ആലപ്പുഴയിലെ സെബാസ്റ്റ്യനെ കുറിച്ച് പ്രേക്ഷകര്‍ക്ക് ഓര്‍മയുണ്ടാകും, ഓരോ കുറ്റകൃത്യങ്ങളും സസൂക്ഷ്മം ചെയ്യുന്ന കൊടും ക്രിമിനല്‍. പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്‍. 'പാലക്കാട്ട്' എന്നും വീട്ടുപേരുള്ളതിനാൽ  'പാലക്കാട്ട് അമ്മാവൻ' എന്നാണു സെബാസ്റ്റ്യനെ എല്ലാവരും വിളിച്ചിരുന്നത്. കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്ൻ മാത്യു, അതായത് ജെയ്നമ്മ തിരോധാനവുമായി ബന്ധപ്പെട്ടാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ അറസ്റ്റിലാകുന്നത്. അതോടെയാണ് ബിന്ദു പത്മനാഭനെ കാണാതായ കേസിന്റെ അന്വേഷണവും സജീവമാകുന്നത്. വ്യാജരേഖയുണ്ടാക്കി ബിന്ദു പത്മനാഭന്റെ സ്വത്തുക്കൾ തട്ടിയെടുത്ത കേസിൽ പ്രതിയാണ് സെബാസ്റ്റ്യൻ‍. ആദ്യം സ്റ്റേറ്റ് ക്രൈംബ്രാഞ്ച് വലിയ രീതിയില്‍ ചോദ്യം ചെയ്തെങ്കിലും സെബാസ്റ്റ്യന്‍ സഹകരിച്ചില്ല. നുണ പരിശോധന നടത്താനുള്ള അപേക്ഷയും അന്ന് കോടതി തടഞ്ഞു. പക്ഷെ, ബിന്ദു തിരോധാനത്തില്‍ സെബാസ്റ്റ്യനെതിരെ വലിയ സംശയങ്ങള്‍ പൊലീസിന് ഉണ്ടായിരുന്നു. പക്ഷെ, തെളിവുകള്‍ കണ്ടെത്താനായില്ല. കടക്കരപ്പള്ളി ആലുങ്കൽ പത്മ നിവാസിൽ അന്‍പത്തിരണ്ടുകാരി ബിന്ദു പത്മനാഭനെ 2006 മുതൽ തന്നെ കാണാതായിട്ടുണ്ടെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനമുണ്ടായത്. 

എന്നാൽ, പുറത്തറിഞ്ഞതു ബിന്ദുവിനെ കാണാനില്ലെന്നു 2017 സെപ്റ്റംബറിൽ സഹോദരൻ പ്രവീൺ പൊലീസിൽ പരാതി നൽകിയപ്പോൾ മാത്രമാണ്. 2003 മുതൽ ബിന്ദു സെബാസ്റ്റ്യനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും ബിന്ദു പലതവണ സെബാസ്റ്റ്യന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും മൊഴികളിലൂടെ ലഭിച്ചു. ബിന്ദുവിന്റെ പേരിലുള്ള ഇടപ്പള്ളിയിലെ ഭൂമി വ്യാജരേഖയുണ്ടാക്കി വിറ്റെന്ന കേസിലാണ് അന്ന് സെബാസ്റ്റ്യൻ പ്രതിയായത്.  വസ്തുക്കച്ചവടവും വാഹനക്കച്ചവടവും നടത്തിയിരുന്ന ആളായിരുന്നു സെബാസ്റ്റ്യന്‍. 

ആശ്രയമില്ലാത്തവരെയും ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളെയും പരിചയപ്പെട്ട്, വീടും സ്ഥലവും വിൽക്കാൻ സഹായിക്കാമെന്നു പറഞ്ഞ് കബളിപ്പിച്ചു പണം തട്ടിയിരുന്നതായിരുന്നു സെബാസ്റ്റ്യന്റെ രീതി.  

അത്രയും കാത്തിരുന്ന പ്ലാനോടെയാണ് സെബാസ്റ്റ്യന്റെ ക്രൂരകൃത്യങ്ങളെല്ലാം. ബിന്ദു പത്മനാഭൻ കേസിൽ 2017ൽ സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്ത സമയത്ത് സെബാസ്റ്റ്യനെ ജാമ്യത്തിൽ ഇറക്കാൻ ജെയ്നമ്മ എത്തിയെന്ന സൂചനകളും അന്ന് ലഭിച്ചു.  ബിന്ദുവിനെ കാണാതായതും സ്ഥലം കൈമാറിയതും ഒരേ കാലത്താണെന്നാണ് പൊലീസ് അന്ന് പറ​ഞ്ഞത്. സ്ഥലം കൈമാറ്റം ചെയ്ത കേസിൽ 13 പേരെയാണ് അറസ്റ്റ് ചെയ്തത്. അന്നു മുതൽ തന്നെ സെബാസ്റ്റ്യൻ‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും പലതവണ സെബാസ്റ്റ്യന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

