വിജയികളാണിവര്‍... കഠിനാധ്വാനത്തിലൂടെ, ആത്മസമര്‍പ്പണത്തിലൂടെ, വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യത്തിലേക്ക് വഴിവെട്ടിയ വിജയികള്‍. അവരുടെ വിജയനിമിഷം ഈ നാടിന്റെകൂടി ആഹ്ളാദവേളയായിരുന്നു. ആ സന്തോഷം ഉറ്റവര്‍ക്കൊപ്പം അവര്‍ പങ്കുവച്ചത് ഈ നാടിനോടായിരുന്നു. അഭിനന്ദനങ്ങളുമായി വിളിച്ചവരില്‍ മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍വരെയുണ്ടായിരുന്നു. ഒന്‍പത് ദിവസം മുന്‍പ് ഒന്നാംറാങ്കിന്റെ തിളക്കവുമായി നിന്ന മിടുക്കന്‍ പക്ഷെ ഇപ്പോള്‍ ഏഴാമതാവുന്നു.. ഒന്‍പത് ദിവസം മുന്‍പത്തെ അഞ്ചാം റാങ്കുകാരന്‍ ഒന്നാമനാവുന്നു.. റാങ്ക് പട്ടികയുടെ തലപ്പത്തെ ഈ തലപ്പാവുമാറ്റം ഒരു സൂചകം മാത്രമാണ്.. താഴേക്കെത്തിയാല്‍ ഈ പട്ടികയില്‍ ഇതുപോലെ ഒരുപാട് കുട്ടികളുടെ കണ്ണീരുകാണാം. ഒന്‍പത് ദിവസം മാത്രം ആയുസ്സുണ്ടായിരുന്ന ഒരു വിജയച്ചിരി ബാക്കിവച്ച വേദനകാണാം.. പുതിയ ജേതാക്കളുടെ ആനന്ദം കാണാം.