TOPICS COVERED

ഒരുവശത്ത് ശക്തരായ യുഎസിന്‍റെ യുദ്ധഭീഷണി. മറുവശത്ത് ഭരണാധികാരികള്‍ക്കെതിരായ ആഭ്യന്തരപ്രക്ഷോഭം. സംസ്കാരങ്ങളുടെ ഈറ്റില്ലമായിരുന്ന, ആധുനിക കാലത്ത് അശാന്തി ഒഴിയാത്ത ഇറാന്‍ ആശങ്കപ്പെടുത്തുകയാണ്. ലോകം ഇമവെട്ടാതെ ഇറാനിലേക്ക് നോക്കിയിരിക്കുന്നു. പരമോന്നത നേതാവ് ആയത്തുല അലി ഖമനയിയുടെ ഭരണവീഴ്ചകള്‍ക്കെതിരായ പ്രതിഷേധം രൂക്ഷമായ കാഴ്ച. പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ഭരണാധികാരികള്‍. അതിനിടെ, ഇറാനുനേരെ തോക്കുചൂണ്ടുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആശങ്കയിലാണ് പശ്ചിമേഷ്യ.

1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം നാലര പതിറ്റാണ്ടു പിന്നിടുമ്പോൾ, ഭരണവീഴ്ചകൾ സൃഷ്ടിച്ച കടുത്ത ആഭ്യന്തര പ്രതിസന്ധിയുടെ നടുവിലാണ് ഇറാന്‍. യുഎസിന്റേതടക്കം ഉപരോധങ്ങൾ കാരണം തകർന്ന സമ്പദ്‌വ്യവസ്ഥയും ഇസ്രയേലിൽനിന്നും യുഎസിൽനിന്നുമുള്ള യുദ്ധഭീഷണിയും ഇറാന്റെ ആശങ്കകൾ ഇരട്ടിയാക്കുന്നു. എഴുപതുകളിലെ പ്രതിസന്ധിക്ക് കാരണം രാഷ്ട്രീയ കാരണങ്ങളായിരുന്നുവെങ്കില്‍ ഇന്ന് ജനം തെരുവിലിറങ്ങിയത് ജീവിതം അസഹ്യമായതോടെയാണ്. തകര്‍ന്നടിഞ്ഞ സാമ്പത്തിവ്യവസ്ഥയാണ് ജനത്തെ പ്രക്ഷോഭകാരികളാക്കിയത്. 

12ദിനം നീണ്ട ഇറാന്‍ ഇസ്രയേല്‍ യുദ്ധം ഇറാനെ പിടിച്ചുലച്ചു. പുതിയ ആണവക്കരാറിന് ഇറാന്‍ വഴങ്ങാതിരുന്നതോടെ ഒക്ടോബറില്‍ വീണ്ടും യുഎസ് ഉപരോധമേര്‍പ്പെടുത്തി. അതോടെ ഇറാൻ റിയാലിന്റെ മൂല്യം കൂപ്പുകുത്തി. ഒരു യുഎസ് ഡോളറിന് 42,000 എന്ന നിലയിലായിരുന്നു റിയാലിന്റെ മൂല്യമെങ്കില്‍ പ്രതിഷേധം തുടങ്ങിയ ഡിസംബർ 28 ആയപ്പോഴേക്കും അത് 14 ലക്ഷമായി ഇടിഞ്ഞു. 52 ശതമാനത്തിനു മുകളിലായി പണപ്പെരുപ്പം. ഉപരോധങ്ങള്‍ അടിക്കടിയായതോടെ നിത്യോപയോഗ സാധനങ്ങളുടെയടക്കം വില കുതിച്ചുയര്‍ന്നു. രാജ്യം ഈയടുത്തുകണ്ട ഏറ്റവും വലിയ വരള്‍ച്ചയും ഇറാന്‍ അനുഭവിച്ചു. 

