മലയാളത്തിലെ തലമുതിര്‍ന്ന താരങ്ങള്‍ തുടങ്ങിവച്ച കൂട്ടായ്മ ‘അമ്മ’. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്കാണ് പോയത്. അതിനു പിന്നാലെയാണ് ‘അമ്മ’ യുടെ നേതൃത്വം വനിതകള്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.കഴിഞ്ഞ   ഔഗസ്റ്റില്‍ ‘അമ്മ’യെ നയിക്കാന്‍ വനിതകള്‍ എത്തി. പ്രസിഡന്റായി ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരന്‍. ‘അമ്മ’ യില്‍ നല്ല കാലം വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ എല്ലാ പ്രതീക്ഷകളും തെറ്റി. 

ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് അധികാര തര്‍ക്കവും സാമ്പത്തിക തര്‍ക്കവും വ്യക്തിപരമായ ആരോപണങ്ങളുമായി വീണ്ടും സംഘടന നാണക്കേടിന്റെ പടുക്കുഴിയിലായി. ആദ്യ യോഗം മുതല്‍ എക്സ്ക്യൂട്ടിവില്‍ നടന്നത് എല്ലാം പുറംലോകം അറിഞ്ഞു. മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പ്രതി സ്ഥാനത്ത് വന്ന അമ്മ  ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് അമ്മ അച്ചടക്ക സമിതി ക്ലീന്‍ചിറ്റ് നല്‍കി. ഇതോടെ സംഘടനയില്‍ വിമത നീക്കം സജീവമായി. കുടുംബസംഗമത്തിന് പ്രധാന  സ്പോണ്‍സറായി വിവാദ ഇടനിലക്കാരന്‍ ദല്ലാള്‍ നന്ദകുമാര്‍ ചെയര്‍മാനായ ക്ഷത്രം എത്തിയതോടെ ജോയന്‍റ് സെക്രട്ടറി ആയ അന്‍സിബ എതിര്‍ത്തു. അമ്മയുടെ മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കുമെന്ന് നിലപാടെടുത്തു. ഇതോടെ എക്സിക്യൂട്ടീവ് രണ്ട് തട്ടിലായി. കുക്കു പരമേശ്വരന്‍ , നീന കുറുപ്പിനും ഉണ്ണി ശിവപാലിനും ഒപ്പം ചേര്‍ന്ന് മറ്റ് സ്പോണ്‍സര്‍മാരെ തേടി. ഇത് ശ്വേത അറിഞ്ഞതോടെ ജനറല്‍സെക്രട്ടറിയും പ്രസിഡന്റുമായി അകല്‍ച്ച തുടങ്ങി. പീന്നിട് പ്രസിഡന്റ് തന്നെ ദല്ലാള്‍ നന്ദകുമാറിന്റെ സ്പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചു.

എക്സിക്യൂട്ടീവ് അംഗം ലക്ഷ്മിപ്രിയയുടെ വിദേശയാത്ര സംബന്ധിച്ച് അന്‍സിബ ലക്ഷ്മിയ്ക്ക് ഫോണില്‍ മേസ്സേജ് അയച്ചതിന് പ്രകോപിതയായാണ് ലക്ഷ്മി പൊലീസില്‍ പരാതി നല്‍കിയത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പ്രശ്നങ്ങള്‍ മൂര്‍ച്ചിച്ച് നിന്നപ്പോളാണ്, ടിനി ടോമിനെതിരെയും എക്സിക്യൂട്ടീവിനെതിരെയും തുറന്നടിച്ചുള്ള അന്‍സിബ ഹസന്റെ രാജി. അങ്ങനെ ‘അമ്മ’ ഗ്രൂപ്പ് കളിയുടെ മറ്റൊരു തലത്തിലേക്ക് മാറി. 