സെബാസ്റ്റ്യന്റെ വീട് എടുത്തുപറയേണ്ടതാണ്. രണ്ടേക്കറില്‍ വിസ്തൃതിയുള്ള പറമ്പിലാണ് പള്ളിപ്പുറത്തെ വീട്. അതായത്, ഇടറോഡില്‍ നിന്ന് നൂറ് മീറ്ററോളം ഉള്ളില്‍. ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ സെബാസ്റ്റ്യൻ സംശയനിഴലിലായതോടെ നാട്ടുകാർ ഈ വീട്ടിലേക്കു പോകാതായി. സെബാസ്റ്റ്യനൊപ്പം ചിലപ്പോൾ സ്ത്രീകളും ഇവിടെ വരുന്നതു കണ്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അതിരമ്പുഴയിൽ നിന്നു കാണാതായ കാക്കനാട്ടുകാലായിൽ ജെയ്നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ്  ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ജെയ്നമ്മയുമായി പ്രതിക്കു മുൻപരിചയം ഉണ്ടായിരുന്നു.  ചേർത്തലയിലെ വീട്ടില്‍ മൃതദേഹാവശിഷ്ടങ്ങളുടെ കണ്ടെത്തുകയായിരുന്നു.  കത്തിച്ചശേഷം കുഴിച്ചിട്ട നിലയിൽ തലയോട്ടി, വാരിയെല്ലുകൾ, കാലിലെ എല്ലുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. 2024 ഡിസംബർ 23ന് ആണു ജെയ്നമ്മയെ കാണാതായത്. 

ജെയ്നമ്മയെ പള്ളിപ്പുറത്തെ വീട്ടില്‍ വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തിയത്. സെബാസ്റ്റ്യന്റെ സ്ഥിരം പ്ലാന്‍ അവിടെയും വര്‍ക്ക് ഔട്ട് ആക്കുകയായിരുന്നു. വീടിന്റെ സ്വീകരണമുറിയില്‍ നിന്ന് രക്തത്തുള്ളികളും കണ്ടെത്തി. മുറിച്ച മൃതദേഹഭാഗങ്ങള്‍ പല സ്ഥലത്തായി മറവു ചെയ്തെന്നാണ് ആദ്യനിഗമനം ഉണ്ടായത്. വീട്ടുവളപ്പില്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.  പക്ഷെ, അന്നും ബിന്ദു പത്മനാഭന്‍ കേസില്‍ തെളിവുകള്‍ കിട്ടിയിരുന്നില്ല. സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് കടക്കരപ്പള്ളി സ്വദേശി ശശികലയുടെ വെളിപ്പെടുത്തലാണ് പിന്നീട് വരുന്നത്. വാങ്ങണോ എന്ന് ഉടനെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും അവരെ നേരത്തേ തന്നെ 'നല്ല ആൺപിള്ളേർ കൊന്നു കളഞ്ഞു' എന്നും സെബാസ്റ്റ്യന്റെ ഒരു സുഹൃത്ത് തന്നോടു പറഞ്ഞിട്ടുണ്ടെന്നുമാണ് ശശികല അന്ന് പറഞ്ഞത്. 

ജെയ്നമ്മയുടെ തിരോധാനക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് പിന്നീട് ശ്രമിച്ചത്. പിന്നീടാണ് തെളിവുശേഖരണം തുടങ്ങിയത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.  ജെയ്നമ്മയെ കാണാതായ കേസിൽ  അറസ്റ്റിലായ സെബാസ്റ്റ്യൻ ഈ കേസിന്റെ  ചോദ്യം ചെയ്യലിനിടെയാണു ബിന്ദുവിനെ കൊലപ്പെടുത്തിയതായി അന്വേഷണസംഘത്തോട് വെളിപ്പെടുത്തുന്നത്.

അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി. 

ആ കൊലപാതകത്തിന് പിന്നിലും സെബാസ്റ്റ്യന് കൃത്യമായ പ്ലാനുണ്ടായിരുന്നു. അമ്പലപ്പുഴയിലെ ബിന്ദനുവിന്റെ സ്ഥലം വിറ്റപ്പോള്‍ കിട്ടിയ ഒന്നര ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു ആ കൊലപാതകം. കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നു. 