തുടര്‍ച്ചയായ വൈദ്യുതി മുടക്കങ്ങള്‍. അതിനിടെ, മനുഷ്യാവകാശ അഭിഭാഷകൻ ഡോ. ഖൊസ്രോ അലിഖോർദി ഡിസംബർ എട്ടിനു ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെ ഭരണാധികാരികള്‍ക്കുനേരെ ചൂണ്ടുവിരലുയര്‍ന്നു. ജനരോഷം ആളിക്കത്തി. രാജ്യതലസ്ഥാനമായ ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിലെയും മറ്റു പ്രധാന വാണിജ്യകേന്ദ്രങ്ങളിലെയും വ്യാപാരികൾ കടകളടച്ച് തെരുവിലിറങ്ങി. ഇറാന്റെ 31 പ്രവിശ്യകളിൽ ഭൂരിപക്ഷം മേഖലകളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഇരുന്നൂറിലധികം കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ അരങ്ങേറി. ആയത്തുല്ല അലി ഖമനയിയുടെ ഭരണത്തെ വെല്ലുവിളിച്ച് വീണ്ടും ജനം തെരുവിലിറങ്ങി. ചുണ്ടില്‍ എരിയുന്ന സിഗററ്റില്‍ നിന്നുള്ള തീയില്‍ ഖമനയിയുടെ ചിത്രങ്ങള്‍ കത്തിച്ച് പ്രതിഷേധം. 

വിശ്വാസയോഗ്യമെന്ന് പരക്കെ കരുതുന്ന അമേരിക്ക ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സിയുടെ കണക്ക് പ്രകാരം പതിനെട്ടാം ദിനത്തിലെത്തി നില്‍ക്കുന്ന ഇറാന്‍ പ്രക്ഷോഭത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 2615പേരാണ്. ഇതില്‍ 13പേര്‍ 18വയസിന് താഴെയുള്ളവരാണ്.  ആകെയുള്ള 31 പ്രവിശ്യകളിലെ 187 നഗരങ്ങളില്‍ 617 കേന്ദ്രങ്ങളിലായി പ്രതിഷേധം വ്യാപിച്ചിരിക്കുന്നു. 18,470പേര്‍ ഇതുവരെ അറസ്റ്റിലായി. എന്നാല്‍ മരണസംഖ്യയടക്കം ഇനിയും ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. 153 സുരക്ഷാഉദ്യോഗ്സ്ഥരും കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ ആദ്യദിനം മുതല്‍ അതിനെ അടിച്ചമര്‍ത്താനായിരുന്നു ഭരണകൂടത്തിന്റെ നീക്കം. ഇന്റര്‍നെറ്റ് നിരോധിച്ച് പ്രതിഷേധ ദൃശ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ നീക്കം. സൈന്യത്തെയടക്കം വിന്യസിപ്പിച്ചായിരുന്നു പ്രക്ഷോഭത്തെ നേരിട്ടത്. 

പ്രക്ഷോഭം രൂക്ഷമായതോടെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. വെറും പിന്തുണയല്ല, പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ നോക്കിയിരിക്കില്ലെന്നും ഇറാനെ ആക്രമിക്കുമെന്നും നേരിട്ട് ഭീഷണി. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാൻ കൊന്നൊടുക്കിയാൽ യുഎസ് അവരുടെ രക്ഷയ്ക്കെത്തുമെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഭീഷണിയും മുന്നറിയിപ്പും വാക്കിലൊതുങ്ങാതെ പ്രാവര്‍ത്തികമാക്കുന്ന കീഴ്‍വഴക്കമുള്ളതിനാല്‍ ട്രംപിന്റെ വാക്കുകളില്‍ മേഖല ആശങ്കയിലാണ്. 

