മഴയ്ക്ക് ഇന്നും ശമനമില്ല, ഒപ്പം കെടുതികള്‍ക്കും. തകര്‍ത്തു പെയ്യുന്ന കാലവര്‍ഷത്തില്‍ വടക്കന്‍ കേരളമാണ് ഇന്ന് ദുരിതത്തിലായത്. മറ്റിടങ്ങളിലും ദുരിതത്തിന് കുറവൊന്നുമില്ല. മഴ ഒഴിഞ്ഞുനിന്ന പ്രദേശങ്ങളില്‍ പോലും താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളക്കെട്ടിലാണ്. റോഡുകളില്‍ വന്‍ കുഴികള്‍ നിറഞ്ഞതോടെ യാത്രക്കാരും ദുരിതത്തിലായി. ഇതിനൊപ്പമാണ് പകര്‍ച്ചവ്യാധികളുടെ പെരുപ്പവും. മഴ കനത്താലും പെയ്തില്ലെങ്കിലും വൈദ്യുതിയും ഒളിച്ചുകളി തുടരുകയാണ്. കനത്തമഴയില്‍ കാസര്‍കോട്ട് സംസ്ഥാനപാതയിലാണ് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായത്. കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ചെമ്മനാടിനും മേല്‍പ്പറമ്പയ്ക്കും ഇടയില്‍ കോട്ടരുവത്താണ് മണ്ണിടിച്ചിലുണ്ടായത്. രാവിലെ പത്ത് മണിയോടെയാണ് മണ്ണിടിഞ്ഞുവീണത്. കാറിനും ഇരുചക്രവാഹനത്തിന് മുകളിലേക്കും കല്ലുകള്‍ വീണു. കാര്‍ യാത്രക്കാര്‍ക്കും ബൈക്ക് യാത്രികനും പരുക്കേറ്റു. മണ്ണിടിഞ്ഞ് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. 

കാസര്‍കോട് കീഴൂര്‍ കടപ്പുറത്തെ ശാരികയുടെ വീട്  രാവിലെ ഏഴുമണിയോടെ തകര്‍ന്നുവീണു. സംഭവത്തില്‍ ശാരികയ്ക്കും സഹോദരന്‍ ഷാജിക്കും പരുക്കേറ്റു. ഓറഞ്ച് അലര്‍ട്ട് ആയതിനാല്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ആയിരുന്നു. കണ്ണൂരിലും മഴ ശക്തമായിരുന്നു. മഴയില്‍ കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. പുറകുവശത്തെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഭാഗ്യവശാല്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റില്ല. കോഴിക്കോട് വടകരയിലും മണ്ണിടിച്ചിലുണ്ടായി. വടകര ദേശീയപാതയില്‍ പുതുപ്പണത്താണ് മണ്ണിടിച്ചലുണ്ടായത്.  അരവിന്ദ് ഘോഷ് റോഡിന് സമീപം സോയില്‍ നെയിലിങ് നടത്തിയ പാര്‍ശ്വഭിത്തിയാണ് തകര്‍ന്ന് വീണത്. നാലാം തവണയും ഈ ഭാഗത്ത് മണ്ണിടിച്ചുണ്ടായതോടെ സമീപത്തെ ടി.കെ.ബാബുവിന്‍റെ വീട് അപകടഭീഷണിയിലായി. 

കോഴിക്കോട് ഓമശേരിയില്‍ കനത്തമഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് അഞ്ചുകുറുനരികള്‍ ചത്തു.  ഇന്നലെ രാത്രി വെസ്റ്റ് വെണ്ണക്കോട് ആണ് കനത്ത മഴയിയ്ക്കിടെ ചക്ക വീണ് വൈദ്യുതലൈന്‍ പൊട്ടിയത്. രാവിലെ വെള്ളക്കെട്ടില്‍ കുറുനരികള്‍ ചത്തുകിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് വൈദ്യുതിലൈന്‍ പൊട്ടിവീണ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.  തുടര്‍ന്ന് ലൈന്‍ ഓഫാക്കിയതിനാല്‍ വന്‍‌ ദുരന്തമൊഴിവായി.

കനത്തമഴയില്‍ റോഡുകള്‍ വെള്ളത്തിലായതോടെ യാത്രക്കാരുടെ നടുവൊടിക്കാന്‍ ഗര്‍ത്തങ്ങളും നിറഞ്ഞുകഴിഞ്ഞു. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ ദേശീയപാതയിലെ നിര്‍മ്മാണം പൂര്‍ത്തിയായ മേല്‍പ്പാലത്തിന്‍റെ ഒരുഭാഗത്തെ റോഡ് പൂര്‍ണമായി ഇടിഞ്ഞുതാഴ്ന്നു. താഴെഭാഗത്തുനിന്ന് മണ്ണ് ഒലിച്ചുപോയതാണ് റോഡില്‍ വലിയ ഗര്‍ത്തമുണ്ടാകാന്‍ കാരണം. 

