ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച രാജ്യാന്തര ട്രൈബ്യൂണല്‍. കഴിഞ്ഞവര്‍ഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ ബംഗ്ലദേശില്‍ ഹസീന സര്‍ക്കാരിനെതിരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയ പൊലീസ് നടപടികളുടെ പേരിലായിരുന്നു വിചാരണ. ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുന്ന ഹസീനയ്ക്ക് മുന്നില്‍ ഇനി എന്താണ് വഴി?
1971ല്‍ ബംഗ്ലദേശ് സ്ഥാപിതമായതിനുശേഷം കണ്ട ഏറ്റവും വലിയ രക്തരൂക്ഷിത കലാപത്തിന്റെ ബാക്കിപത്രമാണ് ഷെയ്ഖ് ഹസീനയ്ക്ക് വിധിച്ച വധശിക്ഷ. ഷെയ്ഖ് ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണ.
ഒരു കാലഘട്ടം മുഴുവന്‍ രാജ്യത്തിന്റെ അഭിമാനമായി കരുതിയ അതേ വനിതയെ തൂക്കിലേറ്റണമെന്ന് ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ച ട്രൈബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നത് ബാലികേറാമലയാകുമെന്ന് നിലവിലെ ഇടക്കാല സര്‍ക്കാരിനറിയാം. പക്ഷേ, ഇനിയൊരിക്കലും ഹസീന ബംഗ്ലദേശ് കാണരുതെന്നാഗ്രഹിക്കുന്നവര്ക്ക് ഈ വിധിയല്ലാതെ വേറെ വഴിയില്ലെന്നുമറിയാം.