പ്രക്ഷോഭകാരികളെ 'അക്രമികൾ' എന്നു വിശേഷിപ്പിച്ച ഖമനയി, അവർ അമേരിക്കയുടെ പ്രേരണയാലാണു പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. 'ടെഹ്‌റാനിൽ ഒരുകൂട്ടം അക്രമികൾ വരികയും അവർക്കുതന്നെ അവകാശപ്പെട്ട ഒരു കെട്ടിടം യുഎസ് പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ നശിപ്പിക്കുകയും ചെയ്തു'. ഔദ്യോഗിക ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഖമനയി പറ​ഞ്ഞത് ഇപ്രകാരമായിരുന്നു. ട്രംപിന്റെ കൈകളിൽ 'ആയിരത്തിലേറെ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെ'ന്നും ഖമനയി ആരോപിച്ചു. സൈനിക മേധാവി ഭരണകൂടത്തിനു പിന്തുണ പ്രഖ്യാപിച്ചത് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് ആശ്വാസകരമാണ്. പക്ഷേ, മറുവാക്കില്ലായിരുന്ന ഖമനയിയുടെ ഭരണത്തിന് ജനം എതിര്‍പ്പ് പ്രകടിപ്പിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ഡെത്ത് ടു അമേരിക്ക എന്ന മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്ന ടെഹ്റാനിലെ തെരുവുകളില്‍ ഖമനയിയുടെ ഭരണം ചോദ്യം ചെയ്യപ്പെടുന്ന കാഴ്ച. യുഎസും ഇസ്രയേലും ഏറ്റവുമധികം ആഗ്രഹിക്കുന്ന കാഴ്ചയും മറ്റൊന്നാകില്ല. ട്രംപിന്റെ തുടര്‍ച്ചയായുള്ള ഭീഷണികളോട് ഇരാന്‍ അതേഭാഷയിലാണ് പ്രതികരിക്കുന്നത്. 2002 ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് ഇറാനെ തിന്മയുടെ അച്ചുതണ്ടെന്ന് വിശേഷിപ്പിച്ചത്കനത്ത രോഷമുയര്‍ത്തിയിരുന്നു. അതിനുപ്പുറം കടുത്തഭാഷയിലാണ് ഇറാനെതിരെ ട്രംപിന്റെ ഭീഷണികളും മുന്നറിയിപ്പുകളും.

അതിനിടെ, ഇറാനെതിരെ ഉടന്‍ സൈനിക നടപടി ഉണ്ടാകില്ലെന്ന് സൂചിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി.  പ്രക്ഷോഭകര്‍ക്കെതിരെ വധശിക്ഷയ്ക്ക് ഇറാന്‍ തയാറയേക്കില്ലെന്നും സ്ഥിതി നിരീക്ഷിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രക്ഷോഭകരെ തൂക്കിലേറ്റില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയും വ്യക്തമാക്കി. ഇറാനില്‍ അമേരിക്കന്‍ സൈനിക നടപടി ഉടനെന്ന അഭ്യൂഹം ശക്തമായതിനിടെയാണ്  ട്രംപിന്റെ പ്രതികരണം.  സൈനികനടപടി പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന വിലയിരുത്തലിലാണ് സ്ഥിതി നിരീക്ഷിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.   സൈനിക ഇടപെടൽ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ അടിച്ചമർത്തൽ  ശക്തമാക്കുകയും ചെയ്യുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളുടെ വിലയിരുത്തല്‍.  ആണവശേഷിയുള്ള രാജ്യത്ത് അരാജകത്വം വന്നാല്‍ സ്ഥിതി കൈവിട്ടുപോകുമെന്നും  കരുതപ്പെടുന്നു. 

അറസ്റ്റിലായ  പ്രക്ഷോഭകര്‍ക്കെതിരെ നിയമനടപടി തുടരുമെന്നും എന്നാല്‍ വധശിക്ഷ നടപ്പാക്കില്ലെന്നും ഇറാന്‍‌ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്്ച്ചി അറിയിച്ചു.  ഖത്തറിലെ വ്യോമതാവളത്തില്‍ നിന്ന് യു.എസ് സേനയെ മാറ്റാനുള്ള തീരുമാനം വന്നതോടെ ഇറാനില്‍ അമേരിക്കന്‍ സൈനികനടപടി ആസന്നമായെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇറാന്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും പിന്നീട് തുറക്കുകയും ചെയ്തിരുന്നു. ഉടന്‍ നടപടിയുണ്ടാകിലെന്ന സൂചന മേഖലയ്ക്ക് ആശ്വാസകരമാണ്. ഒമാന്‍, സൗദിഅറേബ്യ തുടങ്ങി ഗള്‍ഫ് രാജ്യങ്ങള്‍ അത്തരമൊരു സൈനിക നടപടിയിലേക്ക് ഉടന്‍ കടക്കരുതെന്നാണ് യുഎസിനെ അറിയിച്ചിട്ടുള്ളത്. 

