2021 ജൂണ്‍ 17ന് നടന്ന കൊലപാതകം നമ്മുടെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പേര് പറഞ്ഞാല്‍ എല്ലാവര്ക്കും ഓര്‍മകാണും. ദൃശ്യ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ സി.കെ. ബാലചന്ദ്രന്റെ മകൾ ദൃശ്യ. വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ ഇരുപത്തിയൊന്നുകാരി ദൃശ്യയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു അന്ന്. ദൃശ്യയുടെ അനുജത്തിക്കും കുത്തേറ്റു. മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ് വിനീഷിനെ പൊലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്തു. വിനീഷ് ഒരു സൈക്കോ കില്ലര്‍ ആണെന്നാണ് പൊലീസ് അന്ന് പറഞ്ഞത്. അതിന് കാരണം, രാത്രിയില്‍ ദൃശ്യയുടെ പിതാവിന്റെ കട കത്തിച്ച ശേഷം അവിടെനിന്ന് 13 കിലോമീറ്ററോളം നടന്ന് കൂഴന്തറയിലെ ദൃശ്യയുടെ വീടിനു സമീപമെത്തി ഒളിച്ചുനിന്ന വിനീഷ് രാവിലെ 7.30ന് ബാലചന്ദ്രൻ കടയിൽപോയ സമയത്ത് വീട്ടിൽക്കയറി, ദൃശ്യയെ വിളിച്ചുണർത്തി പലവട്ടം കുത്തിയാണ് കൊലപാതകം നടത്തിയത്. കൃത്യമായി പറഞ്ഞാല്‍ ദൃശ്യയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 22 കുത്തേറ്റ മുറിവുകളാണ്.
പലതവണ മരിക്കാന്‍ ശ്രമം നടത്തിയതിനെത്തുടര്‍ന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയ പ്രതി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. പ്രതി നാലുദിവസമായിട്ടും കാണാമറയത്ത്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയാണ് പ്രതി ചാടി പോവാൻ കാരണം.