ആലപ്പുഴ കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ താഴ്ത്തിയ പ്രതിക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. രണ്ടാം പ്രതിയുടെ ശിക്ഷ പിന്നീട് വിധിക്കുമെന്നാണ് കോടതി അറിയിച്ചത്. പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്‍റെ ഭാര്യ മുപ്പത്തിരണ്ടുകാരി അനിതയാണ് 2021 ജൂലൈ 9ന് കൊല്ലപ്പെടുന്നത്. ജൂലൈ 10ന് രാത്രിയാണ് അനിതയുടെ മൃതദേഹം പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം ആറ്റിൽ കണ്ടെത്തുന്നത്. നെടുമുടി പൊലീസ് അജ്ഞാത മൃതദേഹമായി കണക്കാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് ആദ്യം മാറ്റി. അനിതയുടെ ഫോട്ടോ സമൂഹമാധ്യമത്തിലൂടെ സഹോദരൻ പിന്നീട് തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം കഴിഞ്ഞതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. നെടുമുടി പൊലിസ് ഇൻസ്പക്ടറായിരുന്ന എ.വി. ബിജു ആണ് അന്ന് കേസ് അന്വേഷിച്ചത്. 

അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദൻ, പ്രബീഷിനൊപ്പം കഴിഞ്ഞിരുന്ന കൈനകരി തോട്ടുവാത്തല പതിശേരിൽ രജനി എന്നിവരെ ആദ്യഘട്ടത്തില്‍ തന്നെ അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ സമൂഹമാധ്യമത്തിലൂടെയാണ് പ്രബീഷ് പരിചയപ്പെടുന്നത്. ഡ്രൈവറായ പ്രബീഷ് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. ആറ് മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭർത്താവുമായി പ്രശ്നമുണ്ടായതിനെത്തുടർന്ന് ഒറ്റയ്ക്ക് കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. അനിത ആ സമയത്തു പാലക്കാട്ട് ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്നു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനിതയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നും പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്. 

കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ ജൂലൈ 9ന് വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. രജനിയുടെ വീട്ടിൽ വച്ച് പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. വീടിനു സമീപത്തെ നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങി. വെള്ളത്തിൽ വീണശേഷമാണ് അനിത മരിക്കുന്നത്. മരണം കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായ ശേഷം അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. 

വലിയ പദ്ധതിയും ഈ കൊലപാതകത്തില്‍ പ്രതികള്‍ എടുത്തിരുന്നു. രണ്ടാംപ്രതി രജനി മാതൃകയാക്കിയത് സ്വന്തം സഹോദരന്‍റെ മരണമായിരുന്നു. രജനിയുടെ സഹോദരന്‍ കായലില്‍ മുങ്ങി മരിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം കായലില്‍ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്ക് ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കുമെന്നായിരുന്നു പ്രതികൾ കരുതിയത്. എന്നാൽ, മഴയും തോട്ടിലെ ഒഴുക്കും കാരണം പദ്ധതി അപ്പാടെ പൊളിഞ്ഞു.കൈനകരിയിൽ ഈ കൊലപാതകത്തില്‍ പ്രതിക്ക് ഇന്ന് വധശിക്ഷ വിധിച്ചിരിക്കുകയാണ്. രണ്ടാം പ്രതിയായ രജനിയുടെ  ശിക്ഷ പിന്നീട് വിധിക്കും. രജനി ലഹരിക്കടത്ത് കേസിൽ ഒഡീഷയിൽ ജയിലിൽ കഴിയുകയാണ്. ഇവരെ ആലപ്പുഴ ജയിലിൽ ഹാജരാക്കുന്ന ദിവസം ശിക്ഷ വിധിക്കും. അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എൻ. ബി. ശാരി ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ENGLISH SUMMARY:

The Alappuzha court has awarded the death sentence to Prabeesh Sadanandan, the first accused in the 2021 Kainakary murder case of Anitha, a pregnant woman. The victim was strangled after she demanded marriage. The accused attempted to stage the death as drowning in the backwaters. The sentencing for the second accused, Rajani, is pending.