വൈകിട്ട് ആറുമണിയോടെ ചേർത്തല 11-ാം മൈലിൽ രൂപപ്പെട്ട ഗര്‍ത്തം മൂടാന്‍ അധികൃതര്‍ രാത്രി ശ്രമിച്ചത് വന്‍ പ്രതിഷേധത്തിന് കാരണമായി. കലക്ടര്‍ എത്താതെ ഗര്‍ത്തം മൂടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ദേശീയപാതയിലുണ്ടായ ഗർത്തം നിർമാണത്തിലെ അശാസ്ത്രീയത കാരണമാണെന്ന ആക്ഷേപം ശക്തമാണ്.  എൻജിനീയർമാരുടെ മേൽനോട്ടമില്ലാതെയാണ് ഇവിടെ നിർമാണജോലികൾ നടക്കുന്നത്.  പൊതുപ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. ഗർത്തം ഉണ്ടായ സാഹചര്യം പരിശോധിക്കാൻ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും, പൊതുമരാമത്ത് വകുപ്പുദ്യോഗസ്‌ഥരും, ജല അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.  ജില്ലാ കലക്ടർ ഷാജി വി നായർ ദേശീയ പാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി ഉദ്യോഗസ്‌ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു.

കനത്ത മഴയില്‍ ചാലക്കുടി കൂടപ്പുഴ തടയണയില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കൂടപ്പുഴയില്‍ നിന്ന് മേലൂര്‍ ഭാഗത്തേയ്ക്കു തടയണയിലൂടെ നടന്നുപോയ മേലൂര്‍ സ്വദേശി വി.ഗിരിജന്‍ ആണ് കുടുങ്ങിപ്പോയത്. പെട്ടെന്ന് വെള്ളം ഉയര്‍ന്നതോടെ പുഴയിലേയ്ക്കു വീഴുകയായിരുന്നു. പുഴയിലേയ്ക്കു വീണെങ്കിലും  പാറപ്പുറത്ത് പിടിച്ചുകയറി. പുഴയുടെ മധ്യത്തില്‍ നിന്നതിനാല്‍ മുങ്ങിപ്പോയില്ല.

കെടുതികള്‍ വിതച്ച് മഴ കനക്കുമ്പോഴും മഴ പോരെന്നാണ് വൈദ്യുതി ബോര്‍‌ഡിന്റെ കണക്ക്. കാലവര്‍ഷം ദുര്‍ബലമായതോടെ കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ ആകെയുള്ളത് 22 ശതമാനത്തില്‍ താഴെ വെള്ളം മാത്രമാണെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക്. മഴ കനത്തില്ലെങ്കില്‍ ഇരുട്ട് കനക്കും.വൈദ്യുതി ഉപയോഗം 84.69 ദശലക്ഷം യൂണിറ്റ് വരെ ഉയർന്നിട്ടും കേരളത്തില്‍ ഉൽപാദിപ്പിക്കുന്നത് ഉപഭോഗത്തിന്റെ 19 ശതമാനം മാത്രം. കൂടിയ വിലയ്ക്ക് അധിക വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയെങ്കിലും വൈദ്യുതി കിട്ടാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞവര്‍ഷം ഇതേസമയം കെ.എസ്.ഇ.ബിയുടെ ഡാമുകളില്‍ 60.65 ശതമാനം വെള്ളമുണ്ടായിരുന്നെങ്കില്‍ നിലവില്‍ 21.31 ശതമാനം മാത്രം. 

രാത്രിയിൽ മിന്നായം പോലെ വൈദ്യുതി വിളക്കുകള്‍ ഒന്ന് കണ്ണടയ്ക്കും. പിന്നീട് കണ്ണ് തുറക്കാൻ 15 മിനിറ്റിലേറെ വേണ്ടി വരും. പവർകട്ടെന്ന് പറയരുത്. വൈദ്യുതി വകുപ്പിന്റെ ഭാഷയിൽ നേരിയ നിയന്ത്രണം മാത്രം. ഇതിന് എന്നാണ് അറുതിയെന്ന് ചോദിച്ചാല്‍ കടുത്ത പ്രതിസന്ധിയെന്നാണ് വൈദ്യുതി മന്ത്രിയുടേയും മറുപടി. മാനം ഇരുളുമ്പോള്‍ ഇപ്പോള്‍ ഭയമാണ് പലര്‍ക്കും. വരും ദിനങ്ങളിലും സംസ്ഥാനത്ത് പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. മഴ പെയ്തില്ലെങ്കില്‍ നാട് ഇരുട്ടിലാകുമോയെന്നും ആശങ്കയുണ്ട്. 

 

ENGLISH SUMMARY:

Kerala rain news highlights the severe impact of heavy rainfall across the state, particularly in northern regions, with widespread floods, landslides, and damage to infrastructure. The ongoing power crisis, exacerbated by insufficient dam water levels, adds to the distress of residents facing disruptions and potential blackouts