മൃതദേഹം കഷ്ണങ്ങളാക്കി പല സ്ഥലങ്ങളില്‍ കുഴിച്ചിട്ടു. മൃതദേഹാവശിഷ്ടങ്ങള്‍ ജീര്‍ണിച്ച ശേഷം അസ്ഥികള്‍ കുഴിച്ചെടുത്ത് കത്തിച്ചു. ചാരം പലയിടത്തായി കളഞ്ഞു. സെബാസ്റ്റ്യന്റെ മോഡസ് ഓപ്പറാണ്ടി തന്നെ കൊടുംക്രിമിനലിന്റേതായിരുന്നു. ക്രൈംബ്രാഞ്ച് സെബാസ്റ്റ്യന്റെ വിശദീകരണം കേട്ട് ഞെട്ടി.  കൊലപാതകത്തില്‍ നമ്മള്‍ നേരത്തെ പറ‍ഞ്ഞത് പോലെ പള്ളിപ്പുറത്തെ വീട്ടിന് വലിയ സ്ഥാനമുണ്ടായിരുന്നു.  പിന്നീട് കുറ്റസമ്മതം പ്രകാരം പള്ളിപ്പുറത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുത്തു. 

മാസങ്ങളുടെ വ്യത്യാസത്തിലാണ് കൊലപാതകം മുതല്‍ ചാരം ഉപേക്ഷിക്കല്‍ വരെ നടത്തിയതെന്ന്  പൊലീസിന് കണ്ടെത്താനായി. 

പക്ഷെ ബിന്ദു കൊല്ലപ്പെട്ടത് കാണാതായെന്ന് പറയുന്ന 2006ല്‍ തന്നെയാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.  പിന്നീട് മൂന്നാമത്തെ തിരോധാനക്കേസ് അതായത് ഐഷ തിരോധാനക്കേസിലും സെബാസ്റ്റ്യനെ പ്രതിയാക്കാന്‍ തീരുമാനിച്ചു. മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥയായിരുന്നു വാരനാട് സ്വദേശി അന്‍പത്തിയേഴുകാരി ഐഷ. ഹയറുമ്മ എന്നും ഐഷയെ വിളിക്കും. 13 വര്‍‌ഷം മുന്‍പാണ് ഐഷയെ കാണാതായത്. കൃത്യമായി പറഞ്ഞാല്‍ 2012 മേയ് 12ന്.  ഭൂമി ഇടപാടിനുള്ള പണവുമായി ഇവർ സെബാസ്റ്റ്യന്റെ വീട്ടിലേക്കാണ് അവസാനമായി പോയതെന്ന അയൽക്കാരിയുടെ സാക്ഷിമൊഴിയാണ് ഈ കേസിൽ വഴിത്തിരിവായത്. 

തലേന്നു സെബാസ്റ്റ്യൻ അവരെ മർദിക്കുന്നതു കണ്ടെന്നാണ് സുഹൃത്തായ അയൽവാസി പൊലീസിനു മൊഴി നൽകിയത്. ഈ സ്ത്രീയുടെ  വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് സമീപവാസികളായ അഞ്ച് പേരുടെ കൂടി മൊഴി എടുത്തു. ഐഷയും കൊല്ലപ്പെട്ടിരിക്കാമെന്ന സംശയം അതോടെയാണ് ശക്തിപ്പെടുന്നത്.   13 വര്‍ഷത്തിന് ശേഷമായത് കൊണ്ടുതന്നെ സങ്കീര്‍ണതകളും ഏറെയായിരുന്നു. ഇത്രയും വർഷം കഴിഞ്ഞതിനാൽ‍ ഫോൺ വിളിയുടെ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ ലഭിക്കുക അത്ര എളുപ്പമല്ല. ഐഷയുടെ പണവും സ്വർണവും തട്ടിയെടുക്കാൻ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയിരിക്കാം എന്നാണു പൊലീസിന് ആദ്യം ലഭിച്ച മൊഴി. രണ്ടുപേരുടെ തിരോധാനക്കേസിലും സെബാസ്റ്റ്യനെ ചോദ്യം ചെയ്തതിലൂടെ സെബാസ്റ്റ്യന്റെ ഒരു കോമണ്‍ പ്ലാനും എക്സിക്യൂഷനും അവര്‍ക്ക് കണ്ടെത്താന്‍ പാകത്തില്‍ എത്തിയിരുന്നു. 

