.അഡ്വാനിയുടെ നേതൃത്വത്തില്‍ തുടങ്ങിയ രഥയാത്രയുടെ ഫലമായിരുന്നു1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്.
1996ല്‍ അടല്‍ബിഹാരി വാജ്പേയുടെ നേതൃത്വത്തില്‍ ബിജെപി നേതൃത്വം നല്‍കിയ ആദ്യ സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റപ്പോള്‍ അതിന് പിന്നില്‍ അയോധ്യ ഉണര്‍ത്തിയ ഭൂരിപക്ഷ രാഷ്ട്രീയ വികാരം പ്രധാനമായിരുന്നു. ഒടുവില്‍2019ല്‍ അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി.അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാം,ചുമതല കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനു തര്‍ക്കഭൂമിക്കു പുറത്ത് അഞ്ചേക്കര്‍ സ്ഥലം.പിന്നീടെല്ലാം മിന്നല്‍ വേഗത്തിലായിരുന്നു. ശ്രീ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ ്രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പാര്‍ലമെന്‍റില്‍ അറിയിച്ചത്.
ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജമുതല്‍ പ്രാണപ്രതിഷ്ഠയും ധ്വജാരോഹണവും വരെ എല്ലാ പ്രധാന ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയത് പ്രധാനമന്ത്രി മോദി നേരിട്ട്. മതനിരപേക്ഷ റിപ്പബ്ലിക്കിന്‍റെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് ശരിയല്ല എന്ന വിമര്‍ശനത്തെ അപ്പാടെ അവഗണിച്ചു. അയോധ്യ രാമക്ഷേത്രം രാജ്യമെങ്ങും മോദിയുടെ നേട്ടമായി ഉയര്‍ത്തിക്കാട്ടി. പക്ഷേ പ്രാണ പ്രതിഷ്ഠ നടന്ന 2024ഏപ്രിലില്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തുണച്ചില്ല .അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദടക്കം യുപിയിലെ 28 സിറ്റിങ് സീറ്റുകളില്‍ NDA തോറ്റു. സമാജ് വാദി പാര്‍ട്ടിയിലെ അവധേഷ് പ്രസാദ് ഫൈസബാദ് എം.പിയായി. യുപി ചതിച്ചതോടെ ഘടകക്ഷികളുടെ പിന്തുണയോടെ മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റു. ഇപ്പോള്‍ ഉത്തര്‍പ്രദേശെന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കെലെത്തുമ്പോള്‍ ഭക്തലക്ഷങ്ങളെ ഞെട്ടിപ്പിച്ച സംഭാവനക്കൊള്ള പുറത്തുവരുന്നു. ഉത്തരവാദിത്തം പ്രധാനമന്ത്രി മോദിക്കാണെന്ന് പ്രതിപക്ഷം.
അയോധ്യ ക്ഷേത്രകൊളള പുറത്തുവന്ന് ഒരുമാസം പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പക്ഷേ മൗനത്തിലാണ്. അഴിമതിയുടെ കാര്യത്തില്‍ തിന്നുകയുമില്ല തീററിക്കുകയുമില്ല എന്ന് പ്രസംഗത്തിൂടെ അണികളെ ആവേശത്തിലാക്കുന്ന മോദിക്ക് രാം ലല്ലയുടെ പണം കൊള്ളയടിച്ചരെക്കുറിച്ച് ഒന്നും പറയാനില്ല. ചെറുമീനുകളല്ല അയോധ്യ കൊള്ളയിലെ ആരോപണ വിധേയര്‍. വിഎച്ച്പി ഉപാധ്യക്ഷന്‍ ചമ്പത് റായ് മൂന്നു ദശാബ്ധക്കാലം രാമജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം നല്‍രകി. ആര്‍എസ് എസ് നേരിട്ടാണ് ക്ഷേത്രട്രസ്റ്റിന്‍റെ നേതൃത്വത്തിലേക്ക് ചമ്പത് റായെ കൊണ്ടുവന്നത്. ചമ്പത് റായ് അറിയാതെ അയോധ്യരാമക്ഷേത്രത്തില്‍ ഇലയനങ്ങില്ല. സര്‍വോപരി നരേന്ദ്രമോദിയുടെ വിശ്വസ്ഥന്‍.അത്തരമൊരാള്‍ രാം ലല്ലെയെ കൊള്ളയടിക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണമാണ് ഉയരുന്നത്. ബിജെപിക്കും വിഎച്ച്പിക്കും ഉള്ളിലെ പടലപ്പിണക്കങ്ങളാണ് കൊള്ളപുറത്തുവരാന്‍ കാരണമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം യോഗി ആദിത്യനാഥിനെ മാറ്റാനുള്ള ശ്രമങ്ങള്‍ മനസിലാക്കിയ മുഖ്യമന്ത്രി കേന്ദ്രനേതാക്കള്‍ക്കിട്ട് ചെക് വച്ചതാണെന്ന് കരുതുന്നവരുണ്ട്. തന്നെ ഇല്ലാതാക്കാന്‍ നോക്കിയാല്‍ അയോധ്യദഹനത്തിലൂടെ പാര്‍ട്ടിയെത്തന്നെ ഇല്ലാതാക്കുമെന്നാണ് ബാബയുടെ വെല്ലുവിളിയെന്ന് യോഗി ഭക്തര്‍ അടക്കം പറയുന്നു.
ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേക അന്വേഷണസംഘം സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലാണ്. ക്ഷേത്രനിര്‍മാണത്തിന് ലഭിച്ച കോടികളുടെ കണക്കടക്കം രാമക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പുറത്തുകൊണ്ടുവരാന്‍ ഈ അന്വേഷണത്തിന് സാധിച്ചേക്കും. ചുരുക്കിപ്പറഞ്ഞാല്‍ സംഘപരിവാറിനുള്ളില്‍ ഒത്തു തീര്‍പ്പായില്ലെങ്കില്‍ ഒരു ചമ്പത് റായിലോ അനില്‍ മിശ്രയിലോ ഗോപാല്‍ റാവുവിലോ ഒതുങ്ങില്ല രാമക്ഷേത്രത്തിന്‍റെ പേരില്‍ നടന്ന തീവെട്ടിക്കൊള്ള. അതേസമയം രാഹുല്‍ഗാന്ധിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അയോധ്യയെപ്പറ്റി സംസാരിക്കാന്‍ എന്ത് യോഗ്യത എന്നാണ് ബിജെപി ചോദിക്കുന്നത്. രാമജന്മഭൂമിയിലുയര്‍ന്ന ക്ഷേത്രത്തിലേക്ക് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ തിരിഞ്ഞുകയറിയിട്ടില്ലല്ലോ എന്ന ചോദ്യം ഭക്തരെയും സ്വാധീനിക്കാന്‍ പറ്റുന്നതാണ്. ഇതെല്ലാം പറയുമ്പോഴുംപ്രധാനചോദ്യം രാമജന്മഭൂമിയുടെ പേരില്‍ രാജ്യത്ത് വിദ്വേഷ രാഷ്ട്രീയത്തിന്‍റെ വിത്തുപാകിയവര്‍ക്ക് ഈ കൊള്ളയില്‍ കൈകഴുകാനാവുമോ എന്നതാണ്. അവരെ വിശ്വസിച്ച് സ്വന്തം കെട്ടുതാലിപോലും ക്ഷേത്രനിര്‍മാണത്തിന് നല്‍കിയ സ്ത്രീകളടക്കം കോടിക്കണക്കിന് ഭക്തര്‍ അവര്‍ക്ക് മാപ്പുനല്‍കമോ എന്നതാണ്.