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അമേരിക്കയുടെ, ട്രംപിന്റെ കരടിലെ കണ്ണാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം അമേരിക്കയെ വിമര്‍ശിക്കുന്ന ഖമനയി, അതേ നിലപാടുകളുടെ പേരില്‍ പ്രകീര്‍ത്തിക്കപ്പെടുകയും നേതാവാണ്. എണ്‍പത്താറുകാരനായ ഖമനയിയുടെ പിന്‍ഗാമി ആരാകും എന്ന ചര്‍ച്ചകള്‍ നടത്തുന്ന കാലത്താണ്, ഖമനയിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ നീക്കങ്ങളും നടക്കുന്നത്. പക്ഷേ, ആ നീക്കങ്ങള്‍ അത്ര ലാഘവത്തോടെ നടപ്പാക്കാനാകില്ലെന്ന് ഖമനയിയെ എതിര്‍ക്കുന്നവര്‍ക്കുമറിയാം. 

1989ല്‍ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ മരണശേഷമാണ് ഖമനയി ഇറാന്റെ പരമോന്നത പദവിയിലേക്കെത്തുന്നത്. 1981 മുതല്‍ 1989 വരെ ഇറാന്‍റെ പ്രസിഡന്റായിരുന്ന ഖമനയി ഇറാന്റെ തലമുറകളെ വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ആവേശഭരിതനാക്കുന്ന നേതാവാണ്.  മുൻഗാമി ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്ഞാശേഷിയോ ഖമനയിക്ക് ഇല്ലെന്നായിരുന്നു 1989 ൽ പരമോന്നത നേതാവെന്ന സ്ഥാനം ഏറ്റെടുക്കുമ്പോൾ പലരുടെയും ധാരണ. അതെല്ലാം പഴങ്കഥയാക്കി ഖമനയി പറയുന്നതായിമാറി ഷിയാ ആദർശം പിന്തുടരുന്ന ഇറാന്റെ അവസാനവാക്ക്. രാജ്യത്തിനകത്ത് സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്തിയും പുറത്ത്, മധ്യപൂർവദേശമാകെ ഇസ്രയേൽ – യുഎസ് സഖ്യത്തിനെതിരായ ശൃംഖല വളർത്തിയും ഖമനയി കരുത്തനായി. എന്നാൽ, കാര്യങ്ങൾ കൈവിട്ടുപോകാനിടയുള്ളപ്പോൾ തന്ത്രപരമായി വഴങ്ങിക്കൊടുക്കാൻ അദ്ദേഹം തയാറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. 

