അതിവേഗം, അനാസ്ഥ, കാലക്കേട്, വിധി, അങ്ങിനെ എന്ത് ന്യായീകരണം നല്‍കും ഈ അപകടത്തിന്. രാവിലെ പല പ്രതീക്ഷകളും, ആശങ്കകളും, സ്വപ്നങ്ങളുമായി വീട്ടില്‍നിന്നിറങ്ങിയ മനുഷ്യര്‍. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന പതിനഞ്ചുകാരന്‍ പാര്‍ഥിപന്‍, അവന് എന്തെല്ലാം സ്വപ്നങ്ങളുണ്ടായിരുന്നിരിക്കും.നിയന്ത്രണംവിട്ട് ഇടിച്ചുകുത്തിയെത്തിയ ആ കൊലയാളി ടിപ്പറിന് മുന്നില്‍നിന്ന് രക്ഷപ്പെടാനാകാതെ, ഞെരിഞ്ഞമര്‍ന്നുപോയവര്‍. നിയന്ത്രണങ്ങളും പരിശോധനകളും പാളിയതെവിടെ?
സമയം രാവിലെ 7.10. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി പാഞ്ഞുകയറി. മണ്ണ് കയറ്റിവന്ന ലോറി ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലെ കടയുടെ ഒരു ഭാഗവും മതിലും തകർത്തു. പിന്നീട് കാത്തുനിന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ ടിപ്പറിനടിയിലും മണ്ണിലും അകപ്പെട്ടു. നാട്ടുകാര്‍ ഓടിക്കൂടി. പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് ജനം പാഞ്ഞു. പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തനം തകൃതി. മണ്ണുനീക്കി അടിയില്‍പ്പെട്ടവരെ പുറത്തെടുത്തു. മണ്ണിനടിയിൽപ്പെട്ട മൂന്നുപേർ ആശുപത്രിയിൽ എത്തും മുമ്പ് തന്നെ മരിച്ചിരുന്നു. നീലേശ്വരം സ്വദേശി ഹരിലാല്‍, പതിനഞ്ചുവയസുകാരനായ പാര്‍ഥിപന്‍, അജയകുമാര്‍ എന്നിവരാണ് മരിച്ചത്. ഒരാളുടെ മൃതദേഹം തിരിച്ചറിയാൻ വയ്യാത്ത വിധം ആയിരുന്നു. പരിശോധനയ്ക്കിടെ ഒരു കൈപ്പത്തിയും സ്കൂൾബാഗും കണ്ടെത്തി.
ജീവനെടുത്ത കൊലയാളി ടിപ്പര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍. പരുക്കേറ്റ എല്ലാവരുടേയും ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മരിച്ചവരുടെ ആശ്രിതര്‍ക്കുളള ധനസഹായം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു. ടിപ്പര്‍ ലോറികള്‍ക്ക് നിലവിലുള്ള സമയക്രമം പര്യാപ്തമല്ലായെന്ന് തെളിയിക്കുന്നതാണ് നീലേശ്വരം അപകടം. അതുകൊണ്ടുതന്നെ സമയക്രമം പുനക്രമീകരിക്കുന്നതിനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ടിപ്പറുടെ അമിത വേഗതയെ കുറിച്ച് അന്വേഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.17 വര്‍ഷം പഴക്കമുള്ളതായിരുന്നു അപകടത്തില്‍പ്പെട്ട ടിപ്പര്‍. മൊട്ട ടയറും പരിതാപകരമായ കണ്ടീഷനും.
അമിതവേഗതയാണ് അതിദാരുണമായ അപകടത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് ആദ്യംതന്നെ മോട്ടോര്‍വാഹന വകുപ്പ് അടക്കം എത്തിയത്. പക്ഷേ പരിശോധനാ സംവിധാനങ്ങളുടെയടക്കം വീഴ്ചയിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളും തൊട്ടുപിന്നാലെ പുറത്തുവന്നു. ഒരു മാസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയ ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സില്ല. കാറോടിക്കാനുള്ള ലൈസന്‍സ് വെച്ചാണ് ടിപ്പറില്‍ നിറയെ മണ്ണുകേറ്റിപ്പാഞ്ഞതെന്ന് ചുരുക്കം. ഇത് രണ്ടും ടിപ്പറിന്‍റെ വീഴ്ചയെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കുമുണ്ട് ഉത്തരവാദിത്തം. 17 വര്‍ഷം പഴക്കമുള്ള വണ്ടിയാണ്. ജി.പി.എസ് ഉള്‍പ്പടെ ഓഫ് ചെയ്ത് വെച്ചിട്ടാണ് പാഞ്ഞത്. ഇതൊക്കെ പരിശോധിക്കേണ്ടവര്‍ പക്ഷെ മൂന്ന് പേരുടെ ജീവന്‍ നഷ്ടമായ ശേഷമാണ് ഇതെല്ലാം കണ്ടെത്തിയത്.
