നാലുദിവസംമുമ്പ് ഒരു മനുഷ്യന്‍റെ അതിക്രൂര കൊലപാതകത്തിനാണ് കേരളം സാക്ഷിയായത്. ഹേറാം എന്നുവിളിച്ച് മഹാത്മാവ് വെടിയേറ്റുവീണ ഈ മഹാരാജ്യത്തിലെ ഈ കേരളത്തില്‍ റാം നാരായണ്‍ എന്നുപേരുള്ള ഒരു അതിഥി തൊഴിലാളിയെ പത്തിലേറെ മലയാളികള്‍ ചേര്‍ന്ന് അടിച്ചും ചവിട്ടിയും കുത്തിയും കൊന്നു. 31 വയസേയുള്ളു ആ ഛത്തീസ്ഗഡുകാരന്. മലയാളി അന്നദാതാവെന്ന് സ്വന്തം നാട്ടില്‍ നമ്മുടെ ഭായിമാര്‍ വിളിച്ചുപോന്നിടത്ത്, നമ്മളിലൊരുവനെ പൈശാചികമായി കൊന്ന മനുഷ്യരുള്ള നാടെന്നും അവരവിടെ ഇന്നലെമുതല്‍ പറയുന്നുണ്ടാകും. സ്ത്രീകളടക്കം പ്രതികളുണ്ട്. പലരും നാടുവിട്ടു. കിട്ടിയ അഞ്ചുപേരില്‍ നാലുപേര്‍ ആര്‍എസ്എസ് അനുഭാവികളാണ്. ഒരാള്‍ സിഐടിയുക്കാരനെന്നും പൊലീസ് പറയുന്നു. എന്തധികാരമാണ് ഒരാളുടെ മേല്‍ കൈവയ്ക്കാന്‍ നമുക്കുള്ളത്? ഉത്തരേന്ത്യയില്‍ കണ്ടുപരിചയമുള്ള വിദ്വേഷരാഷ്ട്രീയത്തിന്റെ കേരള പതിപ്പോ വാളയാറില്‍ കണ്ടത്?