പിന്നീട് ഐഷ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നു. സ്ഥലം വാങ്ങാന്‍ ഐഷ കുറച്ച് പണം സ്വരുക്കൂട്ടിയിരുന്നു. പണവും സ്വര്‍ണവും ആവശ്യമുള്ള സമയത്ത് തിരിച്ചുതരാം എന്നായിരുന്നു സെബാസ്റ്റ്യന്റെ വാഗ്ദാനം. വിശ്വാസമുള്ളത് കൊണ്ട് തന്നെ അവര്‍‌ പണം കൊടുക്കുന്നു. ആവശ്യം വന്ന സമയത്ത് അവര്‍ അത് തിരിച്ചുചോദിക്കുന്നു. അതോടെ കൊലപാതകം നടക്കുന്നു.  ഐഷയെ കാണാതായ 2012 മേയ് 13ന് തന്നെ കൊലപാതകം നടത്തിയെന്നാണ് പിന്നീട് കണ്ടെത്തിയത്. അന്ന് വൈകിട്ട് ആലപ്പുഴയിലേക്ക് എന്ന് പറഞ്ഞ് വാരനാട്ടെ വീട്ടില്‍ നിന്നിറങ്ങിയ ഐഷ തിരിച്ചെത്തിയില്ല. കാണാനില്ലെന്ന മകന്റെ പരാതിയില്‍ അന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

ജെയ്നമ്മയുടെ തിരോധാനക്കേസില്‍ ഒരുപക്ഷെ സെബാസ്റ്റ്യനെ പൂട്ടാന്‍ പറ്റിയില്ലായിരുന്നെങ്കില്‍ ബിന്ദു പത്മനാഭന്‍ കേസിലും ഐഷ കേസിലും ഒരു തുമ്പും ഉണ്ടാക്കാന്‍‌ അന്വേഷണസംഘത്തിന് പറ്റുമായിരുന്നില്ല.  ഐഷ കേസില്‍ പിന്നീട് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങി. പല സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. ആ ചോദ്യംചെയ്യലിലാണ് ഐഷയെയും കൊന്നത് സെബാസ്റ്റ്യന്‍ തന്നെയെന്ന് സ്ഥിരീകരിക്കാനായത്.  ഐഷ കേസ് അന്വേഷിക്കുന പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്ന ചേർത്തല പൊലീസ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിൻ്റെ നേതൃത്വത്തിൽ പലരീതിയിലും ചോദ്യം ചെയ്യല്‍ നടന്നിരുന്നു. അതിന് ശേഷമാണ് വെളിപ്പെടുത്തല്‍ വരുന്നത്. ഐഷയെയും കൊന്നതാണ്. 

ഈ കുറ്റസമ്മതത്തിലേക്ക് പൊലീസ് എത്തിയത് കുറേ സമയം എടുത്താണ്.  സെബാസ്റ്റ്യന്റെ പരിചയക്കാരിയായ നെടുമ്പ്രക്കാട് സ്വദേശിനി റോസമ്മയെയും സമീപവാസികളെയും സെബാസ്റ്റ്യനെയും ഒപ്പമിരുത്തി പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ മണിക്കൂറോളം ചോദ്യം ചെയ്ത‌ിരുന്നു.  അങ്ങനെയാണ് ഐഷയെ സെബാസ്റ്റ്യന്‍ പരിചയപ്പെട്ട രീതി അന്വേഷണസംഘത്തിന് കിട്ടിയത്. റോസമ്മ പതിവായി പള്ളിപ്പുറത്തെ വീട്ടില്‍ വരുന്ന ആളാണ്. ഐഷയുടെ പേരിലുളള സ്‌ഥലത്തി‌ന്റെ വിൽപനയുമായി ബന്ധപ്പെട്ട്  ഐഷയെ,സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് റോസമ്മ ആണെന്നും പൊലീസ് കണ്ടെത്തി. റോസമ്മയുടെ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. റോസമ്മയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. 2012 ലാണ് ഐഷയെ കാണാതായത്. ഓരോ കുറ്റകൃത്യങ്ങളും അതിന്റെ കൃത്യമായ ആസൂത്രണത്തോടെ, പ്ലാനോടെ നടപ്പാക്കുകയായിരുന്നു സെബാസ്റ്റ്യന്‍. പക്ഷെ, തിരോധാനങ്ങളില്‍ അയാള്‍ നടത്തിയ മോഡസ് ഓപ്പറാന്‍റി തന്നെ അയാളെ അഴിക്കുള്ളിലാക്കി. 

ENGLISH SUMMARY:

Sebastian, a notorious criminal from Alappuzha, is known for meticulously planning and executing his crimes. The investigation into Jainamma's murder led to the exposure of his involvement in the disappearances of Bindu Padmanabhan and Aisha, revealing a pattern of deceit and violence.