2015 ൽ ആണവപദ്ധതി രാജ്യാന്തരനിരീക്ഷണത്തിനായി തുറന്നതും ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്കു തയാറായതും ഉദാഹരണമാണ്. അതിനിടെ, ‌ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെയും ആണവശാസ്ത്രജ്ഞരെയും ഒന്നൊന്നായി ഇസ്രയേൽ വധിച്ചതോടെ ഭരണസംവിധാനത്തിൽ വലിയ ശൂന്യതയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിർണായക തീരുമാനങ്ങളെടുക്കാൻ വേണ്ട വിവരം നൽകുകയും എടുക്കുന്ന തീരുമാനം കൃത്യമായി നടപ്പാക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ– ശാസ്ത്രജ്ഞ– ഉപദേശകനിരയിലെ ഏറെപ്പേരും ഇപ്പോള്‍ ഖമനയിക്ക് ഒപ്പമില്ല. ജൂണില്‍ നടന്ന യുദ്ധത്തിനിടെ, ഖമനയിയെ വധിച്ചാൽ യുദ്ധം തീരുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഭീഷണിയിൽ ലക്ഷ്യം വ്യക്തമായിരുന്നു. എന്നാല്‍, ഖമനയിയെ വധിക്കാന്‍ പദ്ധതിയില്ലെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്. ഇറാനിലെ പരമോന്നത നേതാവിനെ വീഴ്ത്തുന്നതോടെ ആ ഭരണസംവിധാനം തകരുമെന്നും പകരം ഭരണകൂടത്തെ വാഴിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യുഎസും ഇസ്രയേലും നീങ്ങുന്നതെന്നും വ്യക്തമാണ്. നിലവിലെ പ്രതിഷേധത്തീയ്ക്ക് യുഎസ് എണ്ണ പകരുന്നത് അക്കാര്യം മുന്നില്‍ക്കണ്ടുകൂടിയാണ്. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട അവസാന ഷാ മുഹമ്മദ് റേസ പഹ്‌ലവിയുടെ മൂത്ത മകനായ റേസ പഹ്‌ലവി നിലവില്‍ യുഎസിലുണ്ട്. റേസയേയോ അല്ലെങ്കില്‍ വഴങ്ങുന്ന മറ്റേതെങ്കിലും നേതാക്കളേയും ഖമനയിക്ക് പകരം അധികാരത്തിലെത്തിക്കാന്‍ യുഎസ് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു പറ്റിയ നേതൃത്വം ഇല്ലെന്നതാണ് യാഥാര്‍ഥ്യം. 

ഇറാനെ യുഎസ് ആക്രമിക്കുകയോ ആയത്തുല്ല  ഖമനയിയെ സ്ഥാനഭ്രഷ്ടനാക്കുകയോ ചെയ്താല്‍ അത് മിഡില്‍ ഈസ്റ്റിന്റെ രാഷ്ട്രീയ സാഹചര്യത്തെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്ക നിലവിലുണ്ട്. ഇസ്രയേലുമായുള്ള യുദ്ധത്തിനിടെ ഇറാന്‍ ഖത്തറിലെ യുഎസ് സൈനിക താവളം ആക്രമിച്ചതും പിന്നീട് ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ദോഹയില്‍ ആക്രമണം നടത്തിയതും മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. നിക്ഷേപവും വികസനവുമൊക്കെ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് അസ്ഥിരമായ അയല്‍ക്കാര്‍ ആശങ്കയുണ്ടാക്കുമെന്ന തിരിച്ചറിവില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കാത്തതിന് കാരണം അതാണ്. 

അതേസമയം, ഇറാന്‍റെ അഞ്ച് പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നായ ഇന്ത്യയും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. യുദ്ധത്തിലൂടല്ല ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. കഴിഞ്ഞ രാത്രി അല്‍പം അയവോടെ സംസാരിച്ച ട്രംപ് അടുത്തമണിക്കൂറുകളില്‍ എന്തുപറയുമെന്ന് കണ്ടറിയണം. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. നിലവിലെ പ്രതിഷേധങ്ങള്‍ അവസാനിച്ചാലും ഇറാനിലെ പ്രശ്നങ്ങള്‍ ഉടന്‍ അവസാനിക്കില്ല. ഒപ്പം യുഎസും ഇസ്രയേലുമുയര്‍ത്തുന്ന ഭീഷണിയും അതേപടി തുടരും. ഖമനയിക്ക് പകരം ആരെത്തുമെന്നതും വരുംനാളുകള്‍  നല്‍കേണ്ട ഉത്തരമാണ്. മേഖലയില്‍ തീപ്പൊരി വീഴാതിരിക്കുന്നെങ്കില്‍ അതിന് കാരണം ഗള്‍ഫ് രാജ്യങ്ങളുടെ ഇടപെടലാണ്. ആ ഇടപെടലുകളിലാണ് ഇന്നിന്റെ പ്രതീക്ഷയും നാളെയുടെ ആശ്വാസവും.

ENGLISH SUMMARY:

Iran's stability is currently threatened by internal protests and external pressures. The protests against Ayatollah Khamenei's government, coupled with US threats, create a volatile situation in the Middle East, causing global concern and focusing on the country's future.