വിപഞ്ചിക, അതുല്യ, റീമ, നേഘ..... ചെറുത്തുനിന്നിട്ടുണ്ടാവണം മരണംവരെ. പക്ഷേ, മരണമെന്ന തോന്നലിനെ ചെറുത്തുതോല്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടുപോയവര്‍. വേട്ടക്കാര്‍ വീട്ടില്‍തന്നെയാകുമ്പോള്‍ തീയിലാണ് പെണ്‍ജീവിതങ്ങള്‍. അവര്‍ക്ക് പേരിലേ മാറ്റമുള്ളൂ. നിയമങ്ങളുണ്ട് നാട്ടില്‍. അതേകുറിച്ച് ബോധ്യമുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. എന്നിട്ടും ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി ദുരിതജീവിതത്തില്‍തുടര്‍ന്നവര്‍. ഒടുവില്‍ മരണംതിരഞ്ഞെടുത്തവര്‍. കിനാവില്ല, കണ്ണീരുമാത്രം. പരിചയമുള്ള വേട്ടക്കാരോട് ഗുഡ്ബൈ പറഞ്ഞ്, അവിടെനിന്ന് ഇറങ്ങിപ്പോകാന്‍ നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് ?
ഇന്ന് പാലക്കാട്ടുനിന്നൊരു അമ്മ നെഞ്ചുപൊട്ടിക്കരയുന്ന ദൃശ്യം കണ്ടു കേരളം. നാലഞ്ചുദിവസം മുന്‍പ് കണ്ണൂരില്‍നിന്നൊരച്ഛന്റെ വിലാപം. കൊല്ലത്തുനിന്ന് കുറേ വിലാപങ്ങള്‍... ഉള്ളിലടക്കിയ സങ്കടമത്രയും പുറത്തേക്ക് അണപൊട്ടിയൊഴുകുകയാണ്. മകളുടെ മരണമാണ് ഹേതു. ഭര്‍തൃവീടുകളിലെ പീഡനമാണ് അവരെ മരണത്തിലെത്തിച്ചതെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചുപറയുന്നുണ്ട്. അറിയാന്‍ വൈകിപ്പോയോ ? വീടുകളിലെ വേട്ടക്കാരെ കുറിച്ചാണ് ഇവര്‍ പറയുന്നത്. കിനാവുകണ്ട ജീവിതം ഭര്‍തൃവീടുകളിലോ, ഭര്‍ത്താക്കന്മാരാലോ നഷ്ടപ്പെടുമ്പോള്‍ പുഴയിലേക്ക് ചാടുക, ഒരു മുഴം കയറിലൊതുങ്ങുക. പെണ്‍ജീവിതങ്ങളുടെ ദുരിതക്കാഴ്ചകള്‍ കേരളം വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. ഷാര്‍ജയില്‍നിന്ന് നമ്മള്‍ കേട്ടത് കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണവാര്‍ത്ത. തൊട്ടുപിന്നാലെ അതേനാട്ടില്‍നിന്ന് അതുല്യ... അടുത്തദിവസങ്ങളില്‍ കണ്ണൂരിലെ വെങ്ങരയില്‍നിന്ന് റീമയുടെ. ഇന്നിതാ പാലക്കാട്ടെ ആലത്തൂരില്‍നിന്ന് നേഘയുടെ മരണം.... ചിലര്‍ ഒറ്റയ്ക്ക്. മറ്റുചിലര്‍ പൊന്നോമനയ്ക്കൊപ്പം. ഘാതകര്‍ക്ക് ഒരേമുഖമാണ്, സ്വന്തം ഭര്‍ത്താവിന്റെ മുഖം. കൂട്ടുപ്രതിയായി ഇടയ്ക്ക് ഭര്‍തൃമാതാവിന്റെ, ഭര്‍തൃസഹോദരിയുടെ മുഖങ്ങള്‍.