യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിച്ചില്ല. സംഘടനാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നിലായി 1,70,000 ഓളം വോട്ടുകള്‍ നേടി രണ്ടാമനായിരുന്നു അബിന്‍ വര്‍ക്കി. പക്ഷേ കാര്യമുണ്ടായില്ല. ഒന്നാമതെത്തിയയാള്‍ ഒഴിവാക്കപ്പെട്ടാല്‍ കൂടുതല്‍ വോട്ട് നേടിയ രണ്ടാമന്‍ അധ്യക്ഷനാവുക എന്ന, തിരഞ്ഞെടുപ്പിലെ സാമാന്യ ചട്ടം അട്ടിമറിക്കപ്പെട്ടു എന്ന അമര്‍ഷം അബിന്‍വര്‍ക്കിക്ക് മാത്രമല്ല, കോണ്‍ഗ്രസിലെ വിലയൊരു വിഭാഗത്തിനുണ്ട്. ഇപ്പോള്‍ അധ്യക്ഷനായി പ്രഖ്യാപിക്കപ്പെട്ട ഒ.ജെ.ജനീഷ് തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തായിരുന്നു എന്നതാണ് വസ്തുത.
ഇതാദ്യമായി സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന് വര്‍ക്കിങ് പ്രസിഡന്റിനെ തീരുമാനിച്ചപ്പോള്‍ ആ സ്ഥാനത്തും അബിന്‍ ഇല്ല. പകരം എത്തിയ ബിനു ചുള്ളിയില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്ത ആളാണ്. അപ്പോള്‍ രാഹുല്‍ ഗാന്ധി നടപ്പാക്കിയ സംഘടനാ തിരഞ്ഞെടുപ്പ് അട്ടിമക്കപ്പെട്ടോ എന്നതാണ് ചോദ്യം. സാമുദായിക സമവാക്യമാണ് പരിഗണിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്.
നയിക്കാന്‍ വേണ്ട യോഗ്യത സാമുദായിക സമവാക്യമാണോ എന്ന വിമര്‍ശനവും ഉണ്ട്. പരസ്യമായി സമ്മതിക്കാന്‍ കഴിയാത്ത ഗ്രൂപ്പ് താല്‍പര്യമോ, അതിനുമപ്പുറം പ്രമുഖരുടെ വ്യക്തിതാല്‍പര്യമോ ഇവിടെ നടപ്പാക്കപ്പെട്ടത് എന്ന ചോദ്യവും ഉയരുന്നു. ഏതായാലും, സ്വാഭാവികമായും ഉണ്ടാകാവുന്ന അതൃപ്തി അബിന്‍ വര്‍ക്കി പരസ്യമാക്കുക തന്നെ ചെയ്തു.