TOPICS COVERED

തിരഞ്ഞെടുപ്പ് ഫലം വന്ന് മൂന്നു നാള്‍ പിന്നിട്ടു. കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത് ഒരു കസേരയിലേക്കാണ്. മുഖ്യമന്ത്രി കസേര. വി.ഡി.സതീശനോ, രമേശ് ചെന്നിത്തലയോ, കെ.സി.വേണുഗോപാലോ ? ആരായിരിക്കും ഇതിലിരിക്കാന്‍ പോകുന്നത് ? നാളുകളേറെ മുന്‍പേ തുടങ്ങിയ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ഈ ചോദ്യത്തിനുത്തരം കിട്ടാന്‍  ഇനി മൂന്നു നാള്‍ കൂടി കാക്കണം. ഞായറാഴ്ച ജനമറിയും.ആരാണ് തങ്ങളെ ഭരിക്കുകയെന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകളായിരുന്നു ഇന്ന് തലസ്ഥാനത്ത്. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേര്‍ന്നു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പങ്കെടുത്തു. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കാന്‍ AICC അധ്യക്ഷനെ ചുമതലപ്പെടുത്തി നിയമസഭാകക്ഷിയോഗം പ്രമേയവും പാസാക്കി.  

നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും എം.എൽഎമാരുടെ മനസ് ചോദിച്ചറിഞ്ഞുകഴിഞ്ഞു. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വി.എം.സുധീരന്‍, പി.ജെ.കുര്യന്‍ അടക്കമുള്ള നേതാക്കളുമായും ചര്‍ച്ച നടത്തി. മുന്നണിയിലെ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ചകള്‍ നടന്നു. ഈ അഭിപ്രായങ്ങളെല്ലാം സ്വരൂപിച്ച ശേഷം ഡല്‍ഹിയില്‍ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും ആര് കേരളം ഭരിക്കണമെന്ന അന്തിമ തീരുമാനം. 63ൽ 35 എംഎൽഎമാരുടെ പിന്തുണ സതീശൻ അവകാശപ്പെടുമ്പോൾ, 47 പേർ കൂടെയുണ്ടെന്നാണ് കെസി പക്ഷത്തിന്റെ അവകാശവാദം. ഘടകകക്ഷികളുടെയും മുൻ കെപിസിസി അധ്യക്ഷൻമാരുടെയും പിന്തുണ ഉണ്ടെന്നു പറയുന്ന സതീശൻ അനുകൂലികൾ, പൊതുവികാരം കണക്കിലെടുക്കണമെന്നും ആവശ്യപ്പെടുന്നു. അതേസമയം, നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം നോക്കുന്ന പതിവ് കീഴ്്‌വഴക്കം പാലിച്ച് നേതാവിനെ തെരഞ്ഞെടുക്കണമെന്ന വാദത്തിലാണ് കെ.സി. പക്ഷം . ഭൂരിപക്ഷം എംപിമാരും തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് മറ്റൊരു അവകാശവാദം. സീനിയോറിറ്റി പരിഗണിക്കണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുന്ന രമേശ് ചെന്നിത്തല, 25 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി വടം വലിക്കുന്ന മൂന്നുപേര്‍ക്കും എംഎൽഎമാരുടെ ഭൂരിപക്ഷം നിർണായകമാണ്.

ഏതായാലും ആര് മുഖ്യമന്ത്രിയാകുമെന്ന ചോദ്യത്തിനുള്ള ഉത്തരം നിറഞ്ഞ ചിരിയില്‍ ഒതുക്കി നിരീക്ഷകനായ മുകുള്‍ വാസ്നിക്. അടുത്തത് എന്തെന്ന് കാണാമെന്ന് അജയ് മാക്കനും പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കല്‍ വൈകില്ല. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നെന്ന് വാസ്നികും പറഞ്ഞു.മുഖ്യമന്ത്രി കസേരയിലേക്കുള്ള കോണ്‍ഗ്രസിലെ ഉള്‍പ്പോര് മൂര്‍ച്ഛിച്ചിരിക്കേ ഘടകകക്ഷികള്‍ വി.ഡി.സതീശനൊപ്പമാണ്. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് AICC നിരീക്ഷകരായ മുകുള്‍ വാസ്നിക്കിനെയും അജയ് മാക്കനെയും കണ്ട് മുസ്‍്ലിം ലീഗ് നേതൃത്വം അറിയിച്ചു.  

പൊതുജന പിന്തുണ സതീശനെന്ന് ലീഗ് അറിയിച്ചു. എന്നാല്‍ ലീഗ് ആരെയാണ് നിര്‍ദേശിച്ചതെന്ന് പരസ്യമായി പറയില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസിന്‍റെ പിന്തുണയും വി.ഡി.സതീശനാണ്. സിറ്റിങ് എം.എല്‍.എ. മുഖ്യമന്ത്രിയാകുന്നതാണ് നല്ലതെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച പൊതുമധ്യത്തില്‍ വലിച്ചിഴച്ചത് ശരിയായില്ലെന്ന നിലപാടാണ് ആര്‍.എസ്.പിക്കുള്ളത്. ആര്‍.എസ്.പി നിലപാട് നിരീക്ഷകരെ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും പ്രത്യേകിച്ച് ആര്‍ക്കായും ഇടപെടാന്‍ ഉദ്ദേശ്യമില്ലെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ചര്‍ച്ചകള്‍ ഒരു വശത്തു നടക്കേ അണികളുടെ പോസ്റ്റര്‍ – ഫ്ലെക്സ് യുദ്ധവും തുടരുകയാണ്. കെപിസിസിക്ക് മുന്നില്‍ കെ.സി.വേണുഗോപാലിനായി കെ.സുധാകരന്‍ അനുകൂലികള്‍ ഫ്ലക്സ് വച്ചു. എംഎല്‍എമാരുമായി AICC നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കെപിസിസിക്ക് മുന്നില്‍ വീണ്ടും കെ.സിക്കായി ഫ്ലക്സ് വച്ചത്. കേരളം കെ.സി നയിക്കട്ടെയെന്നാണ്  ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. 