വളരെധികം പ്രതീക്ഷയോടെ അധികാരമേറ്റതാണ് അമ്മ ഭരണസമിതി. എന്നാല്‍ താരങ്ങള്‍ എല്ലാ ഒത്തുചേര്‍ന്ന ജനറല്‍ ബോഡിയില്‍ ഭരണസമിതി തന്നെ രാജിവച്ചു. സംഘടന കുറ്റാരോപിതരുടെ കയ്യിലേക്ക് പോകുന്നുവെന്ന് ആരോപിച്ച് അമ്മയിലെ പ്രാഥമിക അംഗത്വവും രാജിവച്ചാണ് ശ്വേതയുടെ പടിയിറക്കം. എന്നാൽ ശ്വേത 'സ്ത്രീ കാർഡ്' ഇറക്കി കളിക്കുകയാണെന്നും സംഘടനയിലെ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ബാബുരാജ് ശ്വേതയും കുക്കുവുമായുള്ള ചേരിപ്പോരും അംഗങ്ങൾ തമ്മിലെ ചെളിവാരിയേറും പരസ്യവിഴുപ്പലക്കലും അനുവദിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ജനറൽ ബോഡിയിലെ ഒരു വിഭാഗം അവിശ്വാസം പ്രഖ്യാപിച്ചതോടെ യോഗം കലുഷിതമായി. പക്ഷം പിടിക്കാൻ താനില്ലെന്നും ജനറൽ ബോഡിയുടെ തീരുമാനം അംഗീകരിക്കപ്പെടുമെന്നും മോഹൻലാലും പറഞ്ഞു.

ഭരണസമിതിക്ക് വരവ് ചെലവ് കണക്കുകൾ കാണിക്കാൻ കഴിഞ്ഞില്ലെന്നും ഇന്ന് നടന്നത് ചരിത്രപരമായ തീരുമാനങ്ങളാണെന്നും നടി അൻസിബ പ്രതികരിച്ചു. തനിക്ക് നീതി കിട്ടിയെന്നും അൻസിബ. രമേഷ് പിഷാരടി എംഎൽഎ കൺവീനറായ അഡ്ഹോക്ക് സമിതി താൽകാലികമായി അമ്മയെ നയിക്കും. സ്ത്രീകളെന്ന നിലയിൽ ഭരണസമിതി പരാജയപ്പെട്ടിട്ടില്ലെന്നും എന്നാൽ സംഘടനയിലെ സംഭവങ്ങൾ സമൂഹത്തിന് നല്ല മാതൃകയല്ലെന്നും  ജഗദീഷ്.

താരങ്ങളെന്ന വിളിപ്പേരിനപ്പുറം കലാകാരുടെ കൂട്ടായ്മയാണ് ‘അമ്മ’. താരസംഘടനയെന്ന തലക്കട്ടിൽ കുടുങ്ങിക്കിടക്കുന്നു എന്നേയുള്ളൂ. കലാകാരോട് വലിയ ബഹുമാനവും ആദരവും പുലത്തുന്ന മലയാളിസമൂഹത്തിന് മുന്നിലാണ് ഈ നാടകങ്ങളത്രയും അരങ്ങേറുന്നത് എന്ന് ഉത്തരവാദിത്തപ്പെട്ടവർ ഓർക്കണം. രൂപീകരിച്ച നാൾ മുതൽ ഓരോ ഘട്ടത്തിലും പലമട്ടിലുള്ള വിവാദങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന സംഘടന ഇനിയെങ്കിലും ആ ട്രാക്ക് റെക്കോർഡ് മാറ്റണം. ജീവിക്കാ൯ വഴിയില്ലാത്ത അംഗങ്ങളോട് കരുതൽ കാട്ടുന്ന സംഘടന പൊതുമധ്യത്തിൽ ഇനിയും കളിയാക്കപ്പെടരുത്. നാണക്കേടിന്റെ ചരിത്രം മാറ്റിയേ പറ്റൂ. കരുത്തുള്ള പുതിയ നേതൃത്വം വരട്ടെ. മലയാള സിനിമയ്ക്ക് ലോകമാകെയുള്ള പകിട്ട് ഇവിടുത്തെ താരസംഘടനയ്ക്കും വന്നുചേരട്ടെ.

ENGLISH SUMMARY:

The Association of Malayalam Movie Artists (AMMA) has been embroiled in significant controversy, leading to a crisis within the organization. Recent events have seen internal disputes and accusations impacting the trust placed in its leadership