ഇന്നലെ രാത്രി പത്തുമണിയോടെയാണ് വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് പുറത്തേക്ക് ഇറങ്ങവെ മണിയന്‍പിള്ള രാജുവിന്‍റെ കാര്‍ അപകടമുണ്ടാക്കിയത്. അപകടത്തില്‍ ബൈക്ക് യാത്രികര്‍ക്ക് സാരമായ പരുക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം ഉണ്ടായിട്ടും മണിയന്‍പിള്ള രാജു വണ്ടി നിര്‍ത്തിയില്ലെന്നും ഓടിച്ചു പോയെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. അപകട സ്ഥലത്ത് നിന്ന് മണിയന്‍പിള്ള രാജുവിന്‍റെ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റും ലോഗോയും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് താരത്തെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ എത്തിയിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല.വാഹനാപകടത്തില്‍ സ്റ്റേഷനില്‍ ഹാജരായി നടന്‍ മണിയന്‍പിള്ള രാജു. തന്‍റെ കാറിലാണ് ബൈക്ക് വന്നിടിച്ചതെന്നും ബൈക്ക് യാത്രക്കാര്‍ അമിത വേഗതയിലായിരുന്നുവെന്നുമാണ് മണിയന്‍പിള്ള രാജുവിന്‍റെ മൊഴി. ഭാര്യ തനിച്ചായിരുന്നതിനാലാണ് നിര്‍ത്താതെ പോയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ താന്‍ വിളിച്ച് പറഞ്ഞിരുന്നുവെന്നും താന്‍ ചിക്കുന്‍ ഗുനിയ ബാധിതനാണെന്നും അദ്ദേഹം വിശദീകരിച്ചു. വാഹനം ഇടിച്ചപ്പോള്‍ താന്‍ ഭയന്നുവെന്നും സുഹൃത്തുക്കളെ വിളിച്ച് വിവരം പറഞ്ഞുവെന്നും വ്യക്തമാക്കിയ താരം വാഹനമിടിച്ചിട്ടും താന്‍ നിര്‍ത്താതെ പോയത് തെറ്റുതന്നെയാണെന്നും സമ്മതിച്ചു.