കൊച്ചിയില്‍ കെ.സി വേണുഗോപാലിനെ പിന്തുണച്ചുള്ള ഫ്ലെക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട നിലയിലാണ്. കളമശേരി എച്ച്എംടി ജംങ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിന് സമീപം ആണ് ഫ്ലെക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. സേനാപതിയും അല്ല, മന്ത്രിയും അല്ല, ഒരേയൊരു രാജാവ് എന്നാണ് ഫ്ലെക്സ് ബോര്‍ഡിലെ വാചകം. ഫ്ലെക്സിലെ കെ.സി വേണുഗോപാലിന്‍റെ മുഖം ബ്ലേ‍ഡ് ഉപയോഗിച്ച് കീറിയ നിലയിലായിരുന്നു. അതേസമയം KC വേണുഗോപാലിനെ പരിഗണിക്കുന്നതിനെതിരെ ആലപ്പുഴയിൽ ഡിസിസി ഓഫിസിന് മുന്നിലടക്കം പലയിടത്തും ബാനറുകൾ പ്രത്യക്ഷപ്പെട്ടു. KC വേണുഗോപാലിനെ എംപി ആക്കിയത് മുഖ്യമന്ത്രിയാകാനല്ല.  A.D.തോമസിനെ ജയിപ്പിച്ചത് രാജിവയ്ക്കാനല്ല. ആലപ്പുഴയിൽ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുത് എനിങ്ങനെയാണ് ബാനറുകളിലുള്ളത്. കോൺഗ്രസ് സഹയാത്രികർ എന്ന പേരിലാണ് ബാനർ. കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നവർ എത്തി ബാനറുകളും പോസ്റ്ററും നീക്കം ചെയ്തു. കോൺഗ്രസ് പ്രവർത്തകരല്ല ബാനറുകൾ സ്ഥാപിച്ചതെന്ന്  അവർ പറഞ്ഞു.

മാത്യു കുഴല്‍നാടനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്തെത്തി. പ്രവര്‍ത്തകര്‍ ഇരിക്കൂറില്‍ ഫ്ലക്സ് സ്ഥാപിച്ചു. നിന്‍റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ടെന്നും പട നയിച്ചവന്‍ തന്നെ ഭരിക്കട്ടെ എന്നുമാണ് ബോര്‍ഡിലെ വാചകം.വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തകര്‍ തെരുവിലേക്കിറങ്ങി. കണ്ണൂര്‍ ഇരിട്ടിയില്‍ സതീശന് വേണ്ടി പ്രകടനം നടത്താന്‍ ആഹ്വാനമുണ്ടായി. പേരാവൂര്‍ കോണ്‍ഗ്രസുകാര്‍ എന്നപേരിലായിരുന്നു സന്ദേശം. നയിച്ചവനെ നയിക്കാന്‍ അനുവദിക്കില്ലെങ്കില്‍ വീട് കയറി വോട്ടുചോദിച്ച നമുക്കും ചിലത് ചെയ്യാനുണ്ടെന്നായിരുന്നു പ്രവര്‍ത്തകരുടെ നിലപാട്. 

 

കോഴിക്കോട്ടും കൊച്ചിയിലും ആലുവ കീഴ്മാടും തൃശൂര്‍ കൊടുങ്ങല്ലൂരും പെരുമ്പിലാവിലും അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു.എന്തായാലും 10 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന്റെ ആവേശത്തിലായിരുന്നു ഇന്ദിരഭവന്‍. കെട്ടിപ്പിടിച്ചും പൊട്ടിച്ചിരിച്ചും ജയിച്ചവരും ജയിച്ചവരെ കാണാനെത്തിയവരും നിറ​ഞ്ഞു.  ചര്‍ച്ചകള്‍ കഴിഞ്ഞു. മനസ്സുകളറിഞ്ഞ് നിരീക്ഷകര്‍ മടങ്ങി. മുഖ്യമന്ത്രി കസേര ഒന്നേയുള്ളൂ. അതിൽ ഇരിക്കാൻ മൂന്നുപേരും വട്ടം ചുറ്റുകയാണ്. പന്ത് ഇനി ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലാണ്. വിജയിയെ തീരുമാനിക്കുന്ന അന്തിമ വിസിൽ ഊതുക ഹൈക്കമാൻഡായിരിക്കും. ക്ലൈമാക്സിലും ഈ ചിരികള്‍ എല്ലാവര്‍ക്കും  അതേപടി ഉണ്ടാകണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹം. അതിനുള്ള കടുത്ത ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം ഇനിയുള്ള ദിവസങ്ങളില്‍.

Kerala CM Seat: Congress Contenders Emerge After Election Results:

The Kerala Chief Minister seat is the central focus after election results, with intense discussions involving VD Satheesan, Ramesh Chennithala, and KC Venugopal. The final decision on who will lead Kerala rests with the Congress High Command, with an announcement expected soon.