വീഴ്ചക്കപ്പുറം വന്‍ അട്ടിമറിയുടെ സൂചനയുമുണ്ട്. ഈ വര്‍ഷം ഏപ്രിലിലാണ് വണ്ടി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. പക്ഷെ ടയര്‍ വരെ മൊട്ടയാണ്. മറ്റ് കണ്ടീഷനും മോശം. അങ്ങിനെയെങ്കില്‍ ഫിറ്റ്ന്സ് നേടിയത് കൈക്കൂലിയിലൂടെയോ എന്ന സംശയവും അന്വേഷിക്കുന്നുണ്ട്.
അധ്യയന വര്‍ഷം തുടങ്ങുന്നതിന് മുന്‍പ് വിദ്യാര്‍ഥികളുടെ യാത്രാസമയം കണക്കാക്കി രാവിലെ 8 മുതല്‍ 10 വരെയുള്ള മണിക്കൂറുകളില്‍ ടിപ്പറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊട്ടാരക്കരയില്‍ 7.30നുണ്ടായ അപകടത്തിലും വിദ്യാര്‍ഥികള്‍ ഇരയായതോടെ ഈ സമയക്രമവും നിയന്ത്രണവും പാളിയെന്ന ആക്ഷേപവും ശക്തമാണ്. ഒരു പകലൊടുങ്ങുമ്പോഴേക്കും ഉദ്യോസ്ഥ വീഴ്ചയും സ്ഥിരീകരിക്കപ്പെട്ടു. വാഹനത്തിന്റെ മോശം അവസ്ഥപോലും പരിഗണിക്കാതെ ടിപ്പറിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് വ്യക്തമായി. ജി.പി.എസ് സംവിധാനമില്ലാതിരുന്നത് പരിഗണിച്ചുപോലുമില്ല. മോട്ടോര്‍ വെഹിക്കിക്കള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറി.
കൊട്ടാരക്കര നീലേശ്വരത്തെ അപകടത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇന്നത്തെ അപകടക്കാഴ്ചകള്‍. തൃശൂർ പുതുരുത്തിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ പിന്നിലിരുന്നുളള യാത്രയ്ക്കിടെ ഷാൾ ചക്രത്തിൽ കുരുങ്ങി തെറിച്ചു വീണ് അങ്കണവാടി അധ്യാപികയ്ക്ക് ജീവന്‍ നഷ്ടമായി. ആലപ്പാടൻ വീട്ടിൽ മിനി വർഗീസ് ആണ് മരിച്ചത്. 58 വയസായിരുന്നു. രാവിലെ അങ്കണവാടിയിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരം കാട്ടാക്കട പൊട്ടൻകാവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മലയം സ്വദേശികളായ അജിൻ ,സനുഷ് എന്നിവരാണ് മരിച്ചത്. കാട്ടാക്കടയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോവകുയായിരുന്ന ബസിലേക്ക് മോട്ടോര്‍ സൈസക്കിള്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. എം സി റോഡിൽ പന്തളം ജംക്‌ഷന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിച്ച് യാത്രക്കാരൻ മരിച്ചു. കൊല്ലം പവിത്രേശ്വരം സ്വദേശി പ്രത്യുഷ് ആണ് മരിച്ചത് . തമിഴ്നാട്ടിൽ നിന്ന് വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിലും മറ്റ് 2 കാറിലും ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരുമാസം മുൻപ് ഇതേ സ്ഥലത്ത് ലോറിയിടിച്ച് വനം വകുപ്പ് ജീവനക്കാരൻ മരിച്ചിരുന്നു
പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്നർ ഇടിച്ച് യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ സഞ്ജയ് രാജ് ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ റോഡുകളിലെ പെരുകിവരുന്ന അപകട മരണങ്ങളുടെ കണക്ക് ഈ അടുത്ത് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 7651 അപകടമരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. അതായത് ശരാശരി പത്തുപേര്‍വീതം പ്രതിദിനം റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നു. ഇനിയെങ്കിലും നമ്മുടെ നിരത്തുകളില്‍ ചോരപ്പുഴകള്‍ ഒഴുകാതിരിക്കണമെങ്കില്‍ ബോധവല്‍ക്കരണം മാത്രം മതിയാകില്ല. കര്‍ശനമായ നിരീക്ഷണവും നിര്‍ബന്ധിത പരിശീലനവും അടക്കമുള്ള നടപടികളും വേണം.